സി.പി.എമ്മുമായി അകന്ന കുടുംബത്തിലെ പെൺകുട്ടിക്കെതിെര അശ്ലീല പ്രചാരണം
text_fieldsഅഞ്ചൽ: പാർട്ടി വിട്ട സി.പി.എം നേതാവിനെ ആക്ഷേപിക്കാൻ മകളുടേതെന്ന പേരിൽ വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം നടത്താതെ പൊലീസ് ഉഴപ്പുന്നു. വിഡിയോയും സന്ദേശങ്ങളും പ്രചരിപ്പിച്ച എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ നേതാക്കൾക്കെതിരെ കേസെടുത്തെങ്കിലും പൊലീസ് ഒത്തുകളിക്കുന്നുവെന്നാണ് ആക്ഷപം.
വ്യാജ വിഡിയോ ദൃശ്യം എസ്.എഫ്.ഐ ഏരിയ കമ്മിറ്റി അംഗം സജിൻ സാജനാണ് പെൺകുട്ടിക്ക് മൊബൈൽ സന്ദേശമായി അയച്ചത്. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവ് അലൻ സോണിയാണ് വിഡിയോ തനിക്ക് അയച്ചുതന്നതെന്നാണ് സജിൻ പെൺകുട്ടിയോട് പറഞ്ഞത്. പ്രതികരിച്ചാൽ കൂടുതൽ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും സന്ദേശമായി അയച്ചു. ഈ വിവരം കാട്ടിയാണ് പെൺകുട്ടി ഏരൂർ പൊലീസിൽ പരാതിപ്പെട്ടത്. പൊലീസ് അന്വേഷണം നടത്തുകയും വ്യാജസന്ദേശം അയച്ച മൊബൈൽ ഫോൺ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാൽ, പ്രതികളെ പിടികൂടിയില്ല. അന്വേഷണച്ചുമതല അഞ്ചൽ സി.ഐക്കാണെന്ന് ഏരൂർ പൊലീസ് അറിയിച്ചു.
അതിനിടെ, വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ വെള്ളിയാഴ്ച അഞ്ചൽ സെൻറ് ജോൺസ് കോളജിൽ എസ്.എഫ്.ഐ- കെ.എസ്.യു പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗത്തിലും ആറ് പേർക്ക് നിസ്സാര പരിക്കേറ്റു. അശ്ലീല വിഡിയോക്ക് പിന്നിൽ പ്രവർത്തിച്ചവരെ കോളജ് അധികൃതർ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് കെ.എസ്.യു പ്രവർത്തകർ പ്രിൻസിപ്പലിനെ തടഞ്ഞുവെച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. കെ.എസ്.യുവിനെതിരെ എസ്.എഫ്.ഐ രംഗത്തെത്തിയതോടെ സംഘർഷമായി. പൊലീസിനോടും എസ്.എഫ്.ഐ പ്രവർത്തകർ തട്ടിക്കയറി. എസ്.ഐക്കെതിരെ പുനലൂർ ഡിവൈ.എസ്.പിക്ക് എസ്.എഫ്.ഐ പരാതി നൽകി. വെള്ളിയാഴ്ച ഉച്ചയോടെ കോളജിന് അവധി നൽകി. പൊലീസ് കോളജിന് മുന്നിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.