തടസ്സ ഹരജിയിലെ കാരണഭൂതനാര്? വിവരാവകാശ കമീഷനിൽ ഭിന്നത
text_fieldsതിരുവനന്തപുരം: മലയാള സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിൽ, വിവരാവകാശ അപേക്ഷകരിൽനിന്ന് സർക്കാർ ‘ഒളിച്ചുവെച്ച’ വിവരങ്ങൾ പുറത്തുവിടുന്നതിനെ ചൊല്ലി സംസ്ഥാന വിവരാവകാശ കമീഷനുള്ളിൽ ഭിന്നത രൂക്ഷം.
സർക്കാർ സർവിസിലെ ഉന്നത തസ്തികയിൽനിന്ന് വിരമിച്ച പ്രമുഖനെ മുന്നിൽ നിർത്തി, ‘വെട്ടിമാറ്റിയ’ വിവരങ്ങൾ പുറത്തുവരാതിരിക്കാൻ സാംസ്കാരിക വകുപ്പും സിനിമ മേഖലയിലെ ചിലരും നടത്തുന്ന നീക്കങ്ങൾക്കെതിരെ വിവരാവകാശ കമീഷണർമാരിൽ ഒരുവിഭാഗവും, റിപ്പോർട്ടിന്റെ പേരിൽ തുടർച്ചയായി പിണറായി സർക്കാറിനെ പ്രതിസന്ധിയിലാക്കുന്ന നടപടികളിൽനിന്ന് കമീഷണർമാർ വിട്ടുനിൽക്കണമെന്ന ആവശ്യവുമായി മറുവിഭാഗവും രംഗത്തെത്തിയതോടെ റിപ്പോർട്ടിന്മേലുള്ള സംസ്ഥാന വിവരാവകാശ കമീഷന്റെ തുടർനടപടികൾ അനിശ്ചിതത്വത്തിലായി. വിഷയത്തിൽ മുഖ്യ വിവരാവകാശ കമീഷണർ വി. ഹരി നായരുടെ നിലപാട് നിർണായകമാകും.
വ്യക്തികളുടെ സ്വകാര്യതയെ ബാധിക്കുന്നതല്ലാത്ത റിപ്പോർട്ടിലെ എല്ലാ വിവരങ്ങളും അപേക്ഷകർക്ക് കൈമാറുന്നത് സംബന്ധിച്ച് വിവരാവകാശ കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീം ശനിയാഴ്ച രാവിലെ 11ന് അന്തിമ ഉത്തരവ് പുറപ്പെടുവിക്കാനിരിക്കെ തടസ്സവാദവുമായി മറ്റൊരു ഹരജിക്കാരൻ 10.58ന് കമീഷന് മുന്നിലെത്തിയതാണ് അംഗങ്ങൾക്കിടയിൽ ഭിന്നത രൂക്ഷമാക്കിയത്. തടസ്സ ഹരജിയുമായി എത്തിയ ആളുടെ വിവരങ്ങൾ പുറത്തുവിടാൻ കമീഷൻ തയാറായിട്ടില്ല.
ഉത്തരവ് അപേക്ഷകന് കൈമാറുന്നത് തടയാൻ മുൻകൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയാണിതെന്നും ഹരജിയിലെ ‘കാരണഭൂതൻ’ വിവരാവകാശ കമീഷനിലെ തന്നെ ഉന്നതനാണെന്ന ആരോപണവും കമീഷണർമാരിൽ ഒരുവിഭാഗം ഉന്നയിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് കമീഷന് മുന്നിലെത്തിയ അപ്പീലുകളും ഹരജികളും ആദ്യം മുതൽ പരിഗണിച്ചുവന്നിരുന്നത് കമീഷണർ ഡോ.എ. അബ്ദുൽ ഹക്കീന്റെ ബെഞ്ചായിരുന്നു.
എന്നാൽ ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ടിലെ വിവരങ്ങൾ ആവശ്യപ്പെട്ട് സ്വകാര്യ വ്യക്തി നൽകിയ രണ്ടാം അപ്പീൽ ഹക്കീമിനെ അറിയിക്കാതെ കമീഷനിലെ പ്രമുഖന്റെ ഇടപെടലിനെ തുടർന്ന് കമീഷൻ ആസ്ഥാനത്തെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റി.
സ്വകാര്യവ്യക്തിയുടെ രണ്ടാം അപ്പീലിനെക്കുറിച്ച് അറിയാത്തതിനാൽ ‘മാധ്യമം’ ലേഖകന്റെ ഹരജി പരിഗണിച്ചശേഷമാണ് സർക്കാർ ഒഴിവാക്കിയ ഭാഗങ്ങൾ പുറത്തുവിടുന്നത് സംബന്ധിച്ച അന്തിമ ഉത്തരവ് പുറപ്പെടുവിക്കാൻ കമീഷണർ അബ്ദുൽ ഹക്കീം തീരുമാനിച്ചത്. എന്നാൽ തടസ്സഹരജി മുന്നിലെത്തുമ്പോഴാണ് ഇങ്ങെനെയൊരു അപ്പീലിനെക്കുറിച്ച് ഹക്കീം അറിയുന്നതും അന്വേഷിക്കുന്നതും.
നടപടികളിൽ കമീഷന് വീഴ്ചപറ്റിയെന്ന് കണ്ടതോടെയാണ് പരാതിക്കാരനെക്കൂടി കേസിൽ കക്ഷിചേർക്കാൻ തീരുമാനിക്കുന്നതും കേസ് മറ്റൊരു ദിവസത്തേക്ക് വിധി പറയാൻ മാറ്റിയതും. ഇത്തരമൊരു അപ്പീൽ തന്നെ അറിയിക്കാതെ മറ്റൊരു ബെഞ്ചിലേക്ക് മാറ്റിയ പ്രമുഖന്റെ നീക്കത്തിൽ അബ്ദുൽ ഹക്കീം മുഖ്യ വിവരാവകാശ കമീഷണറെ അതൃപ്തി അറിയിച്ചതായാണ് വിവരം.
റിപ്പോർട്ട് വീണ്ടും കോടതി കയറിയേക്കും
അപേക്ഷകരെ അറിയിക്കാതെ സർക്കാർ ഒഴിവാക്കിയ 11 ഖണ്ഡികകൾ അടക്കം റിപ്പോർട്ടിലെ 112 ഖണ്ഡികകൾ പുറത്തുവിടുന്നത് സംബന്ധിച്ച് വിവരാവകാശ കമീഷന്റെ തീരുമാനം വൈകുന്നത് റിപ്പോർട്ടിനെ വീണ്ടും കോടതി കയറ്റുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിവരാവകാശ നിയമപ്രകാരം സർക്കാർ നൽകാത്ത വിവരങ്ങൾ അപേക്ഷകന് നൽകരുതെന്നാവശ്യപ്പെട്ട് വരുംദിവസങ്ങളിൽ ഹേമ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകിയ പലരും വീണ്ടും ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചേക്കും. അങ്ങനെയെങ്കിൽ സർക്കാർ മറച്ചുവെച്ച വിവരങ്ങൾ കോടതിയുടെ അന്തിമ ഉത്തരവിന്റെ അടിസ്ഥാനത്തിൽ മാത്രമേ ഇനി പുറംലോകമറിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.