Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാലക്കാട്ടെ സി.പി.എം...

പാലക്കാട്ടെ സി.പി.എം സ്ഥാനാർഥിയുടെ ചിഹ്നം ഈനാംപേച്ചിയാണോ മരപ്പട്ടിയാണോ? -പ്രതിപക്ഷ നേതാവ്

text_fields
bookmark_border
VD satheesan
cancel

പാലക്കാട്: പാലക്കാട്ടെ സി.പി.എം സ്ഥാനാർഥിയുടെ ചിഹ്നം ഈനാംപേച്ചിയാണോ മരപ്പട്ടിയാണോ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം ജില്ലാ കമ്മിറ്റി നല്‍കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റല്ലല്ലോ അവരുടെ സ്ഥാനാർഥി. ബി.ജെ.പിയുടെ മുന്നില്‍ പോയി സീറ്റ് കെഞ്ചിയ ആളല്ലേ സ്ഥാനാർഥി? പാലക്കാട് രണ്ടാം സ്ഥാനത്തിന് വേണ്ടി ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ കടുത്ത മത്സരമുണ്ട്. അതില്‍ ആരാണ് കയറി വരുന്നതെന്ന് അഞ്ചാം തീയതി കഴിഞ്ഞ് പറയാം. ആത്മവിശ്വാസം കുറയേണ്ട ഒരു സാഹചര്യവും യു.ഡി.എഫില്‍ ഇല്ല. നല്ല മുന്നൊരുക്കം നടത്തി ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് നിയോജക മണ്ഡലത്തിലും എല്ലാ കാര്യത്തിലും യു.ഡി.എഫാണ് ഒന്നാംസ്ഥാനത്താണെന്നും വി.ഡി സതീശൻ പറഞ്ഞു.

പി.പി ദിവ്യയും തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വിഷയമാണ്. വേറെ കത്തിന്റെ പിറകെ പോയാലൊന്നും അത് ഇല്ലാതാകില്ല. ആരെല്ലാം ഏതെല്ലാം വഴിക്ക് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും ഈ തെരഞ്ഞെടുപ്പില്‍ ഒരു പൊളിറ്റിക്കല്‍ നറേറ്റീവുണ്ടാകും. ഇപ്പോള്‍ കറങ്ങിത്തിരിഞ്ഞ് പൂരം വന്നില്ലേ? ദിവ്യ കേസും വന്നില്ലേ? സര്‍ക്കാരിന്റെ ദുര്‍ഭരണത്തിന് എതിരായ യു.ഡി.എഫിന്റെ പൊളിറ്റിക്കല്‍ നറേറ്റീവും കേന്ദ്ര സര്‍ക്കാരിന്റെ വര്‍ഗീയതക്ക് എതിരായ കാമ്പയിനും ചര്‍ച്ചയാകും. അതു തന്നെയായിരിക്കും തെരഞ്ഞെടുപ്പിലെ നറേറ്റീവ്. അത് ആരൊക്കെ മനഃപൂര്‍വമായി ആയാലും അല്ലാതെ ആയാലും വേറെ വഴിക്ക് തെറ്റിച്ച് കൊണ്ടു പോകാന്‍ ശ്രമിച്ചാലും അതിനൊന്നും ആയുസുണ്ടാകില്ലെന്ന് മനസിലായില്ലേ? അതിനൊന്നും ആയുസുണ്ടാകില്ല.

