ആരാണ് ഇപ്പോൾ വി.സി? കാർഷിക സർവകലാശാലയോട് ചാൻസലർ
text_fieldsതൃശൂർ: ആരാണ് ഇപ്പോൾ വൈസ് ചാൻസലർ എന്ന് കാർഷിക സർവകലാശാലയോട് ചാൻസലർ. സ്ഥിരം വി.സി ഇല്ലാത്ത സർവകലാശാലയിൽ വി.സിയുടെ ചുമതല നൽകലും ഇടക്ക് മാറ്റിനൽകലും പരാതിയും കേസും ഒക്കെയായി ആശയക്കുഴപ്പത്തിലായ സാഹചര്യത്തിലാണ് ചാൻസലർ കൂടിയായ ഗവർണറുടെ ഓഫിസിന്റെ ചോദ്യം.
വി.സി ആരെന്ന് വ്യക്തത വരുത്താൻ ആവശ്യപ്പെട്ട് സർവകലാശാലക്ക് ചാൻസലർ കത്തയച്ചു.ഡോ. ആർ. ചന്ദ്രബാബു വൈസ് ചാൻസലർ സ്ഥാനത്തുനിന്ന് വിരമിച്ച ശേഷം സംസ്ഥാന കാർഷികോൽപാദന കമീഷണറായ ഇഷിത റോയിക്ക് സർക്കാർ പകരം ചുമതല നൽകിയിരുന്നു.
ഇതിനെതിരെ സർവകലാശാലയിലെ ഇടത് അധ്യാപക സംഘടന ഹൈകോടതിയെ സമീപിച്ചു. ഇഷിത റോയി വി.സിയുടെ ചുമതല വഹിക്കാൻ യോഗ്യയല്ല എന്നായിരുന്നു വാദം. ഈ കേസ് നടക്കുന്നതിനിടെ ഇഷിത റോയി അവധിയിൽ പ്രവേശിച്ചു. ഇക്കാലത്ത് വെള്ളായണി കാർഷിക കോളജിലെ അധ്യാപിക ഡോ. ആര്യക്ക് വി.സിയുടെ താൽക്കാലിക ചുമതല നൽകി. പ്രോ ചാൻസലറായ കൃഷിമന്ത്രിയുടെ ഓഫിസാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
ഇഷിത റോയിക്ക് ചുമതല നൽകിയതിന് എതിരായ കേസ് ഹൈകോടതി പരിഗണിക്കുമ്പോൾ ആര്യക്കായിരുന്നു ചുമതല. ഇഷിത റോയിക്ക് വി.സിയുടെ ചുമതലയിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ചതായാണ് സർവകലാശാലയുടെ അഭിഭാഷകൻ അന്ന് ഹൈകോടതിയെ അറിയിച്ചത്. കേസ് വിധി പറയാൻ വെച്ച സമയത്ത് ഇഷിത റോയി അവധി നീട്ടിയതിനാൽ ആര്യ താൽക്കാലിക ചുമതലയിൽ തുടരുകയായിരുന്നു.
ഇഷിത റോയിക്ക് ചുമതല വഹിക്കാൻ താൽപര്യമില്ലെന്ന് സർവകലാശാല അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ അതിനെതിരായ പരാതി അന്ന് ഹൈകോടതി തീർപ്പാക്കുകയായിരുന്നു. എന്നാൽ, കേസ് തീർപ്പാക്കിയതിന് പിന്നാലെ ഇഷിത റോയി വി.സിയുടെ ചുമതലയിൽ തിരിച്ചെത്തുകയും ആര്യ ഒഴിയുകയും ചെയ്തു.
ഹൈകോടതി തീർപ്പാക്കിയ കേസിന്റെ വിവരങ്ങൾ ചാൻസലറുടെ ഓഫിസിൽ എത്തിയതിനെ തുടർന്നാണ് ഇപ്പോഴത്തെ അന്വേഷണം. കേസ് തീർപ്പാക്കാൻ ഹൈകോടതിയിൽ പറഞ്ഞ കാര്യങ്ങൾ സർവകലാശാല മാറ്റിപറയുമോ എന്നാണ് അറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.