സുജിത് ദാസ് ഒഴിഞ്ഞപ്പോൾ ‘സ്വർണക്കേസും’ കുറഞ്ഞു; സംശയമുയർത്തുന്നത് അന്ന് ലഭിച്ച രഹസ്യവിവരങ്ങൾ
text_fieldsമലപ്പുറം: എസ്. സുജിത്ദാസ് മലപ്പുറം പൊലീസ് മേധാവിയായിരുന്ന കാലത്ത് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് സ്വർണം പിടികൂടുന്ന കേസുകളുടെ എണ്ണം വർധിച്ചത് സംശയമുയർത്തുന്നു. ഒരു മാസം പത്തു മുതൽ 15 കേസുകൾ വരെ വിമാനത്താവളത്തിന് പുറത്ത് പിടികൂടുമായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങുന്നവരിൽനിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ സ്വർണം പിടികൂടിയിരുന്നത്.
എന്നാൽ, അദ്ദേഹം ചുമതലയിൽനിന്നൊഴിഞ്ഞതോടെ പൊലീസിന്റെ സ്വർണം പിടികൂടൽ കേസുകൾ കുറഞ്ഞു. എസ്.പിക്ക് ലഭിക്കുന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് വിമാനത്താവളത്തിനടുത്തെത്തി സ്വർണം കൊണ്ടുവരുന്നവരെ പിടികൂടുകയായിരുന്നു പതിവ്. ഇതിന്റെ പേരിൽ എസ്.പിക്ക് പ്രശംസയും ലഭിച്ചു. മലപ്പുറം എസ്.പിക്ക് എങ്ങനെ ഇത്രമാത്രം രഹസ്യവിവരങ്ങൾ ലഭിക്കുന്നെന്ന ചോദ്യം അക്കാലത്തുയർന്നിരുന്നു. പി.വി. അൻവർ എം.എൽ.എ പുറത്തുവിട്ട രഹസ്യവിവരങ്ങൾ ഈ സംശയത്തിന് ബലം നൽകുന്നവയാണ്.
എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ-എസ്. സുജിത്ദാസ് കൂട്ടുകെട്ടിൽ വൻതോതിൽ സ്വർണം പിടികൂടുകയും അവ പകുതിയിലേറെ പൊലീസ് കൈക്കലാക്കുകയും ചെയ്തെന്നാണ് എം.എൽ.എ വെളിപ്പെടുത്തിയത്. ദുബൈ ഗോൾഡ് മാർക്കറ്റിൽ അജിത്കുമാറിന്റെ ചാരന്മാരുണ്ടായിരുന്നെന്നും അവിടെ സ്വർണം വാങ്ങുന്ന മലയാളികളുടെ വിവരങ്ങൾ ശേഖരിച്ച് അവർ ഏതു വിമാനത്തിൽ സഞ്ചരിക്കുന്നെന്ന കൃത്യമായ വിവരം എ.ഡി.ജി.പിയുടെ സംഘത്തെ അറിയിക്കുകയും ചെയ്യുമായിരുന്നെന്ന് പറയുന്നു. എ.ഡി.ജി.പി ഈ വിവരം മലപ്പുറം എസ്.പിക്ക് കൈമാറും. ഇവിടെ പിടികൂടുന്ന സ്വർണം പകുതിയേ കണക്കിൽ കാണിച്ചിരുന്നുള്ളൂ. സ്വർണവുമായി വന്നവരിൽനിന്ന് മൊഴിയെടുത്താൽ ഇത് വ്യക്തമാകുമെന്നും എം.എൽ.എ പറയുന്നു.
എം.എൽ.എയുടെ വെളിപ്പെടുത്തൽ കൂടുതൽ അന്വേഷണം ആവശ്യപ്പെടുന്നുണ്ടെങ്കിലും സുജിത്ദാസിനുശേഷം എന്തുകൊണ്ട് സ്വർണം പിടികൂടൽ കേസുകൾ കുറഞ്ഞെന്ന ചോദ്യം ബാക്കിയാണ്. സ്വർണക്കടത്തുമായും മറ്റും ബന്ധപ്പെട്ട ദുരൂഹമരണങ്ങൾ പുനരന്വേഷിക്കണമെന്നും അൻവർ ആവശ്യപ്പെട്ടിട്ടുണ്ട്. 2021ലാണ് കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് എയ്ഡ്പോസ്റ്റ് സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.