വാട്സ്ആപ് ഗ്രൂപ് വിവാദം: കെ. ഗോപാലകൃഷ്ണനിൽ നിന്ന് പൊലീസ് മൊഴിയെടുത്തു
text_fieldsതിരുവനന്തപുരം: മതാടിസ്ഥാനത്തിൽ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ് രൂപവത്കരിച്ച സംഭവത്തിൽ വ്യവസായ, വാണിജ്യ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഡി.സി.പി ഭരത് റെഡ്ഡിയാണ് മൊഴിയെടുത്തത്. ഫോൺ ഹാക്ക് ചെയ്യപ്പെട്ടെന്ന നിലപാട് ഗോപാലകൃഷ്ണൻ ഡി.സി.പിയോട് ആവര്‍ത്തിച്ചു. വാട്സ്ആപ്പിൽ ഗ്രൂപ് തുടങ്ങിയത് സുഹൃത്തുക്കള്‍ ആണ് തന്റെ ശ്രദ്ധയില്‍പെടുത്തിയതെന്നും അറിഞ്ഞയുടൻ ഗ്രൂപ് ഡിലീറ്റ് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതടക്കം കുറേ ഗ്രൂപ്പുകൾ ഫോണിൽ തുടങ്ങിയിരുന്നതായി മനസ്സിലായെന്നും മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, എത്ര ഗ്രൂപ്പുകളാണെന്നത് സംബന്ധിച്ച് ഗോപാലകൃഷ്ണൻ ഒന്നും പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ സാംസങ് ഫോണും പൊലീസ് സംഘം പരിശോധിച്ചു. ഫോണ്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഗ്രൂപ്പുകളുടെ സ്ക്രീൻ ഷോട്ടുകളും പൊലീസ് ശേഖരിച്ചു.
അതേസമയം, ഐപി അഡ്രസ് ഉൾപ്പെടെയുള്ള വിവരങ്ങൾ തേടി പൊലീസ് വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയെ സമീപിച്ചു. വാട്സ്ആപ്പിൽനിന്നുള്ള വിവരം ലഭിച്ച ശേഷമായിരിക്കും കേസെടുത്തുള്ള അന്വേഷണം. കഴിഞ്ഞ മാസം 30ന് ആണു ‘മല്ലു ഹിന്ദു ഓഫിസേഴ്സ്’എന്ന പേരിൽ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ് പ്രത്യക്ഷപ്പെട്ടത്.
ഹാക്ക് ചെയ്തവർ ‘മല്ലു മുസ്ലിം ഓഫിസേഴ്സ്’എന്ന പേരിൽ മറ്റൊരു ഗ്രൂപ്പുമുണ്ടാക്കിയെന്നും തന്റെ ഫോണിലെ കോൺടാക്ട് പട്ടികയിലുള്ളവരെ ഉൾപ്പെടുത്തി ആകെ 11 ഗ്രൂപ്പുകളുണ്ടാക്കിയെന്നുമാണ് അദ്ദേഹം പറയുന്നത്. ചീഫ് സെക്രട്ടറി ശാരദ മുരളീധരനെ നേരിൽക്കണ്ടു കഴിഞ്ഞദിവസം ഗോപാലകൃഷ്ണൻ വിശദീകരണം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.