രാഷ്ട്രീയ, സാമുദായിക സന്തുലനം തോൽപിക്കുന്നത് ആര്?
text_fieldsകേരളത്തിൽ ഇതാദ്യമായി ബി.ജെ.പി ലോക്സഭയിലേക്ക് അക്കൗണ്ട് തുറന്നിരിക്കുന്നു. തൃശൂരിൽ ശ്രദ്ധേയമായ ഭൂരിപക്ഷത്തോടെയാണ് അവർ വിജയിച്ചത്. തിരുവനന്തപുരത്ത് ഇഞ്ചോടിഞ്ച് പൊരുതിയാണ് ശശി തരൂരിനോട് തോറ്റത്. ആറ്റിങ്ങലിലും ആലപ്പുഴയിലും അവർ വോട്ടെണ്ണത്തിൽ വലിയ മുന്നേറ്റം നടത്തി. യു.ഡി.എഫിന്റെ വിജയം അതിഗംഭീരമാണെങ്കിലും അതിലേറെ ശ്രദ്ധേയം, മതേതര കേരളത്തിലേക്കുള്ള ബി.ജെ.പിയുടെ കാലൂന്നലാണ്.
മതേതര കേരളത്തിലെ ഈ സാമൂഹികമാറ്റങ്ങൾ എന്തിന്റെ സൂചനയാണെന്നത് കൂടുതൽ ഗൗരവമുള്ള ചിന്തകൾക്ക് കാരണമാകുന്നു. ന്യൂനപക്ഷ വിഭാഗങ്ങളുടെ മതേതര നിലപാടുകൾ എന്നും സംസ്ഥാനത്ത് തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഇക്കുറിയും അതുണ്ടായി. എന്നാൽ, എക്കാലവും ശക്തമായ രാഷ്ട്രീയ നിലപാടുകൾ എടുത്തിട്ടുള്ള ഭൂരിപക്ഷ വിഭാഗത്തിലെ ഒരുവിഭാഗം വോട്ടർമാർ മാറി ചിന്തിച്ചുതുടങ്ങിയോ? എങ്കിൽ ഇവിടത്തെ മുന്നണികളുടെ രാഷ്ട്രീയഭാവി എന്താകും? കേരളത്തിന്റെ രാഷ്ട്രീയ, സാമുദായിക സന്തുലനത്തിന് എന്തു സംഭവിക്കും? ഈ തെരഞ്ഞെടുപ്പു ഫലം ആ വക ചിന്തകൾ ഉണർത്തുന്നു.
ഭൂരിപക്ഷ സമുദായത്തിലെ വോട്ടർമാർ
ഭൂരിപക്ഷ സമുദായത്തിലെ എൺപതു ശതമാനത്തോളം വോട്ടർമാരെയും ഉൾക്കൊള്ളുന്നത് സി.പി.എം എന്ന ഒറ്റപ്പാർട്ടിയാണ്. പണ്ട് കോൺഗ്രസിനും ഈ വിഭാഗത്തിലെ വലിയൊരു ഓഹരി ഉണ്ടായിരുന്നു. എന്നാൽ, പിൽക്കാലത്ത് ആ വോട്ടുബാങ്ക് കോൺഗ്രസിന് വലിയതോതിൽ നഷ്ടമായി. കുറേയൊക്കെ ബി.ജെ.പിയിലും ബാക്കി മറ്റു പാർട്ടികളിലും പോയി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽവരെ ഈ വിഭാഗങ്ങളുടെ വോട്ട് പിടിച്ചുനിർത്താൻ ഇടതുപക്ഷത്തിനു കഴിഞ്ഞു. അതോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ടുകൂടി ചേർന്നപ്പോൾ നിയമസഭയിലേക്ക് വലിയ ഭൂരിപക്ഷത്തിൽ രണ്ടാമതും ഭരണം പിടിക്കാൻ ഇടതുമുന്നണിക്കു കഴിഞ്ഞു. ഇക്കുറി ആ ഭൂരിപക്ഷ സമുദായ വോട്ടുകൾ പിടിച്ചുനിർത്താൻ ഇടതുമുന്നണിക്കു കഴിയാതെ പോയതാണോ? എങ്കിൽ എങ്ങനെ? എന്നും സി.പി.എമ്മിനോട് ആഭിമുഖ്യം കാട്ടിയിരുന്ന എസ്.എൻ.ഡി.പി ഇക്കുറി ശക്തമായ നിലപാട് എടുക്കാതിരുന്നത് എന്തുകൊണ്ട്? ഇങ്ങനെ പലപല ചോദ്യങ്ങൾ ഇടതുമുന്നണിക്കു മുന്നിൽ ഉയരും. ഇടതുമുന്നണി ഉണ്ടെങ്കിൽ മതേതരവിരുദ്ധ ശക്തികൾ കേരളത്തിൽ വേരുപിടിക്കില്ലെന്ന അവകാശവാദത്തിനും ഇതോടെ പ്രസക്തി നഷ്ടമാകും.
