ആരാണ് ഷാജ് കിരണിന് പിന്നിൽ? എ.ഡി.ജി.പിയെ വലിച്ചിഴച്ചിട്ടും പൊലീസ് നടപടിയുണ്ടാകാത്തത് എന്തുകൊണ്ട്?
text_fieldsസ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷുമായുള്ള സംഭാഷണം പുറത്തുവന്ന സാഹചര്യത്തിൽ ഷാജ് കിരണിതെിരെ പൊലീസ് നടപടിയുണ്ടാകാത്തത് എന്തുകൊണ്ടെന്ന ചോദ്യമാണ് രാഷ്ട്രീയ നിരീക്ഷകർ ഉയർത്തുന്നത്. സ്വപ്നയോട് സംസാരിക്കുമ്പോൾ എ.ഡി.ജി.പിയാണ് ഫോണിൽ മറുഭാഗത്തെന്ന് ഷാജ് കിരൺ പറയുന്നുണ്ട്. അത് കളവാണെങ്കിൽ ഷാജ് കിരണിനെതിരെ ഉടൻ പൊലീസ് നടപടി സ്വീകരിക്കേണ്ടതല്ലേ എന്ന ചോദ്യമാണുയരുന്നത്. എ.ഡി.ജി.പി എന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയെ ആണ് ഷാജ് കിരൺ ചോദ്യം ചെയ്തത് എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സരിതിനെ കസ്റ്റഡിയിലെടുക്കുന്നതിൽ സർക്കാരും ആഭ്യന്തര വകുപ്പും കാണിച്ച ആവേശം ഷാജ് കിരണിന്റെ കാര്യത്തിലുണ്ടായില്ല. പൊലീസ് തന്ത്രപരമായി നോക്കുത്തിയായി. അത് രാഷ്ട്രീയ നേതൃത്വത്തിനോ സർക്കാർ സംവിധാനത്തിനോ ഷാജ് കിരണുമായി ബന്ധമുണ്ടെന്ന ആരോപണം ശരിവെക്കുകയാണ്. രാഷ്ടീയ കേന്ദ്രവുമായി അടുത്ത ബന്ധമില്ലാതെ വലിയ തട്ടിപ്പിന് ഷാജ് കിരണിനെപ്പോലൊരാൾ രംഗത്ത് ഇറങ്ങില്ല. സ്വപ്നയുടെ പുതിയ വെളിപ്പെടുത്തൽ ഗൂഢാലോചനയുടെ ഭാഗമാണെന്നും മുഖ്യമന്ത്രിയെയും കുടുംബത്തെയും കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുമ്പോഴും ഷാജ് കിരണിനെ കുറിച്ചുള്ള ചോദ്യങ്ങൾക്കുള്ള മറുപടി അറിയില്ല എന്നതിൽ ഒതുക്കി.
സ്വപ്നയെ ഇരയായി കണ്ടാണ് ഷാജ് കിരൺ സമീപിച്ചതെന്ന കാര്യത്തിൽ സംശയമില്ല. മുഖ്യമന്ത്രിയുടെയും കോടിയേരിയുടെയും ഫണ്ട് യു.എസിലേക്ക് കടത്തുന്നത് ബിലിവേഴ്സ് ചര്‍ച്ച് വഴിയാണെന്ന ആരോപണത്തിനപ്പുറം, സഭക്കെതിരെ ഷാജ് കിരൺ വലിയൊരു അഴിമതിയാണ് ഉന്നയിച്ചിരിക്കുന്നത്. സഭാ അധികൃതരും ഇതുവരെ പ്രതികരിച്ചിട്ടില്ല. സുഭാഷ് ബാബു -തുഷാർ വെള്ളപ്പള്ളി കേസിലും ഇടപെട്ടത് ഷാജ് കിരൺ എന്നാണ് അറിയുന്നത്. എല്ലാവർക്കും ഉപയോഗിക്കാവുന്ന ബ്രോക്കർ മാത്രമെങ്കിൽ ഷാജ് കിരണിനെ പൊലീസ് സംരക്ഷിക്കുന്നതിന്റെ കാരണമെന്താണെന്ന ചോദ്യമാണുയരുന്നത്.
കേന്ദ്ര ഏജൻസികൾക്ക് മുന്നിൽ നേരത്തെ ഇതേ മൊഴി കൊടുത്തിരുന്നുവെന്ന് സ്വപ്ന പറയുന്നു. ആ മൊഴി മുഖവിലക്കെടുത്ത് അന്വേഷണം നടത്താൻ കേന്ദ്ര ഏജൻസിയെ തടഞ്ഞത് ആരാണെന്ന ചോദ്യവുമുയരുന്നു. സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രിയുടെ ഭാര്യ കമലയെയും മകൾ വീണയെയും ചോദ്യം ചെയ്യാമായിരുന്നു.
മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കറിന്റെ ഭാര്യയും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഭാര്യയും തമ്മിൽ ബന്ധുക്കളാണെന്നും അതിനാലാണ് കേന്ദ്ര ഏജൻസികൾ ശിവശങ്കരനെ സഹായിച്ചതെന്നുമാണ് ചില ബി.ജെ.പി നേതാക്കളുടെ അടക്കം പറച്ചിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.