30 വര്‍ഷം ജമാഅത്തെ ഇസ്ലാമിക്കൊപ്പമായിരുന്നു സി.പി.എം. പിണറായി വിജയനും കോടിയേരിയും ജമാഅത്തെ ഇസ്ലാമിയുടെ ആസ്ഥാനത്ത് പോയിട്ടില്ലേ. ഞാന്‍ മത്സരിച്ച ആറ് തെരഞ്ഞെടുപ്പുകളില്‍ അഞ്ചിലും ജമാഅത്തെ ഇസ്ലാമി എല്‍.ഡി.എഫിനൊപ്പമായിരുന്നു. ഞങ്ങള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ മതേതരവാദി, വിട്ടു പോകുമ്പോള്‍ വര്‍ഗീയവാദി, ആ നിലപാട് കയ്യില്‍ വച്ചാല്‍ മതി. യു.ഡി.എഫ് എടുത്തതു പോലുള്ള സെക്യുലര്‍ നിലപാട് ആരെങ്കിലും സ്വീകരിച്ചിട്ടുണ്ടോ. പണ്ട് ലീഗിന് പിന്നാലെ നടന്ന മതേതര പാര്‍ട്ടിയാണെന്നും സുന്ദരിയാണെന്നുമൊക്കെ പറഞ്ഞതല്ലേ.

ഇപ്പോള്‍ അവര്‍ ലീഗിനെ കുറിച്ച് എന്തൊക്കെയാണ് പറയുന്നത്? നേരം ഇരുട്ടി വെളുക്കുന്നതിന് മുന്‍പ് ലീഗ് എങ്ങനെയാണ് വര്‍ഗീയ പാര്‍ട്ടിയായി മാറിയത്? ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പി.ഡി.പി പിന്തുണയുള്ള സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫ് വച്ച ബോര്‍ഡുകള്‍ ഇപ്പോഴുമുണ്ട്. എന്നിട്ടാണ് ഇപ്പോള്‍ ജയരാജന്റെ പുസ്തകം ഇറക്കിയിരിക്കുന്നത്. ആ പുസ്തകത്തില്‍ വിവിധ മുസ്ലീം സംഘടനകള്‍ക്കെതിരയാ ആക്രമണമാണ്. ഭൂരിപക്ഷ പ്രീണനമെന്ന പുതിയ നയത്തിന്റെ ഭാഗമാണത്. ആ നയം എത്രകാലം നില്‍ക്കുമെന്ന് അറിയില്ല. കാരണം, പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ ചോര്‍ന്നു പോയി. അതിനു വേണ്ടിയാണ് 87 മോഡല്‍ എന്ന പേരില്‍ ഭൂരിപക്ഷ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നത്. ഇതൊക്കെ മനസിലാക്കാനുള്ള ബുദ്ധി മലയാളികള്‍ക്കുണ്ട്.

വെള്ളാപ്പള്ളി നടേശന്‍ ഉമാ തേമസിനെയും കാണാന്‍ വിസമ്മതിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവന്റെ കൃതികള്‍ എല്ലാ ഭാഷയിലും പ്രസിദ്ധീകരിക്കണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട ആളായിരുന്നു പി.ടി തോമസ്. ശ്രീനാരായണ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹത്തിന്റെ സഹധര്‍മ്മിണിയെ പോലും കാണാന്‍ തയാറായിട്ടില്ല. അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനമാണ്. അതില്‍ ഞങ്ങള്‍ക്ക് ഒരു പരാതിയുമില്ല. കോണ്‍ഗ്രസ് ഒരു സമുദായ സംഘടന നേതാക്കളോടും ഒരു ദ്രോഹവും ചെയ്തിട്ടില്ല. അദ്ദേഹം എന്നെ കുറിച്ചും മോശമായി പറഞ്ഞു. അതിന് മറുപടി പറയുന്നില്ല. അദ്ദേഹത്തെ ഞാന്‍ ഏത് തരത്തിലാണ് ദ്രോഹിച്ചത് എന്നു കൂടി പറയണം. പ്രതിപക്ഷ നേതാവായതിനു ശേഷം ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.