മതേതരവിരുദ്ധ ശക്തികൾ ജയിക്കുന്ന അവസ്ഥ ഉണ്ടായാൽ വിജയസാധ്യതയുള്ള എതിർ സ്ഥാനാർഥിക്ക് ക്രോസ് വോട്ടു ചെയ്ത് ജയിപ്പിക്കുന്ന പ്രവണത സി.പി.എമ്മിൽ പലപ്പോഴും കണ്ടിരുന്നു. എന്നാൽ, ഇക്കുറി, തൃശൂരിലും തിരുവനന്തപുരത്തും ആവക വോട്ടിങ് ഉണ്ടാകാതിരിക്കാൻ സി.പി.എം നേതൃത്വം മുൻകരുതൽ എടുത്തിരുന്നു എന്നതും ശ്രദ്ധേയമാണ്.
ഇൻഡ്യ മുന്നണിയുടെ മുന്നേറ്റം യു.ഡി.എഫിന് ബലമാകും
ദേശീയതലത്തിൽ ഇൻഡ്യ മുന്നണിയുടെ മുന്നേറ്റം കേരളത്തിൽ യു.ഡി.എഫിനെ അൽപംകൂടി കെട്ടുറപ്പുള്ളതാക്കും. മുന്നണിയിൽനിന്ന് വിട്ടുപോകുന്നതാണ് നല്ലതെന്ന് ചിന്തിച്ചിരുന്ന ചില കക്ഷികളെ പിടിച്ചുനിർത്താൻ അത് സഹായകമാണ്. കോൺഗ്രസ് ഇപ്പോഴും ഭദ്രമായ അടിത്തറയുള്ള പാർട്ടിയാണെന്ന അവകാശവാദത്തിന് ഏറെ പ്രസക്തിയുണ്ടാക്കാൻ യു.ഡി.എഫ് പ്രകടനം കൊണ്ട് കഴിഞ്ഞു. അതേസമയം, ഇടതുമുന്നണിയിൽനിന്ന് അവരുടെ അടിസ്ഥാന വോട്ടുകളിൽ ചോർച്ചയുണ്ടായിട്ടുണ്ടെങ്കിൽ മുന്നണിയുടെ കെട്ടുറപ്പിനെ അത് സാരമായി ബാധിക്കാം. മുന്നണിയിലെ സ്വന്തം നിലനിൽപിൽ സംശയം തോന്നുന്ന, ചില ഘടകകക്ഷികളെങ്കിലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് യു.ഡി.എഫിനെ സമീപിച്ചേക്കാം. അതിനാൽ ഈ തെരഞ്ഞെടുപ്പുഫലം 2019ലേതു പോലെയാകില്ല, ഇടതുപക്ഷത്തിന്. ഭരണവിരുദ്ധ വികാരങ്ങൾ പരക്കെ ഉയരുന്ന സാഹചര്യത്തിൽ മുന്നണിക്കുള്ളിലും പാർട്ടിക്കുള്ളിലും അസ്വസ്ഥത പടരാൻ സാധ്യത കൂടുതലാണ്.
