സുരേഷ് ഗോപി തൃശൂർ ‘എടുത്തു’; മുരളീധരനെ ‘ചതിച്ച് കൊന്നോ’?
text_fieldsതൃശൂർ: കഠിന പ്രയത്നത്തിനൊടുവിൽ സുരേഷ് ഗോപി തൃശൂർ ‘എടുത്തു’. സിറ്റിങ് സീറ്റിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കെ. മുരളീധരൻ എന്ന കരുത്തൻ ‘ബലിയാടായി’. സുരേഷ് ഗോപിയെ നേരിടാൻ കുറെക്കൂടി മികവുള്ള നേതാവ് വേണമെന്ന കോൺഗ്രസിലെ അവസാന മണിക്കൂർ തീരുമാനത്തിന്റെ പേരിൽ സിറ്റിങ് സീറ്റായ വടകര ഉപേക്ഷിച്ച് തൃശൂരിൽ ചേക്കേറേണ്ടിവന്ന മുരളീധരനെ ‘ചതിച്ച് കൊന്നതോ’ എന്ന സംശയം ജനിപ്പിക്കുന്നതാണ് വോട്ടുകണക്ക്. കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബി.ജെ.പിക്കാരനായി സുരേഷ് ഗോപി മാറുമ്പോൾ ഇന്നോളം പരാജയമറിയാത്ത സി.പി.ഐയുടെ വി.എസ്. സുനിൽകുമാറിനും എൽ.ഡി.എഫിനും വോട്ടുനില മെച്ചപ്പെട്ടിട്ടും ഏഴ് നിയമസഭ മണ്ഡലത്തിലും പിന്നിലായത് കനത്ത തിരിച്ചടിയും ക്ഷീണവുമാണ്. കരുവന്നൂർ അടക്കമുള്ള കേസുകളിൽനിന്ന് രക്ഷപ്പെടാൻ സി.പി.എം ബി.ജെ.പിയുമായി ഡീൽ ഉണ്ടാക്കിയെന്നും തൃശൂരിൽ സി.പി.ഐ സ്ഥാനാർഥിയെ വഞ്ചിച്ച് സി.പി.എമ്മിന്റെ കേഡർ വോട്ടുകൾ ബി.ജെ.പിക്ക് മറിക്കുമെന്നും തുടക്കം മുതൽ കോൺഗ്രസും മുരളീധരനും ഉന്നയിച്ച ആരോപണത്തെ തിരിഞ്ഞുകൊത്തുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് ആരോപിച്ച ഡീൽ പ്രകടമായില്ലെന്ന് മാത്രമല്ല, സ്വന്തം ക്യാമ്പിലെ വോട്ട് കുത്തിയൊലിച്ചുപോയതും അത്രതന്നെ വോട്ട് ബി.ജെ.പിക്ക് കൂടിയതും എങ്ങനെ ന്യായീകരിക്കുമെന്നാണ് ഇനി കാണേണ്ടത്.
2019ൽ സി.പി.ഐയുടെ രാജാജി മാത്യു തോമസ് 3,21,456 വോട്ട് നേടിയ സ്ഥാനത്ത് ഇത്തവണ വി.എസ്. സുനിൽകുമാറിന് 3,37,652 വോട്ടാണ് കിട്ടിയത് -16,196 വോട്ട് കൂടുതൽ. 2019ൽ 2,93,822 വോട്ട് കിട്ടിയ സുരേഷ് ഗോപിക്ക് ഇത്തവണ ലഭിച്ച 4,12,338 വോട്ട് -1,18,516 വോട്ട് അധികരിച്ചു. കോൺഗ്രസിലെ ടി.എൻ. പ്രതാപന് 2019ൽ 4,15,089 വോട്ടായിരുന്നു. അന്ന് 93,633 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പ്രതാപൻ ജയിച്ചത്. ഇത്തവണ മുരളീധരന് കിട്ടിയത് 3,28,124 വോട്ട് -86,965 വോട്ടിന്റെ കുറവ്. കോൺഗ്രസിന്റെ നഷ്ടമാണ് ബി.ജെ.പിക്ക് നേട്ടമായത് എന്ന വ്യാഖ്യാനത്തിലേക്ക് വഴിതുറക്കുന്നതാണ് ഈ ഇടിവ്. പുതിയ വോട്ടുകൾ ചേർത്തതിന്റെ കണക്കുകൂടിയാകുമ്പോൾ ആഘാതം വീണ്ടും കൂടും.
