രാജവെമ്പാല കടിച്ചാൽ ആശുപത്രിയിൽ പോയിട്ട് കാര്യമില്ലേ ? വസ്തുത ഇതാണ്: പാമ്പ് കടിയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്
text_fieldsരാജവെമ്പാലയുടെ കടിയേറ്റ് കാഴ്ച ബംഗ്ലാവിലെ ജീവനക്കാരൻ കൊല്ലപ്പെട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള പ്രചരണങ്ങളാണ് നടക്കുന്നത്. രാജവെമ്പാലയുടെ കടിയേറ്റാൽ ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല എന്നാണ് ഒരു പ്രചരണം. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നവയുടെ വസ്തുതകൾ വിവരിക്കുകയാണ് ഇൻഫോ ക്ലിനിക്ക്. ഡോക്ടർ ജിനേഷ് പി.എസ് എഴുതിയ കുറിപ്പ് വായിക്കാം
''രാജവെമ്പാലയുടെ കടിയേറ്റാൽ ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല, കാരണം ആന്‍റിവെനം ആശുപത്രികളിൽ ഇല്ല" എന്നൊരു സ്ക്രീൻഷോട്ട് വളരെയധികം പ്രചരിക്കുന്നുണ്ട്.
രാജവെമ്പാലയുടെ കടിയേറ്റാൽ ആശുപത്രിയിൽ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് പറയുന്നത് ശരിയല്ല. രാജവെമ്പാലയുടെ വിഷം നാഡിവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്. മസ്തിഷ്കത്തിലെ റെസ്പിറേറ്ററി സെന്ററിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതിലൂടെ ശ്വസനപ്രക്രിയ തടസ്സപ്പെടാനും അങ്ങനെ മരണം സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് വെന്റിലേറ്ററി സപ്പോർട്ട് അടക്കം ആവശ്യമായി വരും. രാജവെമ്പാലയുടെ കടിയേറ്റാൽ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുകയാണ് വേണ്ടത്. ചികിത്സയില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്.
ഇന്ത്യയിൽ കാണുന്ന പാമ്പുകളിൽ ഏറ്റവും കൂടുതൽ വീര്യമുള്ള വിഷം രാജവെമ്പാലയുടേത് അല്ല. അത് വെള്ളിക്കെട്ടൻ (Common Krait) ആണ്. അതായത് ഏറ്റവും കുറഞ്ഞ അളവ് വിഷം കൊണ്ട് മനുഷ്യ മരണം സംഭവിക്കാൻ സാധ്യതയുള്ള കരയിൽ കാണുന്ന പാമ്പ് വെള്ളിക്കെട്ടൻ ആണ്. എന്നാൽ ഒരു കടിയിൽ ഏറ്റവും കൂടുതൽ അളവ് വിഷം കുത്തിവെക്കാൻ കഴിവുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല (King Cobra). അതുകൊണ്ടുതന്നെ വളരെയധികം അപകടകരവുമാണ്. എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ച് ചികിത്സ തേടുകയാണ് വേണ്ടത്. ഒരു കടിയിൽ ഏറ്റവും കൂടുതൽ വിഷം കുത്തിവെക്കാൻ ശേഷിയുണ്ട് എന്ന് കരുതി എല്ലാ കടികളിലും അത്രയധികം വിഷം കുത്തി വയ്ക്കണമെന്ന് നിർബന്ധവുമില്ല. കുത്തിവയ്ക്കുന്ന വിഷത്തിന്റെ അളവ് പലപ്പോഴും പലതാവാം. ഡ്രൈ ബൈറ്റ് ഉണ്ടാവാനുള്ള സാധ്യത പോലും തള്ളിക്കളയാൻ പറ്റില്ല. ഡ്രൈ ബൈറ്റ് എന്നാൽ ശരീരത്തിൽ വിഷം കയറാത്ത കടികൾ. അതുപോലെ തന്നെ ചില കടികളിൽ വളരെ കുറഞ്ഞ അളവിൽ വിഷം ശരീരത്തിൽ പ്രവേശിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ സാധിക്കില്ല.
"രാജവെമ്പാലയുടെ കടിയേറ്റാൽ ആശുപത്രിയിൽ ASV ഉണ്ടെങ്കിൽ പോലും കാര്യമില്ല, ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരണം സംഭവിക്കും" എന്ന ഒരു തെറ്റിദ്ധാരണയും പലരും പ്രകടിപ്പിക്കുന്നത് കണ്ടു. അങ്ങനെയല്ല വസ്തുത. രാജവെമ്പാലയുടെ കടിയേറ്റ നിരവധിപേർ ചികിത്സയിലൂടെ രക്ഷപ്പെട്ടിട്ടുണ്ട്. രാജവെമ്പാലയുടെ കടിയേറ്റ്, ശരീരത്തിൽ വിഷം വ്യാപിച്ച ലക്ഷണങ്ങൾ ഉണ്ടായ ഒരാൾക്ക് ആറ് മണിക്കൂറിന് ശേഷം ASV നൽകി രക്ഷപ്പെടുത്തിയ ഒരു കേസ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട് (ലിങ്ക് കമന്റിൽ). ഇതുപോലെ നിരവധി കേസുകളുണ്ട്.
