അപകട സമയത്ത് വാട്സ്ആപ്പ് സ്റ്റാറ്റസ്; ഡ്രൈവർ ഫോൺ ഉപയോഗിച്ചതായി സംശയം
text_fieldsകണ്ണൂര്‍: കണ്ണൂരിൽ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിൽ അപകടസമയത്ത് ഡ്രൈവർ ഫോൺ ഉപയോഗിച്ചതായി സംശയം. അപകടം നടന്ന അതേ സമയത്ത് വാട്സ്ആപ്പ് സ്റ്റാറ്റസ് ഇട്ടതാണ് സംശയത്തിന് കാരണം. അപകടത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങളിൽ കാണുന്ന സമയം 4.03 ആണ്. ഇതേ സമയത്ത് തന്നെയാണ് ഡ്രൈവർ നിസാമിന്‍റെ ഫോണിൽ സ്റ്റാറ്റസ് ഇട്ടിരിക്കുന്നത്.
സ്‌കൂളില്‍ കുട്ടികള്‍ ഇരിക്കുന്ന ചിത്രമാണ് നിസാമിന്‍റെ സ്റ്റാറ്റസിൽ ഉള്ളത്. എന്നാൽ അപകടസമയത്ത് സ്റ്റാറ്റസ് ഇട്ടെന്ന വാദം നിസാം തള്ളി. നേരത്തേ ഇട്ടത് ആ സമയത്ത് അപ്ഡേറ്റ് ആയതായിരിക്കുമെന്നാണ് നിസാം പറയുന്നത്.
കുറുമാത്തൂർ ചിന്മയ സ്കൂളിലെ കുട്ടികൾ സഞ്ചരിച്ച സ്കൂൾ ബസ് ആണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി നേദ്യ എസ്. രാജേഷ് (11) മരിച്ചു. 14 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകിട്ട് നാലരയോടെ കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപം ഇറക്കത്തിൽ വച്ച് നിയന്ത്രണം വിട്ട ബസ് സംസ്ഥാന പാതയിലേക്ക് മറിയുകയായിരുന്നു.
ബസിന്റെ മുൻസീറ്റിലായിരുന്നു നേദ്യ ഇരുന്നത്. ബസ് നിയന്ത്രണംവിട്ട സമയം പുറത്തേക്ക് തെറിച്ചുവീണ നേദ്യയുടെ ശരീരത്തിലേക്കാണ് ബസ് മറിഞ്ഞത്. നാട്ടുകാർ ചേർന്ന് ബസ് ഉയർത്തി നേദ്യയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.