സംസ്ഥാനത്ത് യു.ഡി.എഫ് നേടിയ മികച്ച ജയത്തെ നിഷ്പ്രഭമാക്കുന്നതാണ് തൃശൂരിലെ കനത്ത തോൽവി. അതിലുപരി, വരുംദിനങ്ങളിൽ സംസ്ഥാന കോൺഗ്രസിൽ സാരമായ പൊട്ടിത്തെറികൾക്ക് വഴിവെക്കാൻ പാകത്തിൽ കെ. മുരളീധരനെന്ന ഒന്നാം നമ്പർ നേതാവിനാണ് ഈ തിരിച്ചടിയുണ്ടായത്. കേഡർ വോട്ടുകളിൽ ഒരു കുറവും വന്നിട്ടില്ലെന്ന് എൽ.ഡി.എഫിന് പറഞ്ഞുനിൽക്കാം. എങ്കിലും പുതിയ വോട്ടുകൾ ചേർത്തതിന്റെ കണക്കിനൊത്ത് വോട്ട് കൂടിയിട്ടുണ്ടോ എന്ന പരിശോധന എൽ.ഡി.എഫിനും തലവേദനയാണ്. തൃശൂർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട ഏഴ് നിയമസഭ മണ്ഡലവും പ്രതിനിധാനം ചെയ്യുന്ന എൽ.ഡി.എഫ്, ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ ഏഴിടത്തും പിന്നിൽ പോയി. ഗുരുവായൂരിൽ യു.ഡി.എഫാണ് മുന്നിലെങ്കിൽ ബാക്കി ആറ് മണ്ഡലത്തിലും ബി.ജെ.പി ഒന്നാം സ്ഥാനത്തെത്തി. ഇത് അടുത്ത വർഷങ്ങളിൽ വരാനിരിക്കുന്ന തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനും ഒപ്പം യു.ഡി.എഫിനും വെല്ലുവിളിയാണ്. അതോടൊപ്പം, പ്രചാരണകാലത്ത് ഉയർന്ന ‘ഡീൽ’ പോലുള്ള ആരോപണങ്ങളിൽ കഴമ്പുണ്ടോ എന്ന പരിശോധന സി.പി.ഐയും നടത്തിയേക്കാം.
കോൺഗ്രസ് ക്യാമ്പിന്റെ വോട്ടുനഷ്ടം പാർട്ടി വോട്ടിന്റെ ചോർച്ച മാത്രമായി കാണാനാവില്ല. തൃശൂർ ലോക്സഭ മണ്ഡലത്തിൽ മുൻകാലങ്ങളിൽ കോൺഗ്രസിന് അനുകൂലമായിരുന്ന പ്രബല വിഭാഗത്തിന്റെ വോട്ട് ഇത്തവണ യു.ഡി.എഫിനും എൽ.ഡി.എഫിനും അനുകൂലമാവില്ലെന്ന തോന്നൽ പോളിങ്ങിനോട് അടുത്ത ദിവസങ്ങളിൽ കോൺഗ്രസ് ക്യാമ്പിലുണ്ടായിരുന്നു. അതിൽ നല്ലൊരു പങ്ക് ബി.ജെ.പിക്ക് ലഭിച്ചെന്ന നിഗമനത്തിലാണ് പാർട്ടിയുമായി ബന്ധപ്പെട്ട ചിലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.