പൂരം കലങ്ങിയതല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിനെതിരെ മാത്രമല്ല സ്വന്തം മുന്നണിയിലെ സി.പി.ഐക്കും എതിരായ വിമര്‍ശനമാണ് മുഖ്യമന്ത്രി ഉന്നയിച്ചിരിക്കുന്നത്. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരാണ് പൂരം കലക്കിയതാണെന്നു പറഞ്ഞത്. എന്നിട്ടും മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. വെടിക്കെട്ട് വൈകിയതല്ല പ്രശ്‌നം. മഠത്തില്‍ വരവ് തുടങ്ങിയതു മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. പൂരം കലക്കുന്നതിനു വേണ്ടി എ.ഡി.ജി.പി അജിത് കുമാര്‍ നല്‍കിയ പ്ലാനാണ് പൊലീസ് നടപ്പാക്കിയത്. പൂരം കലക്കിയതല്ലെങ്കില്‍ ഉത്തരവാദി കമ്മിഷണറാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ അയാള്‍ക്കെതിരെ നടപടി എടുത്തത് എന്തിനു വേണ്ടിയായിരുന്നു? കമ്മിഷണര്‍ മാത്രമല്ല എ.ഡി.ജി.പിയുടെ സന്നിധ്യം അവിടെ ഉണ്ടായിരുന്നുവെന്ന് പറഞ്ഞത് പ്രതിപക്ഷമാണ്. ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും എ.ഡി.ജി.പി ഇടപെട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഒരു ഫോണ്‍ കോള്‍ പോലും ഉദ്യോഗസ്ഥര്‍ക്ക് വന്നില്ല. അപ്പോള്‍ മുഖ്യമന്ത്രി കൂടി അറിഞ്ഞു കൊണ്ടുള്ള പൂരം കലക്കല്‍ ഗൂഡാലോചനയാണ് അവിടെ നടന്നത്. പൂരം കലക്കിയതിനെ കുറിച്ച് ത്രിതല അന്വേഷണം നടക്കുമ്പോള്‍ പൂരം കലങ്ങിയിട്ടില്ലെന്നു മുഖ്യമന്ത്രി പറയുന്നതു തന്നെ അന്വേഷണത്തെ അട്ടിമറിക്കാനാണ്. വെടിക്കെട്ട് മാത്രം വൈകിയതെങ്കില്‍ എന്തിനാണ് ത്രിതല അന്വേഷണം. മുഖ്യമന്ത്രി ആരെയാണ് കബളിപ്പിക്കുന്നത്? കേരളത്തിലെ ജനങ്ങളെ നിങ്ങള്‍ കബളിപ്പിക്കുകയാണോ? അന്വേഷണം പ്രഖ്യാപിച്ച് പൊലീസ് എഫ്.ഐ.ആര്‍ ഇട്ടിട്ടും കലങ്ങിയില്ലെന്നു പറഞ്ഞാല്‍ എത്ര പരിതാപകരമാണ് നിങ്ങളുടെ ഭരണം!

ബി.ജെ.പിയും സി.പി.എമ്മും ഒന്നിച്ച് ഗൂഡാലോചന നടത്തി പൂരം കലക്കിയെന്നതാണ് യു.ഡി.എഫിന്റെ ആരോപണം. രണ്ട് മന്ത്രിമാര്‍ക്ക് പോകാന്‍ പറ്റാത്ത സ്ഥലത്തേക്കാണ് മുന്നിലും പിന്നിലും പൊലീസ് സംരക്ഷണയില്‍ സേവാഭാരതിയുടെ ആംബുലന്‍സില്‍ ബി.ജെ.പി സ്ഥാനാർഥിയെയും വത്സന്‍ തില്ലങ്കേരിയെയും നാടകീയമായി എത്തിച്ചത് എങ്ങനാണ്? ആംബുലന്‍സില്‍ കയറിയിട്ടില്ലെന്നാണ് ഇപ്പോള്‍ ഒരാള്‍ പറയുന്നത്. ആംബുലന്‍സില്‍ എത്തുന്നതിന്റെ വിഷ്വല്‍സ് എല്ലാവരുടെ കയ്യിലുണ്ടല്ലോ. ഇപ്പോള്‍ മായക്കണ്ണാണെന്നൊക്കെ തോന്നും. പൂരം കലക്കിയതിനെ കുറിച്ച് കേന്ദ്രവും അന്വേഷിക്കേണ്ട കേരളവും അന്വേഷിക്കേണ്ട; ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടത്. സുരേഷ് ഗോപി സി.ബി.ഐ അന്വേഷണവും കേരള സര്‍ക്കാര്‍ ഇവിടെ അന്വേഷിച്ചാല്‍ മതിയെന്നും പറയുന്നതിന്റെ കാരണം മനസിലായല്ലോ?

