ആലപ്പുഴയിലെ അഞ്ച് ശതമാനമെവിടെപ്പോയി?
text_fieldsആലപ്പുഴ: മുൻ തെരഞ്ഞെടുപ്പിനെക്കാൾ പോളിങ് അഞ്ച് ശതമാനം കുറഞ്ഞതിന്റെ ആശങ്കയിലാണ് ആലപ്പുഴയിലെ സ്ഥാനാർഥികൾ. പോളിങ്ങിലെ കുറവ് മൂന്ന് പേരെയും ഒരുപോലെ ബാധിക്കുമെന്ന കണക്കാണ് മൂന്ന് മുന്നണി നേതാക്കളും പറയുന്നത്. വോട്ടെടുപ്പ് കഴിഞ്ഞ് ഇത്രയും നാൾ പിന്നിട്ടിട്ടും പാർട്ടി തലത്തിലെ കണക്കെടുപ്പുകൾ പൂർത്തിയായിട്ടും എന്താകും ഫലമെന്നതിൽ വ്യക്തമായ തുറന്നുപറച്ചിലിന് മൂന്ന് മുന്നണികളും തയാറാകുന്നില്ല. കടുത്ത മത്സരം നടന്ന ആലപ്പുഴ മണ്ഡലത്തിൽ അവസാന ലാപ്പിൽ യു.ഡി.എഫ് നേരിയ മുൻതൂക്കം കൈവരിച്ചെന്ന പ്രതീതിയാണ് കണ്ടത്. ഇടക്ക് ശക്തമായ ത്രികോണമത്സര പ്രതീതിയുണ്ടായെങ്കിലും എൽ.ഡി.എഫിലെ സിറ്റിങ് എം.പിയായ എ.എം. ആരിഫും യു.ഡി.എഫിലെ കെ.സി. വേണുഗോപാലും തമ്മിലായിരുന്നു അവസാനഘട്ടത്തിൽ പ്രധാന മത്സരം. ഇവർ ഇരുവർക്കും എൻ.ഡി.എയിലെ ശോഭ സുരേന്ദ്രൻ കടുത്ത വെല്ലുവിളി ഉയർത്തിയിരുന്നു. 74.90 ശതമാനമാണ് മണ്ഡലത്തിലെ പോളിങ്. കഴിഞ്ഞ തവണ ഇത് 80.25 ശതമാനമായിരുന്നു. ചേർത്തല നിയോജക മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. 79.74 ശതമാനമാണ് ചേർത്തലയിലെ പോളിങ്. 70.20 ശതമാനം പോളിങ് രേഖപ്പെടുത്തിയ കായംകുളം നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച എൽ.ഡി.എഫിലെ എ.എം. ആരിഫിന് ഭൂരിപക്ഷം നൽകിയ രണ്ട് മണ്ഡലങ്ങൾ കായംകുളവും ചേർത്തലയുമായിരുന്നു. രണ്ടിടത്തും ഇത്തവണ കഴിഞ്ഞ തവണത്തേതിനെക്കാൾ പോളിങ് കുറഞ്ഞിട്ടുണ്ട്. രണ്ട് മണ്ഡലങ്ങളിലും കൂടി 20,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ആരിഫിന് അന്ന് ലഭിച്ചത്. അതാണ് ആരിഫിനെ അന്ന് വിജയിപ്പിച്ചത്.
ആര് വിജയിക്കുമെന്നതിന് മുന്ന് മുന്നണി നേതാക്കളും തങ്ങൾ തന്നെയെന്ന മറുപടിയാണ് ഇപ്പോഴും നൽകുന്നത്. അതേസമയം പാർട്ടി തലത്തിൽ എല്ലാവിധ കണക്കുകളും ശേഖരിച്ച് നേടുന്ന വോട്ടുകളും വിജയവും സംബന്ധിച്ച നിഗമനങ്ങളിൽ അവരെത്തിയിട്ടുണ്ട്. എന്നിരുന്നാലും മൂന്ന് സ്ഥാനാർഥികളും പുറത്തുപറയുന്ന ഭൂരിപക്ഷ കണക്കിൽ ഏറ്റവും ഉയർന്നത് യു.ഡി.എഫിന്റേതാണ്. 60,000 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.സി. വേണുഗോപാൽ അവകാശപ്പെടുന്നത്. എ.എം. ആരിഫ് കഴിഞ്ഞ തവണ വിജയിച്ചതുപോലെ 10,000 വോട്ടിന് വിജയിക്കുമെന്ന പ്രതീക്ഷ പറയുന്നു. ശോഭ സുരേന്ദ്രൻ ഭൂരിപക്ഷ കണക്ക് പറയുന്നില്ലെങ്കിലും വിജയം അവകാശപ്പെടുന്നു. പോളിങ് കുറഞ്ഞതാണ് എൻ.ഡി.എയുടെ പ്രതീക്ഷകൾക്കും മങ്ങലേൽപിച്ചത്. പോളിങ് അടുത്തപ്പോൾ രാഷ്ട്രീയത്തിലുപരി മത-ജാതി സ്വാധീനങ്ങൾക്ക് മുന്നണികൾ തകർത്ത് ശ്രമിക്കുന്നതാണ് കാണാനായത്. മുസ്ലിം വോട്ടുകളുടെ കേന്ദ്രീകരണം ലക്ഷ്യമിട്ടാണ് അവസാനം എൽ.ഡി.എഫ് പ്രവർത്തിച്ചത്. അത് സാധ്യമായിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അതിനാൽ വിജയിക്കുമെന്നുമാണ് സി.പി.എം ജില്ല നേതൃത്വം പറയുന്നത്. മുസ്ലിം വോട്ടുകളിൽ വലിയ സ്വാധീനം ചെലുത്താൻ എൽ.ഡി.എഫിനായിട്ടില്ലെന്നാണ് യു.ഡി.എഫിന്റെ കണക്ക്. വിവിധ വിഭാഗത്തിൽപെട്ട ക്രൈസ്തവരുടെയും ഹിന്ദുക്കളുടെയും പിന്തുണ നേടാൻ തങ്ങൾക്ക് കഴിഞ്ഞെന്നും യു.ഡി.എഫ് അവകാശപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.