വിഴിഞ്ഞത്ത് കപ്പലെത്തുമ്പോൾ ക്രെഡിറ്റിനായി രാഷ്ട്രീയപോര്
text_fieldsതിരുവനന്തപുരം: വിഴിഞ്ഞത്ത് ആദ്യ കപ്പലിന് സ്വീകരണ ചടങ്ങൊരുക്കുമ്പോൾ തുറമുഖത്തിന്റെ ക്രെഡിറ്റിനായി പൊരിഞ്ഞ രാഷ്ട്രീയ പോര്. 2015ൽ അദാനി പോർട്ടുമായി കരാർ ഒപ്പിട്ട അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേട്ടമാണെന്ന് കോൺഗ്രസുകാരും മുഖ്യമന്ത്രി പിണറായി വിജയനാണ് പദ്ധതി പൂർത്തീകരണത്തിലേക്കെത്തിച്ചതിനാൽ ഇത് ഇടതുപക്ഷത്തിന്റെ വിജയമാണെന്നും രണ്ടുകൂട്ടരും അവകാശവാദമുന്നയിക്കുകയാണ്.
ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്നു ആദ്യം ആവശ്യമുന്നയിച്ചത് കോവളം എം.എൽ.എ അഡ്വ. എം. വിൻസന്റ് ആണ്. 2015 ൽ അദാനി ഗ്രൂപ്പുമായി കരാർ എഴുതിയതിലൂടെ ഖജനാവിന് കോടികളുടെ നഷ്ടമുണ്ടെന്ന് ആരോപണം ഉന്നയിച്ചതും ‘കടൽക്കൊള്ള’ എന്ന തലക്കെട്ടിൽ സി.പി.എം മുഖപത്രമായ ദേശാഭിമാനി വാർത്ത പ്രസിദ്ധീകരിച്ചതും കോൺഗ്രസുകാർ ചൂണ്ടിക്കാട്ടുന്നു.
പുനർനാമകരണ സദസ്സ് സംഘടിപ്പിച്ച് ഉമ്മൻ ചാണ്ടിയുടെ ഫോട്ടോ പതിച്ച ബോർഡ് തുറമുഖ കവാടത്തിൽ ശനിയാഴ്ച യൂത്ത് കോൺഗ്രസ് സ്ഥാപിച്ചു. എന്നാൽ, സി.പി.എം തുറമുഖ പരിസരത്ത് സംഘടിപ്പിച്ച ആഘോഷ ചടങ്ങിൽ തുടക്കം മുതൽ ഇതുവരെ എല്ലാ പ്രവർത്തനങ്ങളിലും ഇടതുപക്ഷത്തിന്റെ വ്യക്തമായ പങ്കുണ്ടെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അവകാശപ്പെട്ടു.
പിന്നീട് ഇടതുപക്ഷത്തിനൊപ്പം ചേർന്ന കെ.വി. തോമസിന്റെ ഡൽഹിയിലെ വീട്ടിൽ നടന്ന ചർച്ചയിലാണ് അദാനിയുമായി കരാർ ഉറപ്പിച്ചത്. അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കൊപ്പം തുറമുഖ മന്ത്രി കെ. ബാബുവും പങ്കെടുത്തു.
അന്ന് 6000 കോടി രൂപയുടെ അഴിമതി ഉന്നയിച്ചത് ഇന്നത്തെ മുഖ്യമന്ത്രിയും അന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയുമായിരുന്ന പിണറായി വിജയനാണ്. പ്രതിപക്ഷ നേതാവായിരുന്ന വി.എസ്. അച്യുതാനന്ദനും ശക്തമായ എതിർപ്പുയർത്തി. പ്രതിപക്ഷം നിരവധി സമരങ്ങൾ നടത്തി.
മത്സ്യത്തൊഴിലാളികളുടെ ജീവിതം വഴിമുട്ടുമെന്നും മത്സ്യബന്ധനം അവസാനിക്കുമെന്നും അവർ അന്ന് ചൂണ്ടിക്കാട്ടി. പദ്ധതി യാഥാർഥ്യമാക്കാൻ എന്ത് പഴിയും കേൾക്കാൻ സന്നദ്ധനാണെന്നാണ് ഉമ്മൻ ചാണ്ടി പ്രതികരിച്ചത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെയാണ് വിഴിഞ്ഞം പദ്ധതിക്കെതിരെ കടുത്ത പരാമർശങ്ങളുമായി സി.എ.ജി റിപ്പോർട്ട് പുറത്തുവന്നത്. പിന്നാലെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ കമീഷൻ ഉമ്മൻ ചാണ്ടിക്ക് ക്ലീൻ ചിറ്റ് നൽകിയെങ്കിലും പി.പി.പി മോഡലിൽ സാധാരണ സ്വകാര്യ പങ്കാളിക്ക് നൽകുന്നത് 30 വർഷമാണെന്നും വിഴിഞ്ഞത്ത് അധിക പത്തു വർഷം കൂടി നൽകിയെന്നും കമീഷൻ കണ്ടെത്തി.
ഇതിലൂടെ കോടിക്കണക്കിന് രൂപ ഖജനാവിന് നഷ്ടം വരുമെന്നും കരാർ സംസ്ഥാന താൽപര്യത്തിന് വിരുദ്ധമെന്നും പരമാർശിച്ചു. സർക്കാർ ഏറ്റെടുത്തു കൊടുക്കുന്ന ഏക്കർ കണക്കിന് ഭൂമി പണയം വെക്കാൻ അദാനിക്ക് അധികാരം നൽകുന്ന വ്യവസ്ഥ ശരിയല്ലെന്നും കമീഷൻ ചൂണ്ടിക്കാട്ടി.
ഈ പരാമർശങ്ങൾ പഴുതാക്കി പിണറായി സർക്കാർ പദ്ധതി റദ്ദാക്കുമെന്നാണ് പൊതുസമൂഹം കരുതിയിരുന്നത്. അതിനിടെ അദാനിയുടെ മകനും അദാനി പോർട്ട്സ് സി.ഇ.ഒയുമായ കരൺ അദാനി തിരുവനന്തപുരത്തെത്തി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇതോടെ മഞ്ഞുരുകി. തുറമുഖം കേരളത്തിന്റെ അഭിമാന പദ്ധതിയാണെന്ന് മുഖ്യമന്ത്രി തുടർന്ന് പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.