എവിടെ നരഭോജി കടുവ?
text_fieldsകാൽപാട്വാകേരി: നാടിനെ ആശങ്കയിലാക്കിയ മൂടക്കൊല്ലിയിലെ നരഭോജി കടുവയെ പിടികൂടാനുള്ള ദൗത്യം ആറാംനാളിലും ഫലം കണ്ടില്ല. എന്നാൽ, ഇന്നലെയും കൂടല്ലൂരിൽ നിന്ന് അഞ്ചു കി.മീ. അകലെയുള്ള കല്ലൂർകുന്ന് ഞാറ്റാടിയിൽ കടുവയുടെ കാൽപാടുകൾ കണ്ടെത്തി. ഞാറ്റാടി സാബുവിന്റെ വീടിന്റെ മുറ്റത്താണ് കാൽപ്പാടുകൾ കണ്ടത്. കടുവ നടന്നുപോയ കാൽപ്പാടുകൾ വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപത്തെ വയലിലും കാൽപ്പാടുകൾ കണ്ടെത്തി. ചൊവാഴ്ച ഗാന്ധിനഗർ 90ൽ കടുവയെ പ്രദേശവാസികൾ കണ്ടിരുന്നു. അവിടുന്ന് ഒരു കിലോമീറ്റർ ദൂരം മാത്രമാണ് ഞാറ്റടിയിലേക്കുള്ളത്. ഇവിടെ ഒരു വശം എസ്റ്റേറ്റുകളാണ്. വനം വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
വെള്ളിയാഴ്ച രാവിലെ മുതൽ ദൗത്യസംഘം വനമേഖലയിലടക്കം തിരച്ചിൽ നടത്തി. വെറ്ററിനറി സർജൻ മൃഗസംരക്ഷണവകുപ്പിലെ അസി.ഡയറക്ടർ കൂടിയായ ഡോ. അരുൺ സഖറിയ, ഡി.എഫ്.ഒ ഷജ്ന കരീം, നോർതേൺ സി.സി.എഫ് കെ.എസ്.ദീപ എന്നിവരുൾപ്പെടെ മേഖലയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്. കുറ്റിക്കാടുകളും കാപ്പിത്തോട്ടങ്ങളും തിരച്ചിലിന് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കൊല്ലി പോലുള്ള ഭാഗങ്ങളിൽ ഒരാൾക്ക് മുകളിലാണ് കാടുവളർന്ന് പടർന്നുകിടക്കുന്നത്. ഇവിടെ വെച്ച് കടുവയെ മയക്കുവെടി ഉൾപ്പെടെ വെക്കുന്നത് തിരച്ചിൽ സംഘത്തിന് വെല്ലുവിളിയാണ്. കുങ്കിയാനകളെ ഉപയോഗിച്ച് രാവിലെ മുതൽ കാപ്പിത്തോട്ടങ്ങളിലുൾപ്പെടെ തിരച്ചിൽ നടത്തി.
കടുവയെ പിടികൂടാത്തതിനാൽ നാട്ടുകാർ ആശങ്കയിലാണ്. തോട്ടങ്ങളിൽ കാപ്പിക്കുരു പഴുത്തുകിടക്കുകയാണ്. കാപ്പിക്കുരു പറിച്ചെടുക്കേണ്ട സമയമായി. കടുവപ്പേടി ഉള്ളതിനാൽ പണിക്ക് തൊഴിലാളികളെ കിട്ടുന്നില്ല. സ്വന്തം പറമ്പിൽ ഇറങ്ങി പറിച്ചെടുക്കാനും കഴിയാത്ത സ്ഥിതിയിലാണ് ജനം.
