ആരാണീ ‘വിജയ് പിള്ള’?
text_fieldsബംഗളൂരു: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായുള്ള ആരോപണങ്ങൾ അവസാനിപ്പിക്കാനായി ഇടനിലക്കാരനായി എത്തി എന്ന് സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് പറയുന്ന വിജയ് പിള്ളയുടെ യഥാർഥ പേര് വിജേഷ് പിള്ള എന്നാണ്. ഐ.ടി കമ്പനിയുടെ സി.ഇ.ഒ ആണ് ഇയാൾ. പേര് പറഞ്ഞപ്പോൾ സ്വപ്നക്ക് മാറിപ്പോയതാണ് എന്നാണ് കേസിലെ മറ്റൊരു പ്രതിയും ചർച്ചക്കായി ഒപ്പമുണ്ടായിരുന്ന സരിത് പറയുന്നത്.
തന്റെ ചാനലായ ആക്ഷൻ ഒ.ടി.ടിക്ക് വേണ്ടി സ്വപ്നയുടെ ജീവിത കഥ പരമ്പരയാക്കാമെന്നും ഇതിൽ എല്ലാ തെളിവുകളും പുറത്തുവിടാമെന്നും പറഞ്ഞാണ് ഇയാൾ ഫോണിൽ ബന്ധപ്പെടുന്നത്. പിന്നീടാണ് ആരോപണങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്നതും ഇതിനായി 30 കോടി നൽകാമെന്നും വാഗ്ദാനം നൽകുന്നത്.
ഇയാൾ അയച്ച വാട്സ്ആപ് സന്ദേശങ്ങളുടെയും ഫോൺ കോളുകൾ വന്നതിന്റെയും സ്ക്രീൻഷോട്ടുകൾ സ്വപ്ന പുറത്തുവിട്ടിട്ടുണ്ട്. ബംഗളൂരുവിൽ തന്റെ താമസസ്ഥലത്തുവെച്ച് സംസാരിക്കാൻ സാധിക്കില്ലെന്ന് സ്വപ്ന പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ വൈറ്റ്ഫീൽഡിലെ ‘സുരി’ എന്ന ഹോട്ടലിന്റെ ലൊക്കേഷൻ സ്വപ്നക്ക് അയച്ചുകൊടുക്കുന്നത്. ശനിയാഴ്ച ഹോട്ടൽ ലോബിയിൽവെച്ചാണ് കൂടിക്കാഴ്ച നടന്നത്.
മക്കൾക്കും സരിത്തിനും ഒപ്പമാണ് സ്വപ്ന ഹോട്ടലിൽ എത്തിയത്. നിലവിൽ ബംഗളൂരു വൈറ്റ്ഫീൽഡിലാണ് സ്വപ്ന താമസിക്കുന്നത്.
വിജേഷ് പിള്ളക്ക് സി.പി.എമ്മുമായും മുഖ്യമന്ത്രിയുമായും പാർട്ടി സെക്രട്ടറിയുമായും എന്താണ് ബന്ധമെന്ന് തങ്ങൾക്ക് അറിയില്ലെന്നും സരിത് ‘മാധ്യമ’ത്തോട് പറഞ്ഞു.
വിജേഷ് പിള്ളയുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നത് കളമശ്ശേരിയിൽ
കളമശ്ശേരി: സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിൽ സൂചിപ്പിക്കുന്ന വിജേഷ് പിള്ളയുടെ സ്ഥാപനം പ്രവർത്തിച്ചിരുന്നത് കളമശ്ശേരിയിൽ. സൗത്ത് കളമശ്ശേരി ചങ്ങമ്പുഴ നഗറിൽ ജാക്സൺ മാത്യു എന്നയാളുടെ കെട്ടിടത്തിലാണ് ഡബ്ല്യു.ജി.എൻ ഇൻഫോടെക് എന്ന പേരിൽ പ്രവർത്തിച്ചിരുന്നത്. 2017ൽ വാടകക്കെടുത്ത കെട്ടിടത്തിൽ ആറുമാസം മാത്രമാണ് ഓഫിസ് പ്രവർത്തിച്ചത്. പിന്നീട് ആളെ കണ്ടെത്താനായിട്ടില്ല. വാടകയും ലഭിച്ചില്ല. ഫോണിലും മറ്റുമായി പലവട്ടം ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ലെന്നും പിന്നീട് കത്തയച്ചിട്ടും മറുപടി ഉണ്ടായില്ലെന്നും കെട്ടിട ഉടമ പറഞ്ഞു. രണ്ടുദിവസം മുമ്പ് ഇ.ഡി ഉദ്യോഗസ്ഥർ എത്തി വിവരങ്ങൾ ശേഖരിച്ചതായും ഇദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടിയും മറുപടി നൽകണം -വി.ഡി. സതീശൻ
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് ഫേസ് ബുക്ക് ലൈവില്‍ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി നല്‍കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കുമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
എം.വി. ഗോവിന്ദന്റെ അറിവോടെയാണ് വന്നതെന്നും മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങള്‍ക്കും എതിരായ രേഖകള്‍ നല്‍കണമെന്നും ഇടനിലക്കാരനായ വിജയ് പിള്ള ആവശ്യപ്പെടുകയും പിന്നീട് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. ഇക്കാര്യത്തില്‍ ആവശ്യമെങ്കില്‍ സംസ്ഥാന പൊലീസും അന്വേഷണം നടത്തണം. സംസ്ഥാന മുഖ്യമന്ത്രിക്കും ഭരണകക്ഷിക്ക് നേതൃത്വം നല്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിക്കുമെതിരെ ഉന്നയിച്ചത് ദുരാരോപണമാണെങ്കില്‍ അതിനെ നിയമപരമായി നേരിടുമോയെന്നും വ്യക്തമാക്കണം.
സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിക്കും സി.പി.എമ്മിനുമിടയില്‍ ഇടനിലക്കാരുണ്ട്. നേരത്തേ മാധ്യമ പ്രവര്‍ത്തകനായ ഷാജ് കിരണിന്റെ പേരും ഉയര്‍ന്നുവന്നിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ഷാജ് കിരണിന്റെ ബന്ധവും വെളിപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ ഇടനിലക്കാരെ കുറിച്ചും അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അപഹാസ്യനാകാന്‍ ഇനിയും നിൽക്കണോ? -കെ. സുധാകരന്
കണ്ണൂർ: സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലോടെ കേരളീയസമൂഹത്തിന് മുന്നില്‍ തൊലിയുരിഞ്ഞ നിലയില്‍ നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് കൂടുതല്‍ അപഹാസ്യനാകാന്‍ നിന്നുകൊടുക്കണോ എന്ന് സ്വയം തീരുമാനിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്.
മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെ കടുത്ത ആരോപണം ഉന്നയിക്കാന്‍ അന്നത്തെ വിവാദ നായികക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്തെങ്കില്‍ ഇപ്പോള്‍ 30 കോടിയാണ് നൽകാന് തയാറായി നിൽക്കുന്നത്. കട്ടുമുടിച്ച് ഉണ്ടാക്കുന്ന പണമാണ് കേസ് ഒതുക്കാന്‍ സി.പി.എം വിനിയോഗിക്കുന്നത്. മുഖ്യമന്ത്രി മുമ്പ് പരാമര്‍ശിച്ച അവതാരങ്ങള്‍ ഓരോന്നായി കുടം തുറന്ന് പുറത്തുവരികയാണ് -സുധാകരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.