പാർട്ടി എന്ത് പറഞ്ഞാലും അനുസരിക്കും; തൃശൂരിൽ സ്ഥാനാർഥിയാരെന്ന് തീരുമാനിച്ചിട്ടില്ല -ടി.എൻ.പ്രതാപൻ
text_fieldsതൃശൂർ: കോൺഗ്രസ് പാർട്ടിയിലെ സ്ഥാനാർഥിത്വം സംബന്ധിച്ച് അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ടി.എൻ.പ്രതാപൻ എം.പി. പാർട്ടി മത്സരിക്കാൻ പറഞ്ഞാലും മാറിനിൽക്കാൻ പറഞ്ഞാലും അത് ചെയ്യുമെന്ന് ടി.എൻ.പ്രതാപൻ പറഞ്ഞു. കോൺഗ്രസ് തന്റെ ജീവനാണെന്നും ഇന്ത്യയറിയുന്ന രാഷ്ട്രീയക്കാരനായി തന്നെ മാറ്റിയത് പാർട്ടിയാണെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
സ്ഥാനാർഥിയെ സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇന്ന് ചേരുന്ന സ്ക്രീനിങ് കമ്മിറ്റി യോഗത്തിന് ശേഷമാവും കോൺഗ്രസിന്റെ സ്ഥാനാർഥികളാരാണെന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക. ഇക്കാര്യത്തിൽ ചർച്ചകൾ നടക്കുന്നെയുള്ളു. ബാക്കിയുള്ള വാർത്തകളെല്ലാം മാധ്യമസൃഷ്ടിയാണെന്നും പ്രതാപൻ പറഞ്ഞു.
കെ.മുരളീധരൻ തലയെടുപ്പുള്ള നേതാവാണ്. കേരളത്തിലെ മികച്ച കോൺഗ്രസ് നേതാക്കളിൽ ഒരാളാണ് മുരളീധരൻ. തൃശൂരിൽ മുരളീധരൻ സ്ഥാനാർഥിയായി വന്നാൽ അദ്ദേഹത്തിന്റെ വിജയത്തിനായി അവസാനനിമിഷം വരെയും പ്രവർത്തിക്കുമെന്നും വിജയം തെന്റ ഉത്തരവാദിത്തമാണെന്നും ടി.എൻ.പ്രതാപൻ പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ തൃശൂരിൽ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടതിനേയും അദ്ദേഹം ന്യായീകരിച്ചു. ചുവരെഴുതിയതും പോസ്റ്റർ ഒട്ടിച്ചതും സ്വാഭാവികമാണ്. സിറ്റിങ് സീറ്റുകളിൽ മുമ്പുണ്ടായിരുന്ന സ്ഥാനാർഥികൾ തന്നെ മത്സരിക്കട്ടെയെന്ന നിർദേശമാണ് കെ.പി.സി.സി മുന്നോട്ടുവെച്ചത്. അതിനാലാണ് താനാണ് സ്ഥാനാർഥിയെന്ന തരത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രതികരിക്കാൻ കാരണമെന്നും പ്രതാപൻ കൂട്ടിച്ചേർത്തു.
ലോക്സഭ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോൺഗ്രസ് സ്ഥാനാർഥികളിൽ അപ്രതീക്ഷിത മാറ്റങ്ങളുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു. സ്ഥാനാർഥി നിർണയത്തിന്റെ ചർച്ചകൾക്കൊടുവിൽ തൃശൂരിൽ വമ്പൻ മാറ്റമുണ്ടായെന്നായിരുന്നു വാർത്തകൾ. വടകരയിലെ സിറ്റിങ് എം.പി കെ. മുരളീധരൻ തൃശൂരിലേക്ക് ചുവട് മാറ്റും. വടകരയിൽ മത്സരിക്കാൻ യുവനേതാവ് ഷാഫി പറമ്പിലിനാണ് മുൻതൂക്കം. ഈ സീറ്റിന്റെ കാര്യത്തിൽ ഉടൻ തീരുമാനമാകും. ആലപ്പുഴയിൽ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തിറങ്ങും. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കാനും ചർച്ചയിൽ തീരുമാനമായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.