ഇഫ്താറിന്റെ അർഥം അറിയാത്ത കെ.വി തോമസിന് എന്ത് മറുപടിയെന്ന് വി.ഡി. സതീശൻ
text_fieldsതിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തിൽ പങ്കെടുത്തതിനെ വിമർശിച്ച കെ.വി തോമസിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇഫ്താര്‍ സംഗമത്തിന്റെ അര്‍ഥമോ ലക്ഷ്യമോ അറിയാത്ത കെ.വി തോമസിന് എന്ത് മറുപടി നല്‍കാനാണെന്ന് സതീശൻ ചോദിച്ചു. ഇഫ്താര്‍ സംഗമം നടത്താന്‍ പാര്‍ട്ടി വിലക്കൊന്നും ഉണ്ടായിരുന്നില്ല. പാര്‍ട്ടി നേതാക്കള്‍ക്കൊപ്പമാണ് ഇഫ്താര്‍ നടത്തിയത്. പ്രതിപക്ഷ നേതാവല്ല പാര്‍ട്ടിയാണ് ഇഫ്താറിന് ആതിഥേയത്വം വഹിച്ചതെന്നും സതീശൻ വ്യക്തമാക്കി.
കെ.പി.സി.സി അധ്യക്ഷനും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള എല്ലാ നേതാക്കളും ഒന്നിച്ചിരുന്നാണ് ഇഫ്താര്‍ സംഗമം നടത്തിയത്. പാര്‍ട്ടി വിലക്കുണ്ടായിരുന്നെങ്കില്‍ ഇഫ്താര്‍ നടത്തില്ലായിരുന്നു. പാര്‍ട്ടിയും ജനങ്ങളും ആദരിക്കുന്ന കെ. കരുണാകരന്‍ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് ആരംഭിച്ചതും രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ തുടര്‍ന്നതുമായ ഇഫ്താറാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവും നടത്തിയത്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെ ഏതെങ്കിലും ഒരു പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ ഇഫ്താര്‍ ബഹിഷ്‌ക്കരിച്ചിട്ടില്ല. വര്‍ഗീയ സംഘര്‍ഷങ്ങളും വെറുപ്പും വളരുന്ന കാലത്ത് എല്ലാവരെയും ഒരു വേദിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് വലിയ കാര്യമാണ്. ഇഫ്താറിന്റെ അർഥം അറിയാത്തവര്‍ പുലമ്പുമ്പോള്‍ എന്തു മറുപടിയാണ് പറയേണ്ടതെന്നും സതീശൻ പറഞ്ഞു.
കെ.വി തോമസുമായി പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ഉള്‍പ്പെടെ എല്ലാവരും ചര്‍ച്ച നടത്തിയിരുന്നു. പാര്‍ട്ടി വിലക്ക് ലംഘിച്ച് പോകില്ലെന്ന ഉറപ്പാണ് അദ്ദേഹം എല്ലാവര്‍ക്കും നല്‍കിയിരുന്നത്. കെ.വി തോമസിനെതിരായ പരാതി എ.ഐ.സി.സി അച്ചടക്ക സമിതി പരിശോധിച്ച് വരികയാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.