Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.ആര്‍ ഏജന്‍സിയുടെ...

പി.ആര്‍ ഏജന്‍സിയുടെ ഏജന്റുമാരായ രണ്ടു പേര്‍ ആരൊക്കെ-വി.ഡി സതീശൻ

text_fields
bookmark_border
പി.ആര്‍ ഏജന്‍സിയുടെ ഏജന്റുമാരായ രണ്ടു പേര്‍ ആരൊക്കെ-വി.ഡി സതീശൻ
cancel

കൊച്ചി: നേരിട്ടു പറയാതെ പി.ആര്‍ ഏജന്‍സിയെ കൊണ്ട് പറയിപ്പിക്കുകയെന്ന കൗശലമാണ് മുഖ്യമന്ത്രി കാട്ടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംഘ്പരിവാര്‍ സഞ്ചരിക്കുന്ന അതേ പാതിയിലാണ് മുഖ്യമന്ത്രിയും സി.പി.എമ്മും സഞ്ചരിക്കുന്നത്. ഭിന്നിപ്പുണ്ടാക്കുന്ന വാക്കുകള്‍ ഉപയോഗിക്കുന്നത് ഒരു മുഖ്യമന്ത്രിക്ക് ഭൂഷണമാണോ? എല്ലാ ഏകാധിപതികളേയും പോലെ പിണറായി വിജയനെയും ഭയമാണ് ഭരിക്കുന്നത്. ഭയമാണ് അദ്ദേഹത്തെ കൊണ്ട് ഇതെല്ലാം ചെയ്യിപ്പിക്കുന്നത്. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ് ഇത്തരത്തില്‍ അധപതിച്ചിരിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ വിവാദമായ വാക്കുകള്‍ സംസ്ഥാന, രാജ്യ താല്‍പര്യങ്ങള്‍ക്ക് നിരക്കുന്നതല്ല. അഭിമുഖം ഇന്നലെ പത്രത്തില്‍ പ്രസിദ്ധീകരിച്ചിട്ടും മുഖ്യമന്ത്രി പറയാത്ത കാര്യമാണ് അഭിമുഖത്തില്‍ വന്നതെന്ന് ചൂണ്ടിക്കാട്ടി ഇന്ന് ഉച്ചക്കാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഹിന്ദു ദിനപത്രത്തിന് പരാതി നല്‍കിയത്. ഇന്ന് ഉച്ചവരെ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും എവിടെയായിരുന്നു. മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവരും പത്രത്തില്‍ അച്ചടിച്ചു വന്ന അഭിമുഖം വായിച്ചില്ലേ? എന്തുകൊണ്ടാണ് ഇന്നലെ തന്നെ നിഷേധിക്കാതിരുന്നതെന്നും അദ്ദേഹം ചോദിച്ചു.

മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും കൂടുതല്‍ വെട്ടിലാക്കുന്ന മറുപടിയാണ് ഹിന്ദു ദിനപത്രം നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെയ്‌സണ്‍ എന്ന പി.ആര്‍ ഏജന്‍സി സമീപിച്ചെന്നാണ് ഹിന്ദു ദിനപത്രം പറയുന്നത്. ഒരു ദേശീയ ദിനപത്രത്തിന് അഭിമുഖം നല്‍കാന്‍ കേരളത്തിലെ മുഖ്യമന്ത്രിക്ക് എന്തിനാണ് ഒരു പി.ആര്‍ ഏജന്‍സിയുടെ ആവശ്യം? മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു മീഡിയാ വിഭാഗവും പി.ആര്‍.ഡിയും പ്രസ് സെക്രട്ടറിയും മാധ്യമ ഉപദേശകനുമുണ്ടല്ലോ. ഇതൊന്നും കൂടാതെയാണ് ഒരു പി.ആര്‍ ഏജന്‍സി മുഖ്യമന്ത്രിയുടെ അഭിമുഖം പ്രസിദ്ധീകരിക്കണമെന്ന് ദിനപത്രത്തോട് ആവശ്യപ്പെട്ടത്. എത്ര അപമാനകരമായ കാര്യമാണിത്.

