ഹേമ കമ്മിറ്റി റിപ്പോർട്ട്: നടപടിയെന്ത്?
text_fieldsതിരുവനന്തപുരം: സിനിമ മേഖലയിലെ അപചയങ്ങൾ പരിഹരിക്കുന്നതിനായി ഹേമ കമ്മിറ്റി രൂപവത്കരിച്ച സർക്കാർ, നാലര വർഷം കഴിഞ്ഞിട്ടും കമ്മിറ്റി ചൂണ്ടിക്കാണിച്ച പ്രധാന പ്രശ്നങ്ങളിൽ ഒന്നിൽപോലും പരിഹാരം കണ്ടില്ല. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിന് വിരമിച്ച വനിത ജഡ്ജി അധ്യക്ഷയായ ഒരു ട്രൈബ്യൂണലും പ്രത്യേക നിയമവും വേണമെന്ന് ആവശ്യപ്പെട്ടിട്ടും കാര്യമായ നടപടി സാംസ്കാരിക വകുപ്പ് സ്വീകരിച്ചിട്ടില്ല.
ഷൂട്ടിങ് ലൊക്കേഷനുകളിൽ വനിതകളായ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് മൂത്രമൊഴിക്കാനുള്ള സംവിധാനംപോലും നിർമാതാക്കൾ ഒരുക്കാറില്ലെന്നും ഇതിനെത്തുടർന്ന് പലരും 12 മണിക്കൂർ വെള്ളം കുടിക്കാതെയാണ് ജോലി ചെയ്യുന്നതെന്നും കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു മറികടക്കാൻ ഔട്ട് ഡോർ ഷൂട്ടിങ് സെറ്റുകളിൽ ഇ-ടോയ്െലറ്റ് സംവിധാനം നടപ്പാക്കണമെന്നും കമീഷൻ ശിപാർശ ചെയ്തിരുന്നെങ്കിലും നടപടി ഉണ്ടായില്ല.
പ്രമുഖതാരങ്ങൾ ഒഴികെ ആർട്ടിസ്റ്റുകൾക്കും ടെക്നീഷ്യന്മാർക്കും കൃത്യമായ വേതനം ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരുന്നു. രേഖാമൂലമല്ല ഇവരിൽ പലരും സിനിമയിൽ ജോലി ചെയ്യുന്നത്. ഒരു രേഖയും ഇല്ലാത്തതിനാൽ പലർക്കും ജോലി കഴിഞ്ഞ് പറഞ്ഞുറപ്പിച്ച ശമ്പളം പോലും നിർമാതാക്കൾ നൽകാറില്ല. ജൂനിയർ ആർട്ടിസ്റ്റുകളിൽ ഒരേ ജോലി ഒരേ സമയത്ത് നിർവഹിച്ച വനിതകളിൽ പലർക്കും വ്യത്യസ്ത ശമ്പളമാണ് നൽകിയത്. ഇതിന്റെ ചെക്കുകൾ സർക്കാറിന് മുന്നിൽ കമീഷൻ ഹാജരാക്കി. എന്നിട്ടും തുല്യവേതനം ഉറപ്പാക്കാൻ ഒരു നടപടിയും സർക്കാർ സ്വീകരിച്ചില്ല.
സ്ത്രീകൾക്ക് സുരക്ഷിത താമസ സൗകര്യവും, തൊഴിൽ സുരക്ഷിതത്വവും അനധികൃത വിലക്കും ഒഴിവാക്കാൻ നടപടി വേണമെന്ന് കമ്മിറ്റി ശിപാർശ ചെയ്തെങ്കിലും സാംസ്കാരിക വകുപ്പ് അനങ്ങിയില്ല. ഒടുവിൽ കമ്മിറ്റി റിപ്പോർട്ട് മാധ്യമങ്ങളിലൂടെ പുറത്തുവരുകയും ശിപാർശകൾ പരസ്യമാവുകയും ചെയ്തതോടെയാണ് രണ്ടു മാസത്തിനുള്ളിൽ കൊച്ചിയിൽ സിനിമ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ഇതുവഴി കരട് നയരേഖ തയാറാക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
നിയമോപദേശം തേടി സർക്കാർ
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേലുള്ള തുടർ നടപടികൾ സംബന്ധിച്ച് നിയമോപദേശം തേടി സർക്കാർ. റിപ്പോർട്ട് ഭാഗികമായി പുറത്തുവിട്ട സാഹചര്യത്തിലാണ് രേഖാമൂലമല്ലെങ്കിലും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്ന് സർക്കാറിലെ മുതിർന്ന ഉദ്യോഗസ്ഥൻ നിയമോപദേശം തേടിയത്. റിപ്പോർട്ട് പൂർണമായും പുറത്തു വിടണമെന്നും പോക്സോ അടക്കം പീഡനങ്ങൾ വെളിപ്പെട്ട സാഹചര്യത്തിൽ കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്നുമുള്ള ആവശ്യം ശക്തമാകുന്ന സാഹചര്യത്തിലാണ് നടപടി. സാക്ഷി മൊഴികളിൽ കുറ്റക്കാരെന്ന് പരാമർശിക്കുന്നവർക്കെതിരെ നേരിട്ട് കേസിന് ശിപാർശ ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നാണ് അറിയുന്നത്. വ്യക്തികൾക്ക് പരാതി നൽകാനോ കോടതിയെ സമീപിക്കാനോ സാധ്യമാകും വിധം റിപ്പോർട്ട് പുറത്തു വിടാനുള്ള ആലോചനയാണ് നടത്തുന്നത്. റിപ്പോർട്ട് പുറത്തു വിടാതെ തന്നെ പൊലീസ് മേധാവിക്ക് സമർപ്പിച്ച് ആവശ്യമെങ്കിൽ നടപടിക്ക് നിർദേശിക്കാനുള്ള നീക്കവുമുണ്ട്. വൈകാതെ രേഖാമൂലം നിയമോപദേശം തേടാനും സർക്കാർ ഒരുങ്ങുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.