സിദ്ദീഖ് കാപ്പന്‍റെ തടങ്കൽ: യോഗിയും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസം ? -നജീബ് കാന്തപുരം
text_fieldsതിരുവനന്തപുരം: യു.പി പൊലീസ് അന്യായമായി അറസ്റ്റ് ചെയ്ത് ഒരുവർഷമായി തുറങ്കിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്‍റെ വിഷയം കേരള നിയമസഭയിൽ ചർച്ച ചെയ്യാൻ അനുമതി നിഷേധിച്ചതിനെതിരെ രൂക്ഷ പ്രതികരണവുമായി പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരം. പ്രസ്തുത വിഷയം ചർച്ച ചെയ്യുന്നത് പോലും നിങ്ങൾക്ക് അസഹ്യമാണെങ്കിൽ യോഗിയും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസമെന്ന് അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ ചോദിച്ചു.
'ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി അകത്തായപ്പോൾ അദ്ദേഹത്തെ രക്ഷിക്കാൻ യു.എ.ഇ സർക്കാറിൽ പോലും സമ്മർദ്ദം ചെലുത്തിയ പിണറായി, സിദ്ദീഖ് കാപ്പനു വേണ്ടി ചെറുവിരൽ അനക്കിയില്ല. എന്നു മാത്രമല്ല കാപ്പന്റെ ഭാര്യയുടെ കണ്ണീരിനു ഒരു വിലയും നൽകിയില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം സബ്മിഷനായി കൊണ്ട് വരാൻ നിരന്തരമായി ഞാൻ ശ്രമിച്ചു. സ്പീക്കറുടെ ഓഫിസുമായി നിരന്തരം ബന്ധപ്പെട്ടു. സഭ അവസാനിക്കുന്നതിനു തൊട്ട് മുമ്പ് വീണ്ടും ശ്രമിച്ചു. അതുമാത്രം അനുവദിക്കപ്പെട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയില്ലെന്നാണ് ഒടുവിലത്തെ വിശദീകരണം.
മുഖ്യമന്ത്രിയുടെ ഓഫിസ് ആരുടെ കൈയിലാണെന്ന് തിരിച്ചറിയാൻ ഇതിലും വലിയ അനുഭവം ഇനി വേണ്ട'' -അദ്ദേഹം പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്‍റെ പൂർണരൂപം:
സിദ്ദീഖ് കാപ്പനെ ആർക്കാണ് പേടി?
മലയാളിയായ ഒരു മാധ്യമ പ്രവർത്തകൻ ഒരു വർഷമായി വിചാരണ പോലുമില്ലാതെ യു.പി പോലീസിന്റെ കള്ളക്കേസിൽ ജയിലിനകത്താണ്. നീതിക്ക് വേണ്ടി വലിയ മുറവിളികളുയർന്നിട്ടും കേരളത്തിലെ മാധ്യമ പ്രവർത്തകർ ഒന്നിച്ച് ശ്രമിച്ചിട്ടും യോഗിയുടെ ഫാസിസ്റ്റ് സർക്കാർ ഒരു അയവും വരുത്തിയില്ല. മാത്രമല്ല രോഗിയായ കാപ്പനെ മനുഷ്യത്വ രഹിതമായി പീഢിപ്പിക്കുകയാണ്.
എന്നാൽ എന്നെ അൽഭുതപ്പെടുത്തിയത് പിണറായി സർക്കാറിന്റെ നിലപാടാണ്. ഒരു ചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളി അകത്തായപ്പോൾ അദ്ദേഹത്തെ രക്ഷിക്കാൻ യു.എ.ഇ സർക്കാറിൽ പോലും സമ്മർദ്ദം ചെലുത്തിയ പിണറായി സിദ്ദീഖ് കാപ്പനു വേണ്ടി ചെറുവിരൽ അനക്കിയില്ലെന്ന് മാത്രമല്ല കാപ്പന്റെ ഭാര്യയുടെ കണ്ണീരിനു ഒരു വിലയും നൽകിയില്ല.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ ഈ വിഷയം സബ്മിഷനായി കൊണ്ട് വരാൻ നിരന്തരമായി ഞാൻ ശ്രമിച്ചു. സ്പീക്കറുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെട്ടു. സഭ അവസാനിക്കുന്നതിനു തൊട്ട് മുമ്പ് വീണ്ടും ശ്രമിച്ചു. അതുമാത്രം അനുവദിക്കപ്പെട്ടില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അനുമതിയില്ലെന്നാണ് ഒടുവിലത്തെ വിശദീകരണം.
മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെ കയ്യിലാണെന്ന് തിരിച്ചറിയാൻ ഇതിലും വലിയ അനുഭവം ഇനി വേണ്ട.
കാപ്പന്റെ വിഷയം കേരള നിയമസഭ ചർച്ച ചെയ്യുന്നത് പോലും നിങ്ങൾക്ക് അസഹ്യമാണെങ്കിൽ യോഗിയും പിണറായിയും തമ്മിൽ എന്താണ് വ്യത്യാസം ?
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.