ഡൽഹിയും പഞ്ചാബും വൈദ്യുതി സൗജന്യമാക്കുമ്പോൾ ഇടതു സർക്കാർ നിരക്കുകൂട്ടി ഇരുട്ടടി നൽകുന്നു -വെൽഫെയർ പാർട്ടി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ചതിലൂടെ ജനങ്ങൾക്ക് പിണറായി സർക്കാർ കനത്ത ഇരുട്ടടിയാണ് നൽകിയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം. ഡൽഹി, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ ഗാർഹിക ഉപഭോക്താക്കൾക്ക് അടക്കം വൈദ്യുതി നിരക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലുമാണ് നൽകുന്നത്. എന്നാൽ കേരള സർക്കാർ ഒരു തരത്തിലുള്ള ക്ഷേമ പദ്ധതികളും ജനങ്ങൾക്കു വേണ്ടി ചെയ്യുന്നില്ല.
നിത്യോപയോഗ സാധനങ്ങൾക്ക് ദിനംപ്രതി വില കുതിച്ചുയരുന്നത് ഒരുനിലക്കും നിയന്ത്രിക്കാൻ കഴിയാത്ത ഭരണകൂടമാണ് സംസ്ഥാനത്തുള്ളത്. കോവിഡിന്റെ പ്രതിസന്ധിയിൽ നിന്നും സാവകാശത്തിൽ കരകയറാൻ ശ്രമിക്കുന്ന പൊതുജനത്തിനു മേൽ കൂടുതൽ അധികാരപ്രയോഗം നടത്തി പണം തട്ടിപ്പറിക്കാനാണ് വൈദ്യുതി നിരക്ക് വർധനവിലൂടെ സർക്കാർ ശ്രമിക്കുന്നത്.
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വൈദ്യുതി ചാർജ് കുടിശ്ശിക ഇനത്തിൽ കെഎസ്ഇബിക്ക് കിട്ടാനുള്ള 1200 കോടി രൂപ അധികം തിരിച്ചെടുക്കാൻ ഉണ്ടെങ്കിലും കെഎസ്ഇബിയും സർക്കാരും മൗനം പാലിക്കുകയാണ് ചെയ്യുന്നത്. ചെറിയ തോതിലാണ് വർധനവ് എന്ന ധാരണ പരത്തി എല്ലാ വർഷവും വൈദ്യുതി ചാർജ് വർധിപ്പിക്കാനുള്ള സർക്കാറിന്റെ പുതിയ പദ്ധതി ജനങ്ങളെ കബളിപ്പിക്കുന്നതാണ്. ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് ഉൾപ്പെടെ വർധിപ്പിച്ചാണ് സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുന്നത്.
ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന വൈദ്യുത ചാർജ് വർധന പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.