കേരളത്തിൽ എക്കാലവും ബി.ജെ.പിയെ എതിർക്കുന്നതിൽ മുന്നിൽനിന്ന പാർട്ടിയായിരുന്നു സി.പി.എം. എന്നാൽ, പിണറായി സർക്കാർ അധികാരത്തിലേറിയശേഷം അതിന് ഏറെ മാറ്റംവന്നു. പല കാര്യങ്ങളിലും കേന്ദ്രസർക്കാറുമായി ഒത്തുതീർപ്പു നടത്തി രക്ഷപ്പെടുന്ന നിലപാടാണ് ഇടതു സർക്കാറിൽ നിന്നുണ്ടായത്. അതിന് ഭരണപരമോ അല്ലാത്തതോ ആയ കാരണങ്ങൾ ഉണ്ടാകാം. പക്ഷേ, ആ നിലപാടുകൾ അവരെ പിന്തുണക്കുന്ന വിഭാഗങ്ങളിൽ വൻതോതിൽ അവിശ്വാസ്യത ഉയർത്തിയിട്ടുണ്ട്.
ഇടതുപക്ഷ വിരുദ്ധ തരംഗം
യു.ഡി.എഫിന് അഭിമാനിക്കാൻ കഴിയുന്ന തിളക്കമേറിയ വിജയമാണിത്. വിജയിച്ച മണ്ഡലങ്ങളിൽ മിക്കവയിലും 2019നെക്കാൾ വോട്ടുകൾ വർധിച്ചു. അതേസമയം, കഴിഞ്ഞ തവണത്തെക്കാൾ ഒരു മണ്ഡലം കൂടുതൽ കൈവിട്ടുപോയി. അത് കൊണ്ടുപോയത്, ദേശീയതലത്തിൽതന്നെ എതിരാളിയായ ബി.ജെ.പിയാണ് എന്നത് ഇരട്ട പ്രഹരമാണ്. അതിനിടയിലും ഈ വിജയം അഭിമാനാർഹമാണ്. എന്നാൽ, ഇത് യു.ഡി.എഫ് തരംഗമായല്ല, ഇടതുപക്ഷ വിരുദ്ധ തരംഗമായേ കാണാനാകൂ. എന്നും ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന സർക്കാർ ജീവനക്കാരും കർഷകത്തൊഴിലാളികളും സാധാരണക്കാരും ഇക്കുറി സർക്കാറിനെതിരായിരുന്നു. വിലക്കയറ്റവും തൊഴിലില്ലായ്മയും സാധാരണ ജനത്തെ വലച്ചപ്പോൾ ശമ്പളത്തിനും പെൻഷനും ഉണ്ടായ നിയന്ത്രണങ്ങൾ സർക്കാർ ജീവനക്കാരെ എതിരാക്കി. ശമ്പള-പെൻഷൻ പരിഷ്കരണങ്ങൾ, ഡി.എ കാര്യങ്ങളിൽ സർക്കാർ തികച്ചും നിസ്സംഗതയാണ് കാട്ടിയിരുന്നത്. ഇതിനൊക്കെവേണ്ടി സമരംചെയ്യാൻ ശക്തിയുള്ളത് ഇടതുപക്ഷ സംഘടനകൾക്കാണ്. എന്നാൽ, എതിർപ്പുണ്ടെങ്കിലും ഭരണകക്ഷിയുടെ ഭാഗമായതിനാൽ അമർഷം കടിച്ചുപിടിച്ച് മിണ്ടാതിരിക്കേണ്ട ഗതികേടിലായിരുന്നു, അവർ.
ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രശ്നങ്ങളോട് അനുഭാവം കാട്ടുന്നുവെന്ന് കരുതപ്പെടുന്ന ഇടതുപക്ഷം യാഥാർഥ പ്രശ്നങ്ങളിൽ മുഖം തിരിച്ചതും വിനയായി. രഞ്ജിത് ശ്രീനിവാസൻ കേസിലും ഷാൻ കേസിലും ഉണ്ടായ ഇരട്ടത്താപ്പുനയം ഏറെ ആശയക്കുഴപ്പം ആ വിഭാഗങ്ങളിൽ ഉണ്ടാക്കി. റിയാസ് മൗലവിക്കേസിലും ഇതേ സമീപനം സർക്കാറിൽ നിന്നുണ്ടാകുന്നതായി അവർക്ക് തോന്നി. വടകരയിൽ പ്രചാരണത്തിന്റെ ഭാഗമായി പ്രത്യക്ഷത്തിലും പരോക്ഷമായും ന്യൂനപക്ഷ വിരുദ്ധമായി പെരുമാറിയ സി.പി.എമ്മിന് ആ വക അടവുകൾ പാളിപ്പോയപ്പോൾ ബന്ധപ്പെട്ട വിഭാഗങ്ങളുടെ അവിശ്വാസത്തെയും നേരിടേണ്ടിവന്നു. മണിപ്പൂർ സംഭവങ്ങളിലും ശരിയായവിധം പ്രതികരിക്കാതിരുന്ന സർക്കാറിനോടും ഭരണനേതൃത്വത്തോടും ക്രിസ്ത്യൻ വിഭാഗങ്ങൾക്കും അവിശ്വാസമുണ്ടായി.
