സ്വർണക്കടത്ത്: കൊടി സുനിയിലെത്തിയാൽ അന്വേഷണം നിലക്കും, പല കേസിലും അന്വേഷണം നിശ്ചലം
text_fieldsകോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്തിൽ ആരോപണവിധേയരായ ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവർക്കെതിരായ സമാന പരാതികളിലൊന്നും അന്വേഷണം മുന്നോട്ടുപോയില്ല. സുനി ജയിലിൽനിന്നടക്കം ആസൂത്രണം ചെയ്ത് ക്വട്ടേഷൻ സംഘങ്ങളെ ഉപയോഗിച്ച് നടത്തുന്ന കവർച്ചകളുടെയെല്ലാം അന്വേഷണം പാതിവഴിയിൽ നിലക്കുകയാണ് പതിവ്. സുനിയുമായി ബന്ധപ്പെട്ടവരാണ് കള്ളക്കടത്ത് സ്വർണം തട്ടിയതെന്ന് വിവരം ലഭിച്ചാൽ അതു 'പൊട്ടിയതായി' കണക്കാക്കി സ്വർണം നഷ്ടമായവർ പിന്നാലെ പോവാറില്ലെന്നതും ചിലരുടെ കണ്ണടക്കലുമാണ് ഇക്കൂട്ടർക്ക് ഗുണമാകുന്നത്.
കണ്ണൂർ സ്വദേശി ഇസ്മയിൽ കരിപ്പൂർ വഴി കടത്തിയ മൂന്നു കിലോ സ്വർണം നല്ലളം മോഡേൺ ബസാറിനു സമീപം 2017ൽ വാഹനം തടഞ്ഞ് കവർന്ന കേസിലാണ് സുനിയുടെ പങ്ക് ആദ്യം പുറത്തുവന്നത്. അഞ്ചു ലക്ഷം രൂപ തട്ടിപ്പറിച്ചെന്നാണ് സ്വർണം നഷ്ടപ്പെട്ടയാൾ നല്ലളം പൊലീസിൽ പരാതി നൽകിയത്. പന്തീരാങ്കാവിലെ ദിൽഷാദ്, കൊടൽ നടക്കാവിലെ അതുൽ, ചക്കുംകടവിലെ റാസിക്ക് എന്നിവർ അറസ്റ്റിലായതോടെ കവർന്നത് സ്വർണമാണെന്നും പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് പൊക്കുന്നിലെ കാക്ക രഞ്ജിത്താണെന്നും വ്യക്തമായി. രഞ്ജിത്ത് അറസ്റ്റിലായതോടെ, കൊടി സുനിയാണ് ക്വട്ടേഷൻ നൽകിയതെന്ന് തെളിഞ്ഞു.
വിയ്യൂർ ജയിലിലെത്തി സുനിയെ ചോദ്യംചെയ്ത അന്വേഷണ സംഘം കവർന്ന സ്വർണം വാങ്ങിയ കൊല്ലം സ്വദേശി രാജേഷ് ഖന്നയെ പിടികൂടി തൊണ്ടിമുതലിന് ജ്വല്ലറികളിൽ പരിശോധന നടത്തിയെങ്കിലും ചില ഇടപെടലിൽ അന്വേഷണം നിലക്കുന്നതും രാജേഷ് ഖന്നക്ക് നിയമസഹായവുമായി കണ്ണൂരിലെ ചിലരെത്തുന്നതുമാണ് കണ്ടത്. ഉദ്യോഗസ്ഥർക്ക് പെട്ടെന്ന് സ്ഥലംമാറ്റവും കിട്ടി.
2018ൽ പരോളിലിറങ്ങിയ സുനി കൈതേരി സ്വദേശി റഫ്ഷാനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ റിസോർട്ടിൽ പൂട്ടിയിട്ടെന്ന് പിന്നീട് പരാതി ഉയർന്നു. ഗൾഫിൽനിന്ന് കൊടുത്തയച്ച സ്വർണവുമായി ഇദ്ദേഹത്തിെൻറ സഹോദരൻ മുങ്ങിയെന്നാരോപിച്ചായിരുന്നു തട്ടിക്കൊണ്ടുപോകൽ. സംഭവത്തിൽ കേസെടുത്ത കൂത്തുപറമ്പ് പൊലീസ് സുനിയുടേതടക്കം നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല.
2019 ജൂണിൽ കൊടുവള്ളി നഗരസഭ കൗൺസിലർ കോഴിശ്ശേരി മജീദിനെ ഗൾഫിലേക്ക് ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നതായിരുന്നു സുനിക്കെതിരായ മറ്റൊരു പരാതി. കേരളത്തിലേക്കുള്ള സ്വർണക്കടത്ത് വിവരം ഖത്തർ പൊലീസിന് കൈമാറിയെന്നാരോപിച്ചായിരുന്നു ഭീഷണി. ഞങ്ങൾ കുറെ കാലമായി ഈ മേഖലയിലുള്ളവരാണെന്നും നാട്ടിലെത്തിയാൽ വെച്ചേക്കില്ലെന്നുമാണ് ഭീഷണിപ്പെടുത്തിയത്. പരാതിയിൽ കൊടുവള്ളി പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം മൊഴിയെടുപ്പോടെ മരവിച്ചു. ജയിലിൽ കിടക്കുന്ന കുറ്റവാളി ജനപ്രതിനിധിക്കു നേരെയാണ് വധഭീഷണി മുഴക്കിയതെങ്കിലും അന്വേഷണം നടന്നില്ല. ഈ കേസുകളിൽ പലതിലും സുനിയുടെ കൂട്ടാളികൾക്കും പങ്കുള്ളതായി സൂചനയുണ്ടായിരുന്നു. ഇപ്പോൾ കരിപ്പൂർ കേസിൽ സുനിയുടെയും കൂട്ടാളി ഷാഫി ഉൾപ്പെടെയുള്ളവരുടെയും പങ്ക് വെളിവാക്കുന്ന ടെലിഫോൺ സംഭാഷണം പുറത്തുവന്നതോടെ ഇൗ കേസിെൻറയും പരിണതി പഴയതുതന്നെയാകുമെന്ന് ആശങ്കയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.