'പണമാണ് വലുതെന്ന് റുവൈസ് പറഞ്ഞു; സ്ത്രീധനത്തിന്‍റെ പേരിൽ വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ ഷഹന തകർന്നു'
text_fieldsതിരുവനന്തപുരം: സ്ത്രീധനത്തിന്‍റെ പേരിൽ ഡോ. റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയതോടെ ഷഹന മാനസികമായി പ്രയാസത്തിലായെന്നും പണമാണ് തനിക്ക് വലുതെന്ന് റുവൈസ് പറഞ്ഞുവെന്നും ഡോ. ഷഹനയുടെ സഹോദരൻ ജാസിം നാസ്. സ്ത്രീധനം ചോദിച്ചുവാങ്ങുന്ന കുടുംബത്തിലേക്ക് സഹോദരിയെ വിവാഹം ചെയ്തയക്കാൻ താൽപര്യമുണ്ടായിരുന്നില്ല. എന്നാൽ, ഷഹനക്ക് റുവൈസിനെ അത്രക്കും ഇഷ്ടമായിരുന്നെന്നും അനിയത്തിയുടെ കാര്യം കൂടി പരിഗണിച്ചാണ് വിവാഹത്തിന് ഒരുങ്ങിയതെന്നും സഹോദരൻ പറഞ്ഞു.
സ്ത്രീധനത്തിന്‍റെ പേരിൽ റുവൈസ് വിവാഹത്തിൽ നിന്ന് പിന്മാറിയപ്പോൾ ഷഹന വിഷാദാവസ്ഥയിലേക്ക് പോയി. കുറച്ച് ആശ്വാസമെങ്കിലും നൽകിയാണ് അനിയത്തിയുടെ അടുത്ത് നിന്ന് പോയിരുന്നതെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു. റുവൈസ് പെട്ടെന്നാണ് കൈവിട്ടത്. എനിക്ക് പണമാണ് പ്രധാനമെന്ന് റുവൈസ് പറഞ്ഞു. അത് ഷഹനയെ വല്ലാതെ ബാധിച്ചു. പണം കൂടുതല്‍ ചോദിച്ചത് റുവൈസിന്‍റെ പിതാവാണ്. ധിക്കരിക്കാന്‍ കഴിയില്ലെന്ന് റുവൈസ് പറഞ്ഞുവെന്നും ജാസിം നാസ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കൽ കോളജിലെ യുവ ഡോക്ടർ ഷഹനയുടെ ആത്മഹത്യയിൽ സുഹൃത്ത് ഡോ. റുവൈസിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിൽ വെച്ച് ഇന്ന് പുലര്‍ച്ചെയാണ് റുവൈസിനെ കസ്റ്റഡിയിലെടുത്തത്.
ഷഹനയുമായി റുവൈസിന്‍റെ വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, ഉയര്‍ന്ന സ്ത്രീധനം റുവൈസിെൻറ വീട്ടുകാര്‍ ചോദിച്ചതോടെ വിവാഹം മുടങ്ങിയെന്നാണ് ഷഹനയുടെ ബന്ധുക്കൾ പറയുന്നത്. ഡോ. റുവൈസിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് പൊലീസ് കേസെടുത്തത്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇയാൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്.
ഷഹാന ആത്മഹത്യ ചെയ്തതിനു പിന്നാലെ റുവൈസിനെ സംസ്ഥാന ഭാരവാഹിത്വത്തിൽ നിന്ന് പി.ജി ഡോക്ടർമാരുടെ സംഘടന (കെ.എം.പി.ജി.എ) നീക്കിയിരുന്നു. ആത്മഹത്യകുറിപ്പിൽ ഡോക്ടർ ഷഹന സ്ത്രീധനം കൂടുതൽ ചോദിച്ചതിനെ തുടർന്ന് വിവാഹം മുടങ്ങിയ കാര്യങ്ങൾ എഴുതിയിരുന്നു. എല്ലാവർക്കും പണം മതിയെന്നും ആരെയും ബുദ്ധിമുട്ടിക്കാനില്ലെന്നുമാണ് ആത്മഹത്യ കുറിപ്പിൽ രേഖപ്പെടുത്തിയത്.
തിങ്കളാഴ്ച രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ അേന്വഷിച്ച് ഫ്ലാറ്റിലെത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കിടക്കുന്ന ഷഹനയെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.