ഇത് എന്ത് തരം പോലീസിംഗാണ്?, ഇത് എന്തൊരനീതിയാണ്?; എം.എസ്.എഫ് പ്രവർത്തകരെ കയ്യാമംവെച്ച് അറസ്റ്റ് ചെയ്ത നടപടിയിൽ ആഞ്ഞടിച്ച് വി.ടി.ബൽറാം
text_fieldsകോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് ദൗർലഭ്യം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് വിദ്യാഭ്യാസ മന്ത്രിക്ക് നേരെ കരിങ്കൊടികാണിച്ച എം.എസ്.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് കയ്യാമം വെച്ച് കൊണ്ടുപോയ നടപടിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് വി.ടി.ബൽറാം.
വ്യാജ പ്രവൃത്തി പരിചയ രേഖയും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമൊക്കെ നിർമിച്ച് കടുത്ത നിയമലംഘനങ്ങൾ നടത്തുന്ന എസ്.എഫ്.ഐയിലെ സാമൂഹ്യവിരുദ്ധർക്ക് നേരെയില്ലാത്ത കാർക്കശ്യം വിദ്യാർഥികൾക്ക് വേണ്ടി പ്രതിഷേധമുയർത്തിയവർക്കെതിരെ പിണറായി പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത് എങ്ങനെയാണ് ഈ കേരളത്തിന് കണ്ടുനിൽക്കാനാവുന്നതെന്നും ബൽറാം ഫെയ്സ് ബുക്കിൽ കുറിച്ചു.
കൊയിലാണ്ടിയിലാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിക്ക് നേരെ എം.എസ്.എഫ് പ്രവര്‍ത്തകരുടെ കരങ്കൊടി പ്രതിഷേധം നടന്നത്. ജില്ലാ പ്രസിഡന്റ്, ടി.ടി. അഫ്രിന്‍ മണ്ഡലം സെക്രട്ടറി ഫസീഹ് എന്നിവരാണ് അറസ്റ്റിലായത്.
വി.ടി.ബൽറാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:-
"മലബാറിലെ പ്ലസ് വൺ സീറ്റ് ദൗർലഭ്യം പരിഹരിക്കാൻ ഇത്തവണയും സർക്കാർ തലത്തിൽ കാര്യമായ നടപടികളൊന്നും ഉണ്ടാവുന്നില്ല. പാലക്കാട് മുതൽ കാസർക്കോട് വരെയുള്ള 7 ജില്ലകളിലും സീറ്റുകൾ കുറവാണ്. ആവശ്യത്തിനുള്ള പുതിയ പ്ലസ് വൺ ബാച്ചുകൾ സർക്കാർ സ്കൂളുകളിലെങ്കിലും അനുവദിക്കുക എന്നത് മാത്രമാണ് ശരിയായ പരിഹാരം. പകരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്നുവരുന്നത് 50 കുട്ടികൾ ഇരിക്കേണ്ട ക്ലാസുകളിൽ 60ഉം 65ഉം കുട്ടികളെ കുത്തിനിറച്ച് ഇരുത്താൻ അനുവദിക്കുക എന്നതാണ്. കുട്ടികൾ ഇല്ലാതെ ബാച്ചുകൾ ഒഴിഞ്ഞു കിടക്കുന്ന ഇടങ്ങളിൽ നിന്ന് മലബാറിലേക്ക് ബാച്ചുകൾ മാറ്റുന്നത് നാമമാത്രമായിട്ടാണ്. പ്രശ്നം പരിഹരിച്ചു എന്ന് സർക്കാർ ഓരോ വർഷവും കപട അവകാശവാദമാണ് ഉന്നയിക്കാറുള്ളത്.
ഈ പ്രശ്നമുന്നയിച്ചുകൊണ്ട് വിദ്യാഭ്യാസ മന്ത്രിക്ക് നേരെ പ്രതിഷേധിച്ച എം എസ് എഫുകാരായ രണ്ട് വിദ്യാർത്ഥി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന ചിത്രമാണിത്. കൊടും ക്രിമിനലുകളെ കൈകാര്യം ചെയ്യുന്ന രീതിയിൽ കയ്യാമം വെച്ചുകൊണ്ടാണ് ടി.ടി.അഫ്രീൻ, ഫസീഹ് എന്നീ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ പോലീസ് നടത്തിക്കുന്നത്.
ഇത് എന്ത് തരം പോലീസിംഗാണ്?
ഇത് എന്തൊരനീതിയാണ്?
വ്യാജ പ്രവൃത്തി പരിചയ രേഖയും വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റുമൊക്കെ നിർമ്മിച്ച് കടുത്ത നിയമലംഘനങ്ങൾ നടത്തുന്ന എസ്എഫ്ഐയിലെ സാമൂഹ്യവിരുദ്ധർക്ക് നേരെയില്ലാത്ത കാർക്കശ്യം വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതിഷേധമുയർത്തിയ പ്രതിപക്ഷ സംഘടനാ പ്രവർത്തകർക്കെതിരെ പിണറായി പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത് എങ്ങനെയാണ് ഈ കേരളത്തിന് കണ്ടുനിൽക്കാനാവുന്നത്?"
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.