പരസ്യവാചകം തിരിഞ്ഞുകൊത്തി; ഇടത് എവിടെ..?
text_fieldsതിരുവനന്തപുരം: ഇടതില്ലെങ്കിൽ ഇന്ത്യയില്ലെന്നായിരുന്നു സി.പി.എമ്മിന്റെ പരസ്യവാചകം. ഫലം വന്നപ്പോൾ ഇന്ത്യയിൽ ഇടത് എവിടെയെന്ന ചോദ്യത്തിന് മുന്നിൽ പകച്ചുനിൽക്കുകയാണ് പാർട്ടി. ലോക്സഭയിൽ സി.പി.എമ്മിന് ലഭിച്ചത് നാല് സീറ്റ് മാത്രം. പഴയ കോട്ടയായ ബാംഗാളിൽനിന്നും ത്രിപുരയിൽനിന്നും ഒന്നുമില്ല. സി.പി.എമ്മിന്റെ നാലിൽ രണ്ടും സി.പി.ഐയുടെ രണ്ടും തമിഴ്നാട്ടിൽ കോൺഗ്രസ് കൂടി ഉൾപ്പെട്ട ഡി.എം.കെ സഖ്യത്തിന്റെ സംഭാവനയാണ്. രാജസ്ഥാനിൽ കോൺഗ്രസ് പിന്തുണയിൽ നേടിയ സികർ സീറ്റാണ് സി.പി.എമ്മിന്റെ മറ്റൊരു നേട്ടം.
കേരളത്തിന്റെ കനൽ കെ. രാധാകൃഷ്ണനാണ് നാലാമൻ. അപ്പോഴും ദേശീയ രാഷ്ട്രീയ പാർട്ടി പദവി നിലനിർത്താൻ ആവശ്യമായ 12 സീറ്റ് തികക്കാൻ കഴിയാത്ത നിലയിലാണ് സി.പി.എം. മോദിപ്പേടിയുടെ ദേശീയ രാഷ്ട്രീയം സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമായി വരുമെന്നത് സി.പി.എം കണക്കുകൂട്ടിയതാണ്. എങ്കിലും 2019ൽ ലഭിച്ച ഒരു സീറ്റ് നാലോ അഞ്ചോ ആയി ഉയർത്താൻ മന്ത്രി രാധാകൃഷ്ണനടക്കം മുതിർന്ന നേതാക്കളെയിറക്കി മികച്ച സ്ഥാനാർഥിപ്പട്ടികയാണ് മുന്നോട്ടുവെച്ചത്. ആലപ്പുഴയിൽ അണഞ്ഞ കനൽ ആലത്തൂരിൽ നിലനിർത്താൻ കഴിഞ്ഞത് അതിന്റെ നേട്ടമാണ്.
ആലത്തൂരിലെ ജയത്തിൽ രാധാകൃഷ്ണന്റെ വ്യക്തിപ്രഭാവത്തിന് പ്രധാന പങ്കുണ്ട്. കേന്ദ്രത്തിൽ ഫാഷിസത്തെ ചെറുക്കാൻ കോൺഗ്രസിനെക്കാൾ മുന്നിൽ ഞങ്ങൾ എന്ന വാദത്തിന് സീറ്റ് എണ്ണത്തിന്റെ പിൻബലമില്ലെന്ന് പകൽപോലെ വ്യക്തം. യു.ഡി.എഫ് വീണ്ടും ലോക്സഭ സീറ്റ് തൂത്തുവാരിയെങ്കിലും ഇടതു രാഷ്ട്രീയത്തോടു മലയാളി പുറംതിരിയുന്നു എന്ന് അർഥമില്ല. 2020ൽ തദ്ദേശവോട്ടിൽ ഇടതുപക്ഷം മുന്നേറിയതും 2021ൽ പിണറായി വിജയൻ തുടർഭരണം പിടിച്ചതും യു.ഡി.എഫ് 19 സീറ്റ് നേടിയ 2019ന് പിന്നാലെയാണ്. അത് ആവർത്തിച്ചേക്കാം. അപ്പോഴും ദേശീയ രാഷ്ട്രീയത്തിൽ കാര്യമായ ഇടമില്ലെന്ന നഗ്നസത്യം ഇടതുപക്ഷത്തെ ബോധ്യപ്പെടുത്തുന്നതാണ് ഇപ്പോഴത്തെ ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.