നടന്ന് പോകുന്നതിനിടെ തലചുറ്റൽ വന്ന് ട്രാക്കിൽ കിടന്നു; ട്രെയിനിനടിയിൽപെട്ടെങ്കിലും 'പുനർജന്മം' നേടി ശാന്ത
text_fieldsവടക്കാഞ്ചേരി: റെയിൽപാതയിലൂടെ വീട്ടിലേക്ക് നടന്ന് പോകുന്നതിനിടെ തലചുറ്റൽ വന്ന് ട്രാക്കിൽ കിടന്ന വയോധികയുടെ ശരീരത്തിന് മുകളിലൂടെ ട്രെയിൻ കടന്നുപോയെങ്കിലും കൈവന്നത് അത്ഭുതകരമായ 'പുനർജന്മം'. വടക്കാഞ്ചേരി മാരാത്ത്കുന്ന് റെയിൽവേ ഗേറ്റിന് സമീപം തിങ്കളാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. എങ്കക്കാട് ഏറത്ത് വീട്ടിൽ പരേതനായ മാധവന്റെ ഭാര്യ ശാന്തയാണ് (76) രക്ഷപ്പെട്ടത്.
ഉത്രാളിക്കാവിൽ ദർശനവും വഴിപാടും കഴിഞ്ഞ് റെയിൽവേ ട്രാക്കിലൂടെ നടന്ന് എങ്കക്കാടുള്ള വസതിയിലേക്ക് വരുകയായിരുന്നു ഇവർ. അതിനിടെ തലചുറ്റൽ തോന്നിയ ശാന്ത ട്രാക്കിൽ കിടക്കുകയും ഷൊർണൂർ ഭാഗത്തേക്ക് പോയിരുന്ന മംഗള എക്സ്പ്രസ് ട്രെയിനിന്റെ എൻജിനും രണ്ട് ബോഗികളും ഇവരുടെ ശരീരത്തിന് മുകളിലൂടെയായി കടന്നുപോവുകയും ചെയ്തു.
റെയിൽവേ ഗേറ്റ് പരിസരത്തെ ചുമട്ടുതൊഴിലാളികളും റെയിൽവേ ജീവനക്കാരും ഇവരെ ട്രെയിനിന്റെ അടിയിൽനിന്ന് പുറത്തെടുത്തു. ട്രാക്കിൽ പണി നടക്കുന്നതിനാൽ ട്രെയിൻ വളരെ സാവധാനമാണ് പോയിരുന്നത്. എൻജിൻ ഡ്രൈവർ വയോധിക വീഴുന്നത് കണ്ട് വണ്ടി നിർത്തിയതും കാരണം വലിയ അപകടം ഒഴിവായി. ശാന്തയുടെ പുറത്തും തലയിലും ചെറിയ പരിക്കുണ്ട്.
ഇവരെ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷൻ ഓഫിസർ കെ. മാധവൻകുട്ടി, എസ്.ഐ ആന്റണി ക്രോമ്സൺ അരൂജ, ഉത്രാളിക്കാവ് പൂരാഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി മണികണ്ഠൻ, സുമേഷ് അരയംപറമ്പിൽ എന്നിവർ ചേർന്ന് വടക്കാഞ്ചേരി ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.