നിലവിൽ രാജവെമ്പാലയുടെ വിഷത്തിന് എതിരായ ASV ഇന്ത്യയിൽ നിർമ്മിക്കുന്നില്ല എന്നാണ് ധാരണ. നമ്മുടെ നാട്ടിലെ സാധാരണ ആശുപത്രികളിൽ അത് ലഭ്യവുമല്ല. രാജവെമ്പാലയുടെ വിഷത്തിന് എതിരായ ASV നിർമ്മിക്കുന്ന ഒരു രാജ്യം തായ്‌ലൻഡ് ആണ്. അവിടെ നിർമ്മിക്കുന്ന ASV നമ്മുടെ നാട്ടിലെ രാജവെമ്പാലയുടെ വിഷത്തിനെതിരെ പ്രവർത്തിക്കുമോ എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്.
ഹ്യൂമൻ ആനിമൽ കോൺഫ്ലിക്റ്റ് കുറവുള്ള പാമ്പുകളിൽ ഒന്നാണ് രാജവെമ്പാല. കാരണം വനങ്ങളാണ് ഇവരുടെ ആവാസവ്യവസ്ഥ. അശാസ്ത്രീയമായ രീതിയിൽ പാമ്പുകളെ പിടിച്ച് ഷോ കാണിക്കുന്നവരെ രാജവെമ്പാല കടിച്ചതായി വാർത്തകൾ കേരളത്തിൽ നിന്ന് വന്നിട്ടില്ല. മറ്റു പല പാമ്പുകളുടെ കടികൾ ഏറ്റിട്ടുള്ള ഇത്തരം ആൾക്കാർക്ക് പോലും രാജവെമ്പാലയുടെ കടിയേറ്റതായി കേരളത്തിൽ നിന്നും വാർത്ത വന്നിട്ടില്ല.
ഇതാദ്യമായാണ് കേരളത്തിൽ രാജവമ്പാല കടിച്ച് ഒരു മരണം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിനു മുമ്പ് ഇന്ത്യയിൽ തന്നെ വിരലിലെണ്ണാവുന്ന റിപ്പോർട്ടുകൾ മാത്രമേയുള്ളൂ.
കരയിൽ കാണുന്ന പാമ്പുകളിൽ രാജവെമ്പാലയേക്കാൾ കൂടുതൽ മനുഷ്യ മരണങ്ങൾ സൃഷ്ടിച്ചിട്ടുള്ള ഒരു പാമ്പാണ് മുഴമൂക്കൻ കുഴി മണ്ഡലി (Hump-nosed Pit Viper). അതിനെതിരെ പോലും ASV നിലവിൽ ആശുപത്രികളിൽ ലഭ്യമല്ല. ഇതിനുള്ള പഠനങ്ങൾ നടക്കുന്നുണ്ട് എന്നാണ് വായിച്ചറിഞ്ഞത്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മനുഷ്യ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൂർഖൻ (Spectacled Cobra), വെള്ളിക്കെട്ടൻ (Common Krait), ചുരുട്ടമണ്ഡലി (Saw-sclaed Viper), അണലി (Russell's Viper) എന്നീ പാമ്പുകളുടെ കടിയേറ്റ് ആണ്. ഈ നാല് പാമ്പുകളുടെ വിഷത്തിനെതിരെ പ്രവർത്തിക്കുന്ന ASV നമ്മുടെ നാട്ടിൽ ലഭ്യമാണ്. ഈ നാല് എണ്ണവുമായി താരതമ്യം ചെയ്താൽ മുഴമൂക്കൻ കുഴിമണ്ഡലി കടിച്ച് ഉണ്ടായിട്ടുള്ള മനുഷ്യ മരണങ്ങൾ വളരെ വളരെ കുറവാണ്. ബഹുഭൂരിപക്ഷം അവസരങ്ങളിലും ശാസ്ത്രീയമായ ചികിത്സ കൊണ്ട് ആൾക്കാർ രക്ഷപ്പെടുകയാണ് പതിവ്.
പിന്നെ മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കടൽ പാമ്പുകളുടെ (Sea Snakes) കടിയേറ്റ് ആണ്. ഇവയ്ക്കെതിരെയും ASV നമ്മുടെ ആശുപത്രികളിൽ ലഭ്യമല്ല. എന്നാൽ ശാസ്ത്രീയമായ ചികിത്സയിലൂടെ, വെന്റിലേറ്ററി സപ്പോർട്ട് അടക്കം ലഭിച്ച് ജീവൻ രക്ഷപ്പെട്ടവർ നിരവധി.
ചുരുക്കിപ്പറഞ്ഞാൽ ഇന്ത്യയിൽ ഏറ്റവുമധികം മനുഷ്യ മരണങ്ങൾ സൃഷ്ടിക്കുന്നത് മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ടമണ്ഡലി എന്നീ പാമ്പുകളുടെ കടികളാണ്. മുഴമൂക്കൻ കുഴിമണ്ഡലി കടിച്ചിട്ടുള്ള മനുഷ്യ മരണങ്ങൾ അപൂർവമാണ്. രാജവെമ്പാല കടിച്ചിട്ടുള്ള മനുഷ്യ മരണങ്ങൾ അത്യപൂർവ്വവും.
രാജവെമ്പാലയുടെ കടിയേറ്റാൽ ചികിത്സയില്ല എന്നൊക്കെ പ്രചരിപ്പിക്കുന്ന സന്ദേശങ്ങൾ അവഗണിക്കുക. കടിയേറ്റാൽ എത്രയും പെട്ടെന്ന് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയിൽ ചികിത്സ തേടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.