ധർമടത്ത് പിണറായിയോട് ഏറ്റുമുട്ടാൻ കോൺഗ്രസിൽ ആര്?
text_fieldsകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ കോൺഗ്രസ്. സംസ്ഥാനത്ത് ആകെ 92 മണ്ഡലങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർഥികൾ മത്സരിക്കുന്നത്. ആറു മണ്ഡലം സ്ഥാനാർഥികളെ പ്രഖ്യാപിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്. എന്നാൽ, ഒഴിച്ചിട്ട മണ്ഡലത്തിൽ ധർമടത്തിെൻറ പേരില്ലാത്തത് ഇവിടെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് അനിശ്ചിതത്വത്തിന് വഴിയൊരുക്കിയിരിക്കുകയാണ്.
ഒരു ഘട്ടത്തിൽ ഫോർവേഡ് ബ്ലോക്ക് ദേശീയ നേതാവ് ജി. ദേവരാജെൻറ പേര് ഉയർന്നെങ്കിലും താൻ ധർമടത്ത് മത്സരിക്കാനില്ലെന്ന് ജി. ദേവരാജൻ അറിയിച്ചിരുന്നു. കോൺഗ്രസ് സ്ഥാനാർഥികൾ ഇവിടെ മത്സരിക്കുന്നില്ലെന്ന സൂചനയെ തുടർന്ന് ഇദ്ദേഹം തന്നെ ധർമടത്തെത്തുമെന്നാണ് ഇപ്പോഴുള്ള അഭ്യൂഹം.
എ.െഎ.സി.സി വക്താവ് ഷമ മുഹമ്മദ്, ഡി.സി.സി ജനറല്‍ സെക്രട്ടറി സി. രഘുനാഥ് എന്നിവരുടെ പേരും മുഖ്യമന്ത്രിക്കെതിരെ ഉയർന്നുകേട്ടിരുന്നു. ചുവന്നകോട്ടയായ ഇവിടെ ജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുറക്കുവാൻ പോന്ന സ്ഥാനാർഥി വേണമെന്നാണ് അണികളുടെ ആവശ്യം. എടക്കാട്, തലശ്ശേരി നിയമസഭ മണ്ഡലം പുനർവിഭജിച്ച് 2011ലാണ് ധർമടം മണ്ഡലം രൂപവത്കരിച്ചത്.
2011, 2016 വർഷങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് നേതാവായ മമ്പറം ദിവാകരനാണ് യു.ഡി.എഫിൽ ഇവിടെ ജനവിധിതേടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ ആദ്യഘട്ട പര്യടനം പൂർത്തിയാക്കിയിട്ടും എതിരാളിയെ നിശ്ചയിക്കാൻ സാധിക്കാത്തത് കോൺഗ്രസിെൻറ വീഴ്ചയാണ് ചൂണ്ടിക്കാട്ടുന്നത്. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ. പത്മനാഭനാണ് ഇവിടെ എൻഡിഎ സ്ഥാനാർഥി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.