Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതലശേരിയിൽ കുഞ്ഞിനെ...

തലശേരിയിൽ കുഞ്ഞിനെ ചവിട്ടയപ്പോള്‍ നമ്മുടെ നെഞ്ചില്‍ ചവിട്ടിയതു പോലെയാണ് തോന്നിയത് -വി.ഡി സതീശൻ

text_fields
bookmark_border
തലശേരിയിൽ കുഞ്ഞിനെ ചവിട്ടയപ്പോള്‍ നമ്മുടെ നെഞ്ചില്‍ ചവിട്ടിയതു പോലെയാണ് തോന്നിയത് -വി.ഡി സതീശൻ
cancel

സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും നിർദേശത്തെ തുടര്‍ന്നാണ് വൈസ് ചാന്‍സലര്‍ നിയമനത്തിനായി ഗവര്‍ണര്‍ രൂപീകരിച്ച സേര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കാന്‍ കേരള സര്‍വകലാശല തയാറാകാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇതോടെ വി.സി നിയമനം പ്രതിസന്ധിയിലായിരിക്കുകയാണ്. കേരള സര്‍വകലാശാലക്ക് വൈസ് ചാന്‍സലര്‍ വേണ്ടെന്ന നിലപാടാണ് സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ചിരിക്കുന്നതെന്നും സതീശൻ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതി വിധിയെ തുടര്‍ന്നാണ് സാങ്കേതിക സര്‍വകലാശാല വി.സിക്ക് സ്ഥാനം ഒഴിയേണ്ടി വന്നത്. ഈ സാഹചര്യത്തില്‍ പുതിയൊരു വി.സിയെ നിയമിക്കുന്നത് വരെ അക്കാദമിക് പശ്ചാത്തലമുള്ള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ക്ക് ചാന്‍സലര്‍ താല്‍ക്കാലിക ചുമതല നല്‍കിയെങ്കിലും അവരെ സ്ഥാനം ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എസ്.എഫ്.ഐയും സി.പി.എം സര്‍വീസ് സംഘടനകളും. സങ്കേതിക സര്‍വകലാശാലക്ക് താല്‍ക്കാലിക വി.സി പോലും വേണ്ടെന്ന നിലപാടിലാണോ സര്‍ക്കാര്‍? സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഈ നിലപാട് സുപ്രീംകോടതി വിധിക്ക് എതിരാണ്. ചാന്‍സലര്‍ സംഘപരിവാര്‍ പശ്ചാത്തലമുള്ള ആളെയാണ് നിയമിച്ചതെങ്കില്‍ പ്രതിപക്ഷവും എതിര്‍ത്തേനെ. പക്ഷെ സി.പി.എമ്മിന് പോലും വിരോധം പറയാന്‍ പറ്റാത്ത, അക്കാദമിക് യോഗ്യതയുള്ള ഉദ്യോഗസ്ഥയെ നിയമിച്ചിട്ടും അംഗീകരിക്കില്ലെന്ന് പറയുന്നത് സുപ്രീം കോടതി വിധിയെ വെല്ലുവിളിക്കലാണ്.

സര്‍ക്കാരും സി.പി.എമ്മുമാണ് ഉന്നത വിദ്യാഭ്യാസമേഖലയില്‍ കുഴപ്പങ്ങളുണ്ടാക്കുന്നത്. ഉന്നത വിദ്യാഭ്യാസരംഗത്തുണ്ടായിരിക്കുന്ന അനിശ്ചിതത്വത്തിന് ഇരകളാകുന്നത് ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ്. എന്നിട്ടാണ് സംഘപരിവര്‍ എന്നു പറയുന്നത്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാതെ സര്‍ക്കാര്‍ തന്നെ കുഴപ്പമുണ്ടാക്കുകയാണ്. സര്‍വകലാശാലകളില്‍ ഇഷ്ടക്കാരെ പിന്‍വാതിലിലൂടെ നിയമിക്കുകയെന്നതു മാത്രമാണ് സി.പി.എമ്മിന്റെയും സര്‍ക്കാരിന്റെയും ലക്ഷ്യം.

സ്വര്‍ണക്കള്ളക്കടത്ത് തെരഞ്ഞെടുപ്പിനും മുന്‍പേ വന്നതാണ്. അപ്പോഴൊന്നും ഗവര്‍ണറെ കണ്ടില്ലല്ലോ. ഇപ്പോള്‍ സര്‍ക്കാരിനെ രക്ഷിക്കാനാണ് ഗവര്‍ണര്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കേന്ദ്ര ഏജന്‍സികളാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ കുറിച്ച് അന്വേഷിക്കേണ്ടത്. ബി.ജെ.പി ദേശീയ നേതൃത്വവും സി.പി.എമ്മും തമ്മിലുള്ള ധാരണയെ തുടര്‍ന്നാണ് ഒന്നും അന്വേഷിക്കാത്തത്. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയും ഓഫീസിന് പങ്കാളിത്തമുണ്ടെന്ന് എല്ലാവര്‍ക്കും അറിയാം. പ്രിന്‍സിപ്പല്‍ സെക്രട്ടറി 100 ദിവസം ജയിലിലായിരുന്നു. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തെഴുതിയത് കൊണ്ട് ഒരു കാര്യവുമില്ല. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് പറയുന്നത് വെറുതെയാണ്. അന്വേഷിക്കേണ്ട കേസുകള്‍ പോലും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കാതെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്. പുകമറ സൃഷ്ടിച്ച് വിലക്കയറ്റം ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്നും ജനശ്രദ്ധ മാറ്റാനാണ് ശ്രമിക്കുന്നത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഏറ്റുമുട്ടുകയാണെന്ന് വരുത്തിത്തീര്‍ക്കുകയാണ്. അതിന് ഗവര്‍ണറും കൂട്ടുനില്‍ക്കുകയാണ്.

സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പല നിയമവിരുദ്ധ ഇടപാടുകളും നടത്തിയിട്ടുണ്ട്. ഒമ്പത് വി.സിമാരെ യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ച് നിയമിച്ചത് സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ നടത്തിയ നിയമവിരുദ്ധമായ ഇടപാടാണ്. ഞാന്‍ പറയുന്നയാളെ എന്റെ ജില്ലയായ കണ്ണൂരിലെ സര്‍വകലാശാല വി.സിയായി നിയമിക്കണമെന്ന് മുഖ്യമന്ത്രി ഗവര്‍ണറുടെ വീട്ടില്‍ പോയാണ് ആവശ്യപ്പെട്ടത്. ഇതിന് പകരമായാണ് ആര്‍.എസ്.എസ് പശ്ചാത്തലമുള്ള ആളെ ഗവര്‍ണറുടെ സ്റ്റാഫിലേക്ക് സര്‍ക്കാര്‍ വച്ചുകൊടുത്തത്. എന്നിട്ടാണ് മുഖ്യമന്ത്രി ഇപ്പോള്‍ ആര്‍.എസ്.എസ് വിരുദ്ധത പറയുന്നത്. ആര്‍.എസ്.എസ് പശ്ചാത്തലമുള്ള ആള്‍ക്ക് പകരം മറ്റൊരാളെ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കാനുള്ള ധൈര്യം അന്ന് മുഖ്യമന്ത്രി കാട്ടിയില്ലല്ലോ. അന്ന് ഇവര്‍ രണ്ടു പേരും ഒന്നിച്ചായിരുന്നു. വി.സിമാരുടെ നിയമനത്തിന് എതിരായ കേസ് വന്നപ്പോള്‍ സുപ്രീം കോടതിയിലും സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ചായിരുന്നു. സുപ്രീം കോടതിയില്‍ സര്‍ക്കാരും ഗവര്‍ണറും ഒന്നിച്ച് തോറ്റപ്പോള്‍ ജയിച്ചത് യു.ഡി.എഫാണ്. വി.സി നിയമനങ്ങളെല്ലാം യു.ജി.സി മാനദണ്ഡങ്ങള്‍ ലംഘിച്ചുള്ളവയാണെന്ന യു.ഡി.എഫ് ആരോപണം അടിവരയിടുന്നതാണ് സുപ്രീം കോടതി വിധി. ഇപ്പോള്‍ ഈ വിധിക്കെതിരെയാണ് സി.പി.എം രാജ്ഭവനിലേക്ക് സമരം ചെയ്യുന്നത്.

തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് ആറു വയസുകാരനെ തൊഴിച്ച് തെറുപ്പിച്ച സംഭവത്തില്‍ കേരളത്തിലെ പൊലീസ് പ്രതിയെ വെറുതെ വിടാനാണ് ശ്രമിച്ചത്. പിറ്റേ ദിവസം വിവാദമായപ്പോഴാണ് അയാളെ വീണ്ടും വിളിച്ചു വരുത്തിയത്. നീതിന്യായ നിര്‍വഹണം നടത്താതെ പണക്കാര്‍ക്കും മാഫിയകള്‍ക്കും ഒപ്പമാണ് പൊലീസ്. സി.പി.എം നേതാക്കളാണ് കേരളത്തില്‍ പൊലീസിനെ നിയന്ത്രിക്കുന്നത്. പൊലീസ് അതിക്രമങ്ങള്‍ ഇപ്പോള്‍ വാര്‍ത്ത അല്ലാതായിരിക്കുകയാണ്. എല്ലാ പൊലീസ് അതിക്രമങ്ങളും മുഖ്യമന്ത്രിക്ക് ഒറ്റപ്പെട്ട സംഭവമാണ്. നൂറുകണക്കിന് ഒറ്റപ്പെട്ട സംഭവങ്ങളാണ് കേരളത്തിലുണ്ടാകുന്നത്. മുഖ്യമന്ത്രി ഉറങ്ങുകയും പാര്‍ട്ടി നേതാക്കള്‍ പൊലീസിനെ നിയന്ത്രിക്കുകയും ചെയ്യുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. ഇത് അപകടകരമായ സാഹചര്യമാണ്. അതിന്റെ ഏറ്റവും അവസാനത്തെ തെളിവാണ് തലശേരി സംഭവം.

തലശേരി സംഭവത്തില്‍ എങ്ങനെ പ്രതികരിക്കണമെന്നത് ഓരോരുത്തരുടെയും ഔചിത്യമാണ്. വിഷയങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. കുഞ്ഞിനെ ചവിട്ടയപ്പോള്‍ നമ്മുടെ നെഞ്ചില്‍ ചവിട്ടിയതു പോലെയാണ് തോന്നിയത്. ഇതിനെ ന്യായീകരിക്കാന്‍ വരുന്നവരോട് എന്ത് പറയാനാകും. എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രിന്‍സിപ്പലിന്റെ മുട്ടുകാല്‍ തല്ലിയൊടിക്കുമെന്ന് പറഞ്ഞതും പൊലീസ് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലാണ്. എന്നിട്ടും പൊലീസ് നോക്കി നിന്നു. പൊലീസിന് സി.പി.എം പോഷകസംഘടന നേതാക്കളെ പേടിയാണ്. പൊലീസും ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുകയാണ്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് പൊലീസ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:boy attackedThalassery boy kickedVD Satheesan
News Summary - When the baby was kicked in Thalassery, it felt like we were kicked in the chest - VD Satheesan
Next Story