എതിർക്കേണ്ടതിനെ അതേസമയത്ത് എതിർക്കണം -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: കലാപങ്ങൾ നടക്കുമ്പോൾ മൗനം പാലിച്ചശേഷം പിന്നീട് ഭാവിയെക്കുറിച്ച് വീമ്പുപറഞ്ഞിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തേ ഗുജറാത്തിൽ നടന്നത് ഇപ്പോൾ മണിപ്പൂരിൽ ആവർത്തിക്കുകയാണ്. എതിർക്കേണ്ടതിനെ എതിർക്കേണ്ട സമയത്ത് എതിർക്കണം -മുഖ്യമന്ത്രി പറഞ്ഞു. പി.എസ്.സി എംപ്ലോയീസ് യൂനിയൻ സുവർണ ജൂബിലി സംസ്ഥാന സമ്മേളനം എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മതേതര സങ്കൽപത്തെ മതരാഷ്ട്ര സങ്കൽപംകൊണ്ട് പകരം വെക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കേന്ദ്ര സർക്കാർതന്നെ മതരാഷ്ട്രവാദത്തിലൂന്നിയ കൂടുതൽ നടപടികളിലേക്ക് കടക്കുന്നു. അധികാര ദുർവിനിയോഗത്തിലൂടെ സംഘ്പരിവാർ തനിനിറം തുറന്നുകാട്ടാൻ ഒരുങ്ങുകയാണ്. സംഘ്പരിവാറിന് തങ്ങളുടെ എല്ലാ കാര്യങ്ങളും നടത്താൻ കഴിയുന്ന നില വന്നാൽ രാജ്യത്തിന്റെ അവസ്ഥ എന്താകും? രാഷ്ട്ര സംവിധാനത്തെതന്നെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണ് ഒരു ഭാഷ, ഒരു നികുതി, ഒരു വ്യക്തി നിയമം, ഒരു തെരഞ്ഞെടുപ്പ് എന്നീ മുദ്രാവാക്യങ്ങളുയർത്തുന്നത്. പ്രതിലോമ രാഷ്ട്രീയത്തെ ചെറുത്തുതോൽപിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്.
കേന്ദ്രസർവിസിലും പൊതുമേഖലയിലുമായി 10 ലക്ഷം ഒഴിവുകളാണ് നികത്താതെയുള്ളത്. അപ്പോഴാണ് റിക്രൂട്ട്മെൻറ് ബോർഡ് വഴി നടത്തിയ നാമമാത്ര നിയമനങ്ങൾ പെരുപ്പിച്ച് കാട്ടുന്നത്. സ്കൂൾ ഉച്ചഭക്ഷണത്തിനുള്ള കേന്ദ്രവിഹിതം നൽകുന്നില്ല. നൽകുന്നതാകട്ടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കും. ഇതൊന്നും കാണാതെ സംസ്ഥാന സർക്കാറിനെ എങ്ങനെ പഴിചാരാമെന്ന ഗവേഷണവുമായി നടക്കുകയാണ് ചില നേതാക്കളും മാധ്യമങ്ങളും -മുഖ്യമന്ത്രി പറഞ്ഞു.
സംഘടന പ്രസിഡന്റ് കെ. സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ആനാവൂർ നാഗപ്പൻ, അഡ്വ.വി. ജോയി, വി.കെ. പ്രശാന്ത്, എം.എ. അജിത്കുമാർ, എൻ.ടി. ശിവരാജൻ, ഡോ.എസ്.ആർ. മോഹനചന്ദ്രൻ, കെ.എൻ. അശോക്കുമാർ, ഹരിലാൽ, ടി. സുബ്രമണ്യൻ, പി. സതികുമാർ, ടി. മുഹമ്മദ് റഫീഖ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.