പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ... ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ...
text_fieldsവോട്ടവകാശം പൗരന്‍റെ ഏറ്റവും സുപ്രധാന അവകാശമാണ്. പരമാവധി നേരത്തെ പോളിങ് ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കാൻ ശ്രദ്ധിക്കണം.
രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെയാണ് പോളിങ്. പോളിങ് ബൂത്തിൽ ചെല്ലുമ്പോൾ എങ്ങനെയാണ് വോട്ടവകാശം വിനിയോഗിക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം.
വോട്ടുയന്ത്രത്തിൽ ശ്രദ്ധിക്കേണ്ടത്:
● വോട്ടർ വോട്ടിങ് കമ്പാർട്ടുമെന്‍റിന് മുന്നിലെത്തുമ്പോൾ മൂന്നാം പോളിങ് ഓഫിസർ ബാലറ്റ് യൂനിറ്റ് വോട്ടിങ്ങിന് സജ്ജമാക്കും. ഈ ഘട്ടത്തിൽ ബാലറ്റ് യൂനിറ്റിലെ ‘READY’ ലൈറ്റ് പ്രകാശിക്കും.
● തുടർന്ന്, ബാലറ്റ് യൂനിറ്റിൽ വോട്ടർ തെരഞ്ഞെടുത്ത സ്ഥാനാർഥിയുടെ പേര്/ചിഹ്നത്തിന് നേരെയുള്ള ബട്ടണിലോ/നോട്ടക്ക് നേരെയുള്ളതോ ആയ നീല ബട്ടണിൽ അമർത്തണം
● ബട്ടൺ അമർത്തിയ സ്ഥാനാർഥിയുടെ പേരിനോ ചിഹ്നത്തിനോ/നോട്ടക്ക് നേരെയുള്ളതോ ആയ ചുവന്ന ലൈറ്റ് പ്രകാശിക്കുന്നു
● തെരഞ്ഞെടുത്ത സ്ഥാനാർഥിയുടെ/ നോട്ടയുടെ ക്രമ നമ്പർ, പേര്, ചിഹ്നം എന്നിവയടങ്ങിയ ബാലറ്റ് സ്ലിപ് വിവിപാറ്റ് പ്രിൻറ് ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്നു
● കൺട്രോൾ യൂനിറ്റിൽ നിന്ന് ‘ബീപ്’ ശബ്ദം ഉയർന്നാൽ വോട്ട് വിജയകരമായി രേഖപ്പെടുത്തിയെന്ന് ഉറപ്പുവരുത്തുന്നു
● വിവിപാറ്റിൽ ബാലറ്റ് സ്ലിപ് കാണാതിരിക്കുകയോ ഉയർന്ന ശബ്ദത്തിൽ ‘ബീപ്’ ശബ്ദം കേൾക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ പ്രിസൈഡിങ് ഓഫിസറെ ബന്ധപ്പെടാം
വോട്ടെടുപ്പ് പ്രക്രിയയുടെ ഘട്ടങ്ങൾ
● പോളിങ് ബൂത്തിലെത്തുന്ന വോട്ടർ ക്യൂവിൽ നിൽക്കണം
● പോളിങ് ഓഫിസർ വോട്ടർപട്ടികയിൽ വോട്ടറുടെ പേരും തിരിച്ചറിയൽ രേഖയും പരിശോധിക്കുന്നു
● മറ്റൊരു പോളിങ് ഓഫിസർ വോട്ടറുടെ ഇടതുകൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടുകയും സ്ലിപ് നൽകുകയും ഒപ്പിടുവിക്കുകയും ചെയ്യും
● മറ്റൊരു പോളിങ് ഓഫിസർ സ്ലിപ് സ്വീകരിക്കുകയും വിരലിലെ മഷിയടയാളം പരിശോധിക്കുകയും ചെയ്യുന്നു
● ഇലക്ട്രോണിക് വോട്ടുയന്ത്രം (ഇ.വി.എം) സ്ഥാപിച്ച സ്ഥലത്തെത്തി വോട്ടർക്ക് താൽപര്യമുള്ള സ്ഥാനാർഥിക്കുനേരെ/നോട്ടക്ക് നേരെയുള്ള ബട്ടൺ അമർത്തണം. ഇതോടെ, ചുവപ്പ് ലൈറ്റ് തെളിയുന്നു. ഇതോടെ, വോട്ട് രേഖപ്പെടുത്തൽ പൂർത്തിയായി.
ഉപയോഗിക്കാം, ഈ തിരിച്ചറിയൽ രേഖകൾ
പോളിങ് ബൂത്തിലെത്തുമ്പോൾ തിരിച്ചറിയിൽ രേഖയായി ഉപയോഗിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷൻ നൽകുന്ന ഫോട്ടോ ഐ.ഡി കാർഡ് (എപിക്) ആണ്. എന്നാൽ ‘എപിക്’ കാർഡ് കൈവശമില്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച ഫോട്ടോപതിച്ച മറ്റ് 12 അംഗീകൃത തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. അവ:
● ആധാർ കാർഡ്
● പാൻ കാർഡ്
● എം.എൻ.ആർ.ഇ.ജി.എ തൊഴിൽ കാർഡ് (തൊഴിലുറപ്പ് പദ്ധതി ജോബ് കാർഡ്)
● ബാങ്ക്/പോസ്റ്റ് ഓഫിസ് നൽകുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകൾ
● ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്
● ഡ്രൈവിങ് ലൈസൻസ്
● രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകുന്ന സ്മാർട്ട് കാർഡ്
● ഇന്ത്യൻ പാസ്പോർട്ട്
● ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ
● കേന്ദ്ര, സംസ്ഥാന ജീവനക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, പബ്ലിക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാർ എന്നിവർക്ക് നൽകുന്ന ഫോട്ടോ പതിച്ച ഐ.ഡി കാർഡ്
● എം.പി/എം.എൽ.എ/ലെജിസ്ലേറ്റിവ് കൗൺസിൽ (എം.എൽ.സി) അംഗങ്ങൾ എന്നിവരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡുകൾ
● ഭിന്നശേഷി തിരിച്ചറിയൽ കാർഡ് (യു.ഡി ഐ.ഡി കാർഡ്)
● ഏഴ് സെക്കൻഡ് നേരം ബാലറ്റ് സ്ലിപ് ഗ്ലാസിലൂടെ കാണാവുന്നതാണ്. പ്രിൻറ് ചെയ്ത സ്ലിപ് വിവിപാറ്റിൽ സുരക്ഷിതമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.