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ പ്രീണനമാണ് സി.പി.എം നടത്തിയത്. 35 ദിവസവും സി.എ.എയെ കുറിച്ചാണ് മുഖ്യമന്ത്രി പ്രസംഗിച്ചത്. ന്യൂനപക്ഷ വോട്ട് കിട്ടിയതുമില്ല, ഭൂരിപക്ഷ വോട്ട് പോകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനവുമായി ഇറങ്ങിയിരിക്കുന്നത്. ന്യൂനപക്ഷ, ഭൂരിപക്ഷം പ്രീണനം മാറ്റി മതേതര നിലപാടെടുക്കാന്‍ എല്‍.ഡി.എഫ് തയാറാകണം. കേരളത്തിലെ കോണ്‍ഗ്രസും യു.ഡി.എഫും സ്വീകരിച്ചിരിക്കുന്നതു പോലെ വിട്ടുവീഴ്ചയില്ലാത്ത സെക്യുലര്‍ നിലപാട് എടുക്കണമെന്നാണ് നിങ്ങളോട് ആവശ്യപ്പെടാനുള്ളത്. നിങ്ങള്‍ക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി നിങ്ങള്‍ കേരളത്തിലെ സി.പി.എമ്മിനെ സംഘ്പരിവാറിന്റെ തൊഴുത്തില്‍ കൊണ്ടു പോയി കെട്ടിയിരിക്കുകയാണ്. കേരളത്തിലെ സി.പി.എം ജീര്‍ണതയിലേക്ക് പോകുകയാണ്. നിങ്ങളുടെ സ്വന്തം ആവശ്യത്തിന് വേണ്ടി അവരെ സന്തോഷിപ്പിക്കാന്‍ സംഘ്പരിവാറിന്റെ തൊഴുത്തില്‍ കൊണ്ടു പോയി സി.പി.എമ്മിനെ കെട്ടിയ നിങ്ങള്‍ ഞങ്ങള്‍ക്ക് മതേതരത്വത്തിന്റെ ക്ലാസെടുക്കേണ്ട.

ഞാന്‍ ഉപജാപകസംഘത്തിന്റെ രാജകുമാരനാണെന്നാണ് എം.ബി രാജേഷ് പറഞ്ഞത്. വാളയാറില്‍ ഒന്‍പതും പതിമൂന്നും വയസുള്ള രണ്ടു പെണ്‍കുട്ടികളെ കൊന്ന് കെട്ടിത്തൂക്കിയതിന് പിന്നിലെ പ്രതികളെ രക്ഷിക്കുന്നതിന് വേണ്ടി ഒരു ഉപജാപകം നടന്നിട്ടുണ്ട്. ആ ഉപജാപത്തെ കുറച്ച് ഓര്‍ത്താണ് എം.ബി രാജേഷ് ഇപ്പോള്‍ ഉപജാപത്തെ കുറിച്ച് സംസാരിക്കുന്നത്. ബാക്കി എന്നെക്കൊണ്ട് പറയിക്കേണ്ട. അതാണ് രാജേഷിനുള്ള മറുപടി. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ വിമര്‍ശനത്തിന് അതിതനല്ല. നിയമസഭയില്‍ മൂന്ന് ദിവസവും അവര്‍ എനിക്കെതിരെയാണ് പറഞ്ഞത്. അതൊക്കെ ആരെക്കുറിച്ചാണ് പറഞ്ഞതെന്ന് ഞാന്‍ മറുപടിയും നല്‍കിയിട്ടുണ്ടെന്നും വി.ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P SarinVD SatheesanPalakkad By Election 2024
News Summary - Which is the symbol of Palakkad CPM candidate -VD Satheesan
Next Story