ആലത്തൂരിലേത് വ്യക്തിപരമായ വിജയം
ആലത്തൂരിലാണ്, ഇടതുമുന്നണിക്ക് ആശ്വാസ ജയം. അത് മുന്നണിയുടെ ജയമല്ല. സി.പി.എമ്മിലെ ഏറ്റവും വിശ്വാസ്യതയും ജനപിന്തുണയുമുള്ള കെ. രാധാകൃഷ്ണൻ എന്ന നേതാവിന്റെ വ്യക്തിപരമായ വിജയമായേ കാണാനാകൂ. ശക്തമായ ഭരണവിരുദ്ധ വികാരത്തെപ്പോലും അതിജീവിക്കാൻ രാധാകൃഷ്ണനെ തുണച്ചത് അദ്ദേഹത്തിന്റെ പ്രതിച്ഛായതന്നെ. യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസ് മണ്ഡലത്തിലെ പ്രശ്നങ്ങളെ അവഗണിച്ചതായി നേരത്തേ പരാതിയുള്ളതാണ്. ഈ പരാതി തിരുവനന്തപുരത്തും ആറ്റിങ്ങലിലും പത്തനംതിട്ടയിലും മാവേലിക്കരയിലും ചാലക്കുടിയിലുമെല്ലാം ഉണ്ടായിരുന്നു. ഇതിനെയെല്ലാം നിഷ്പ്രഭമാക്കി, ഭരണവിരുദ്ധ വികാരം എന്നുവേണം പറയാൻ. തിരുവനന്തപുരത്ത്, ഫലസ്തീൻ, മണിപ്പൂർ വിഷയങ്ങളിൽ തരൂരിന്റെ പ്രതികരണം ഉണ്ടാക്കിയ അമർഷം കടിച്ചമർത്തിയാണ് അദ്ദേഹത്തിന് ബന്ധപ്പെട്ട സമുദായക്കാർ വോട്ടുചെയ്തത്.
കൊല്ലത്ത് എൻ.കെ. പ്രേമചന്ദ്രനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനും എറണാകുളത്ത് ഹൈബി ഈഡനും അവരുടെ പ്രവർത്തനമികവ് മുതൽക്കൂട്ടായി. നേട്ടങ്ങൾക്കിടയിലും തൃശൂരിലെ മുരളീധരന്റെ തോൽവിയും അതിലുപരി സുരേഷ് ഗോപിയുടെ വിജയവും കോൺഗ്രസിന് മനോവിഷമമുണ്ടാക്കുന്നതാണ്. വടകരയിലെ സ്വന്തം സീറ്റ് മതനിരപേക്ഷ പോരാട്ടത്തിന്റെ പേരിൽ ത്യജിച്ച് തൃശൂരിലെ വെല്ലുവിളി ഏറ്റെടുത്തയാളാണ്, മുരളീധരൻ. ഇതുപോലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിലും അദ്ദേഹം വെല്ലുവിളി ഏറ്റെടുത്ത ചരിത്രമുണ്ട്. സ്വന്തം സഹോദരിയോടും കുടുംബാംഗങ്ങളോടും പോലും എതിർത്ത് മത്സരരംഗത്ത് നിൽക്കേണ്ടിവന്ന അദ്ദേഹത്തിന് പാർട്ടിയുടെ പൂർണ പിന്തുണ ആ മണ്ഡലത്തിൽ കിട്ടിയോ എന്ന് സംശയമാണ്. ഒരു വിഭാഗം ചതിച്ചെന്ന് കരുതുന്നവർ പാർട്ടിയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.