അപ്പോള്‍ പിണറായി വിജയന് പി.ആര്‍ ഏജന്‍സിയൊക്കോ ആകാം. നേരത്തെ കോണ്‍ഗ്രസ് അംഗമായ സുനില്‍ കനഗോലു കെ.പി.സി.സി യോഗത്തില്‍ പങ്കെടുത്തെന്ന് ആരോപിച്ച് പത്രസമ്മേളസനം നടത്തിയ ആളാണ് പിണറായി വിജയന്‍. കാലം എല്ലാത്തിനും കണക്ക് ചോദിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഹിന്ദു ദിനപത്രത്തിന് അഭിമുഖം നല്‍കുമ്പോള്‍ പി.ആര്‍ ഏജന്‍സിയുടെ രണ്ടു പേര്‍ ഒപ്പമുണ്ടായിരുന്നു. രാജ്യത്ത് മത സ്പര്‍ദ്ധയുണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനു വേണ്ടി ബ.ജെ.പി സ്ഥിരമായി ഉപയോഗിക്കുന്ന അതേ വാചകങ്ങള്‍ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയ പി.ആര്‍ ഏജന്‍സി ഹിന്ദു ദിനപത്രത്തിന് എഴുതി നല്‍കി.

ഇത്തരത്തില്‍ ഒരു പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത് പ്രസിദ്ധീകരിച്ചതില്‍ മാത്രമാണ് ഹിന്ദു ദിനപത്രം ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. ഏറ്റവും വിവാദമായ കാര്യങ്ങള്‍ അഭിമുഖത്തില്‍ പറയാതെ പി.ആര്‍ ഏജന്‍സിയെ കൊണ്ട് എഴുതി നല്‍കുകയെന്ന ബുദ്ധിയാണ് പിണറായി വിജയന്‍ കാട്ടിയത്. വിവാദമായാല്‍ തള്ളിപ്പറയുന്നതിനു വേണ്ടിയാണ് അങ്ങനെ ചെയ്തത്. അത് മുഖ്യമന്ത്രിയുടെ കാഞ്ഞബുദ്ധിയും കൗശലവുമാണ്.

ഉത്തരവാദിത്തത്തില്‍ നിന്നും പിണറായി വിജയന് ഒഴിഞ്ഞു മാറാനാകുമോ? ഈ പി.ആര്‍ ഏജന്‍സി ആരുടേതാണ്? ഏജന്‍സിയുമായി മുഖ്യമന്ത്രിക്ക് എന്തെങ്കിലും ബന്ധമുണ്ടോ? പണം നല്‍കുന്നത് സര്‍ക്കാരാണോ? അതോ പാര്‍ട്ടിയാണോ? മുഖ്യമന്ത്രി അഭിമുഖം നല്‍കിയപ്പോള്‍ പി.ആര്‍ ഏജന്‍സിയുടെ ഏജന്റുമാരായി ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ ആരൊക്കെയാണ്? അവര്‍ക്ക് മുഖ്യമന്ത്രിയുമായി എന്തു ബന്ധമാണുള്ളത്? ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി നല്‍കുമോ?

അപകടം മനസിലായപ്പോഴാണ് അതില്‍ നിന്നും ഊരുന്നതിനു വേണ്ടി മുഖ്യമന്ത്രി വീണിടത്തു കിടന്ന് ഉരുളുന്നത്.ഒരു നുണയും മറച്ചു വെക്കാനാകില്ല. എല്ലാം പുറത്തുവരും. എന്ത് ബന്ധമാണ് ഏജന്‍സിയുമായി മുഖ്യമന്ത്രിക്കുള്ളതെന്ന് മറുപടി പറയട്ടേ. ആരൊക്കെയാണ് മുഖ്യമന്ത്രിയുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതെന്ന് പുറത്തു വരട്ടെ. മുഖ്യമന്ത്രിയുടെ കാപട്യം മുഴുവന്‍ പുറത്തുവരട്ടെ. പി.ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് ദിനപത്രത്തിന് അഭിമുഖം നല്‍കാന്‍ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളത്തിൽ സതീശൻ ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:V D SatheesanPR agency
News Summary - Who are the two agents of the PR agency-VD Satheesan?
Next Story