പെൻഷനും കിറ്റും കിട്ടിയപ്പോൾ ജനങ്ങളുടെ മനസ്സ് മാറി –കെ. സുധാകരൻ എം.പി
text_fieldsകോഴിക്കോട്: പെൻഷനും കിറ്റും കിട്ടിയപ്പോൾ ജനങ്ങളുടെ മനസ്സ് മാറിയെന്നും ഈ തിരിച്ചറിവിൽനിന്ന് പുതിയ രാഷ്ട്രീയ സമീപനം രൂപപ്പെടണമെന്നും കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി. കോൺഗ്രസ് ഉത്തര മേഖല യോഗത്തിൽ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ വീഴ്ചകൾ ജനങ്ങളിലേക്ക് എത്തിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിലെ എൽ.ഡി.എഫിെൻറ നേട്ടത്തിനു പിന്നിൽ ഡി.വൈ.എഫ്.ഐയുടെ പ്രവർത്തനമാണ്.
കോവിഡ് പ്രതിസന്ധിയിൽ സർക്കാറിെൻറ നേട്ടങ്ങൾ ഡി.വൈ.എഫ്.ഐ വളൻറിയർമാർ വഴി ജനങ്ങളിലേക്കെത്തിക്കാൻ സി.പി.എമ്മിന് സാധിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവർത്തനം ഉപയോഗപ്പെടുത്താൻ സാധിച്ചില്ല. വെൽഫെയർ പാർട്ടിയുമായി സഖ്യം ഉണ്ടാകില്ലെന്ന് സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
എന്നാൽ, ആര് വോട്ട് നൽകിയാലും സ്വീകരിക്കും. കെ.പി.സി.സി നേതൃമാറ്റം ഹൈകമാൻഡാണ് തീരുമാനിക്കേണ്ടത്. യു.ഡി.എഫിനെ നയിക്കുന്നത് ലീഗെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണ്. ആസനത്തിൽ ആൽ മുളച്ചാൽ തണലെന്ന നിലപാടാണ് പിണറായിക്കെന്നും സുധാകരൻ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ കൂടുതൽ പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പിനൊരുങ്ങാൻ കോൺഗ്രസ് ഉത്തരമേഖല നേതൃയോഗം
നിയമസഭ തെരഞ്ഞെടുപ്പിനായി പാർട്ടി ശക്തമാക്കുന്നതിനായി കോൺഗ്രസ് ഉത്തര മേഖ നേതൃയോഗം. എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹെൻറ സാന്നിധ്യത്തിലാണ് ആറു ജില്ലകളിലെ നേതാക്കളുടെ യോഗംചേർന്നത്. ജില്ലകളുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിമാർ, നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള കെ.പി.സി.സി സെക്രട്ടറിമാർ എന്നിവർ ചേർന്ന് തെരഞ്ഞെടുപ്പിന് മുന്നോടിയായി കാര്യങ്ങൾ വിശകലനം ചെയ്തു.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പി. അധ്യക്ഷതവഹിച്ചു. എം.കെ. രാഘവൻ എം.പി, എൻ. സുബ്രഹ്മണ്യൻ, അഡ്വ. കെ. പ്രവീൺകുമാർ, എ.പി. അനിൽകുമാർ, കെ.സി. ജോസഫ്, പി.എം. നിയാസ് തുടങ്ങിയവർ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പിനു പിന്നാലെ ജില്ലതല അവലോകനവും ആറു മുതൽ 13 വരെ ജില്ലതല പരിപാടികളും നടന്നിരുന്നു. ജില്ല കോൺഗ്രസ് കമ്മിറ്റി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികളുടെ യോഗങ്ങളും േചരും. ഇതു കൂടാതെയാണ് ജില്ലകളുടെ ചുമതല നൽകിയ എ.ഐ.സി.സി സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മൂന്ന് മേഖല തല യോഗങ്ങൾ.
11 മുതൽ 15 വരെ ബ്ലോക്ക് കൺവെൻഷൻ, 20 വരെ മണ്ഡലം കൺവെൻഷൻ എന്നിവയും നടക്കും. 26ന് റിപ്പബ്ലിക് ദിനത്തിനു മുമ്പ് ബൂത്തുകളുടെ പുനഃസംഘടനയും നടക്കും. നേതാക്കൾ പങ്കെടുക്കുന്ന ഗൃഹസന്ദർശനം, ഗാന്ധിജി രക്തസാക്ഷിദിനമായ 30നു മണ്ഡലം തലത്തിൽ 1506 കേന്ദ്രങ്ങളിൽ കോൺഗ്രസ് പദയാത്രകളുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.