കാണാതായ 62 കുട്ടികൾ എവിടെ?
text_fieldsതിരുവനന്തപുരം: കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതായി സർക്കാർ അവകാശപ്പെടുമ്പോഴും കേരളത്തിൽ അഞ്ചു വർഷത്തിനിടെ കാണാതായത് 62 കുട്ടികളെ. സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുപ്രകാരം 2018 മുതൽ 2023 മാർച്ചുവരെ 43 ആൺകുട്ടികളെയും 19 പെൺകുട്ടികളെയുമാണ് കാണാതായത്.
ഇവരിൽ പലരും ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളാണ്. പൊലീസിൽ പരാതി നൽകി വർഷങ്ങൾക്ക് ശേഷവും നടപടിയുണ്ടാകാതെ വരുന്നതോടെ പരാതിക്കാർ ജോലി തേടി മറ്റു ദേശങ്ങളിലേക്ക് പോകാറാണ് പതിവ്. ഇതോടെ കേസുകൾ പൊലീസ് പൂട്ടിക്കെട്ടും. ഇങ്ങനെ മാതാപിതാക്കളുടെ വാസസ്ഥലം സംബന്ധിച്ച വിവരം ലഭ്യമല്ലാത്തതിനാൽ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത ആറു കേസ് ‘അൺ-ഡിക്റ്ററ്റഡ്’ (യു.ഡി) ആയി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കൂടുതൽ കുട്ടികളെ കാണാതായത് 2022ലാണ്; 28 പേർ. നിസ്സാര കാര്യങ്ങൾക്കുപോലും മാതാപിതാക്കളോട് വഴക്കിട്ട് വീടുവിട്ടിറങ്ങുന്നവരും പരീക്ഷയിൽ തോറ്റതിനും ചോദിച്ച സാധനം ലഭിക്കാത്തതിന്റെ പേരിലും വീടുവിട്ട കുട്ടികളുണ്ട്. ഇവർ ഭിക്ഷാടന മാഫിയ, അന്യസംസ്ഥാന നാടോടി സംഘങ്ങൾ, മനുഷ്യക്കടത്ത് സംഘങ്ങൾ, സെക്സ് റാക്കറ്റ് എന്നിവയുടെ പിടിയിലായിട്ടുണ്ടോയെന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല.
അഞ്ചു വർഷത്തിനിടെ എറണാകുളം ജില്ലയിൽനിന്ന് 11 പേരെയും മലപ്പുറത്തുനിന്ന് 10 പേരെയും തൃശൂരിൽനിന്ന് ഒമ്പത് പേരെയും കാസർകോട് എട്ട്, കോഴിക്കോട് തിരുവനന്തപുരം ജില്ലകളിൽനിന്ന് ഏഴു പേരെയും കാണാതായി. കൊല്ലം, ആലപ്പുഴ, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽനിന്ന് 10 കുട്ടികളാണ് ‘അപ്രത്യക്ഷമായത്’.
കാണാതാകുന്ന കുട്ടികളുടെ കേസ് പ്രത്യേകം കൈകാര്യം ചെയ്യുന്നതിന് 2012ൽ ‘ഡിസ്ട്രിക്ട് മിസിങ് പേഴ്സൺസ് ട്രെയ്സിങ് യൂനിറ്റ് ’ (ഡി.എം.പി.ടി.യു) ഡിവൈ.എസ്.പി / എ.സി.പിയുടെ മേൽനോട്ടത്തിൽ എല്ലാ ജില്ലയിലും രൂപവത്കരിച്ചെങ്കിലും പ്രവർത്തനം കാര്യക്ഷമമല്ലെന്ന വിമർശനം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.