ആ ജീവൻ പൊലിഞ്ഞിട്ട് ഒരാഴ്ച
വാകേരി: യുവകർഷകനെ കൊന്ന് മൃതദേഹം ഭക്ഷിച്ചിട്ട് എട്ടു ദിവസമായിട്ടും പിടികൊടുക്കാതെ നരഭോജി കടുവ. വാകേരി കൂടല്ലൂര്‍ മറോട്ടിത്തറപ്പില്‍ പ്രജീഷാണ് ഡിസംബർ ഒമ്പതിന് രാവിലെ സ്വകാര്യതോട്ടത്തില്‍ പുല്ലരിയാന്‍ പോയപ്പോൾ കടുവക്ക് ഇരയായത്. ഇതോടെ നാട്ടുകാർ പ്രതിഷേധവുമായെത്തി. തുടർന്ന് ജനപ്രതിനിധികളും വനം ഉദ്യോഗസ്ഥരും ഇടപെട്ടു. ചർച്ചയിൽ കടുവയെ നരഭോജിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് റിപ്പോർട്ട് നൽകാൻ ധാരണയായതോടെയാണ് പ്രദേശവാസികൾ പിൻമാറിയത്.
നരഭോജി കടുവയെ വെടിവെച്ചു കൊല്ലണമെന്ന ഉത്തരവ് രേഖാമൂലം വനം വകുപ്പധികൃതരിൽ നിന്ന് കിട്ടിയാൽ മാത്രമേ യുവാവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ഏറ്റുവാങ്ങൂവെന്ന തീരുമാനത്തിലുമായിരുന്നു നാട്ടുകാർ. തുടർന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ മോർച്ചറിക്ക് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തി. അവസാനം മയക്കുവെടിവെച്ചോ കൂടുവെച്ചോ പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാമെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിറങ്ങിയതോടെയാണ് സമരം അവസാനിപ്പിച്ച് മൃതദേഹം വീട്ടിലെത്തിച്ചത്. പിറ്റേന്നു മുതൽ കടുവയെ കണ്ടെത്തുന്നതിനായി തിരച്ചിൽ ഊർജിതമാക്കി.
സംഘങ്ങളായി തിരച്ചിൽ നടത്തി. വനംവകുപ്പിന്റെ 80 ഓളം വരുന്ന സംഘമാണ് തിരച്ചിലിന് നേതൃത്വം നൽകുന്നത്. പ്രദേശത്ത് 36 ഓളം കാമറകൾ സ്ഥാപിച്ചു. എസ്റ്റേറ്റുകളും വനയോരവും കയറിയിറങ്ങി. ഡ്രോൺ ഉൾപ്പെടെയുള്ളവയും ഉപയോഗപ്പെടുത്തി. ചൊവ്വാഴ്ച കടുവയെ കണ്ടതായി പ്രദേശവാസികൾ പറഞ്ഞതോടെ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് ഗാന്ധിനഗർ 90ൽ വനമേഖലയിലുൾപ്പെടെ തിരച്ചിൽ നടത്തിയത്. കോളനി കവലയിലും കൂടല്ലൂരിൽ കോഴിഫാമിനടുത്തും രണ്ട് കൂടുകൾകൂടി സ്ഥാപിച്ചു. എന്നാൽ, വനം വകുപ്പ് സ്ഥാപിച്ച മൂന്നു കൂടുകളിലും കടുവ വീണില്ല. വ്യാഴാഴ്ച കടുവ വനംവകുപ്പിന്റെ നിരീക്ഷണ വലയത്തിലായെങ്കിലും വെടി വെക്കാൻ പഴുതുതേടി ചില ശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. ഭരത്, വിക്രം എന്നീ കുങ്കിയാനകളെയും തിരച്ചിലിനായി ഇറക്കി.
പ്രജീഷിനെ കൊന്നത് വനം വകുപ്പിന്റെ ഡേറ്റബേസിൽ ഉൾപ്പെട്ട വയനാട് വന്യജീവി സങ്കേതത്തിലെ ഡബ്ല്യു.ഡബ്ല്യു.എൽ 45 എന്ന ഇനത്തിൽപ്പെട്ട 13 വയസ്സുള്ള ആൺ കടുവയാണെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചിരുന്നു. കാമറകളിലടക്കം കടുവയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.