ഡി.ജി.പി: നറുക്ക് ആർക്ക് വീഴും? പ്രതീക്ഷയോടെ ജേക്കബ്തോമസും ബെഹ്റയും
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള ഡി.ജി.പി ആരാകുമെന്നത് സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും മുറുകുേമ്പാൾ പ്രതീക്ഷ കൈവിടാതെ വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബെഹ്റയും െഎ.എം.ജി ഡയറക്ടർ ജേക്കബ് തോമസും. ഇരുവർക്കും സർക്കാർ ഉറപ്പു ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരവകുപ്പ് വൃത്തങ്ങൾ പറയുന്നു. ഡി.ജി.പി ടി.പി. സെൻകുമാർ വിരമിക്കുന്നതോടെ സംസ്ഥാന പൊലീസ് തലപ്പത്ത് സമഗ്ര അഴിച്ചുപണിയുണ്ടാകുമെന്നാണ് സൂചന. സുപ്രീംകോടതി ഉത്തരവ് പ്രകാരം സെൻകുമാർ ഡി.ജി.പിയായി മടങ്ങിയെത്തിയപ്പോൾ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് മാറ്റപ്പെട്ട ലോക്നാഥ് ബെഹ്റക്ക് സെൻകുമാർ ഒഴിയുന്ന മുറക്ക് ഡി.ജി.പിയായി നിയമനം നൽകാമെന്ന് ഉറപ്പു ലഭിച്ചതായി അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. അതിനാലാണ് അദ്ദേഹം ഡി.ജി.പിയായിരുന്നപ്പോൾ സ്റ്റാഫായിരുന്നവരെ പൊലീസ് ആസ്ഥാനത്ത് നിലനിർത്തിയതെന്നും അവർ പറയുന്നു. എന്നാൽ, മുഖ്യന്ത്രിയുടെ നിർദേശാനുസരണം അവധിയിലായിരുന്ന ജേക്കബ് േതാമസും പ്രതീക്ഷയിലാണ്.
ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച് മന്ത്രിസഭായോഗം തീരുമാനമെടുക്കും. വിജിലൻസ് പരാതിയാണ് ജേക്കബ് തോമസിന് ഡി.ജി.പിയാകുന്നതിന് തടസ്സമായി നിന്ന ഒരു കാര്യം. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച പരാതിയിൽ അന്വേഷണം വേണ്ടെന്ന് വിജിലൻസ് എസ്.പി ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരിക്കുകയാണ്. ഇൗ വിഷയത്തിൽ ബെഹ്റയുടെ നിലപാടും പ്രസക്തമാണ്. ശേഷിക്കുന്നത് ആത്മകഥയിൽ ചട്ടലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി നളിനി നെറ്റോ നൽകിയ റിപ്പോർട്ടാണ്. ഇക്കാര്യത്തിൽ സർക്കാർ കടുത്ത തീരുമാനമെടുത്താലേ ഡി.ജി.പിയാകുന്നതിന് അദ്ദേഹത്തിന് തടസ്സമുണ്ടാകൂ. പൊലീസ് സ്റ്റേഷനുകൾ പെയിൻറടിക്കുന്നതുമായി ബന്ധപ്പെട്ട ഉത്തരവാണ് ബെഹ്റക്ക് എതിരായുള്ളത്. ഇതു സംബന്ധിച്ച് സെൻകുമാർതന്നെ ബെഹ്റക്ക് ക്ലീൻചിറ്റ് നൽകിയിട്ടുണ്ട്. എന്നാൽ, വിജിലൻസ് കോടതിയിലുള്ള പരാതിയിൽ അന്തിമതീരുമാനമായിട്ടില്ല. എന്നാലും ബെഹ്റക്ക് പൊലീസ് സേനയിൽനിന്നും െഎ.എ.എസ് ഉദ്യോഗസ്ഥരിൽനിന്നും കാര്യമായ എതിർപ്പുകളൊന്നുമില്ല. എന്നാൽ, ജേക്കബ് തോമസിെൻറ കാര്യത്തിൽ ഭരണപക്ഷത്തുനിന്നുൾപ്പെടെ എതിർപ്പുണ്ട്.
സംസ്ഥാനത്ത് കേന്ദ്രസർക്കാർ അനുവദിച്ച നാല് ഡി.ജി.പി തസ്തികയാണുള്ളത്. അതിനു പുറമേ യു.ഡി.എഫിെൻറ കാലത്ത് സംസ്ഥാനത്തുണ്ടാക്കിയ ഡി.ജി.പി ഗ്രേഡുള്ള എ.ഡി.ജി.പി റാങ്കിലുള്ള നാലുപേരും ഉണ്ട്. സെൻകുമാർ വിരമിക്കുന്ന ഒഴിവിൽ ഈ നാല് പേരിൽ ഒരാൾക്ക് ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിക്കും. ഫയർഫോഴ്സ് മേധാവിയായ എ. ഹേമചന്ദ്രനാകും ഇത്തരത്തിൽ സ്ഥാനക്കയറ്റം ലഭിക്കുക. അപ്പോൾ േജക്കബ് തോമസ്, ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ്, എ. ഹേമചന്ദ്രൻ എന്നിവരാകും ഡി.ജി.പിമാരാകുക. അവർക്കു പുറമേ രാജേഷ് ദിവാൻ, മുഹമ്മദ് യാസിൻ, എൻ. ശങ്കർറെഡ്ഡി എന്നിവർ ഡി.ജി.പി ഗ്രേഡിലുമുണ്ടാകും.
ജേക്കബ് തോമസിനെതിരായ പരാതിയിൽ കഴമ്പില്ലെന്ന് വിജിലൻസ്
തിരുവനന്തപുരം: വിജിലൻസ് മുൻ ഡയറക്ടറും െഎ.എം.ജി ഡയറക്ടറുമായ ഡി.ജി.പി ജേക്കബ് തോമസ് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്നും അതിനാൽ അന്വേഷണത്തിെൻറ ആവശ്യമില്ലെന്നുമുള്ള നിലപാടിൽ വിജിലൻസ്. പരാതിക്കാരനായ കണ്ണൂർ സ്വദേശി സത്യൻ നരവൂർ കാര്യമായ തെളിവൊന്നും നൽകിയില്ലെന്നും ഇൻറർനെറ്റിലെ ചില രേഖകൾ ഡൗൺലോഡ് ചെയ്ത് കൈമാറുക മാത്രമാണ് ചെയ്തതെന്നും വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് രണ്ടിലെ എസ്.പി ജയകുമാർ വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. ഇതേ പരാതി മുമ്പ് കോടതിയിലും എത്തിയതാണ്. അതിനാൽ പുതിയ തെളിവില്ലാത്ത സാഹചര്യത്തിൽ തുടരന്വേഷണം ആവശ്യമില്ലെന്നാണ് എസ്.പി അറിയിച്ചിട്ടുള്ളത്. ഡയറക്ടറാണ് ഇക്കാര്യത്തിൽ തുടർനടപടി സ്വീകരിക്കേണ്ടത്. ബെഹ്റ ഇൗ വിഷയത്തിൽ യാതൊരു തീരുമാനവും എടുത്തിട്ടില്ല. വിജിലൻസ് ആവശ്യപ്പെട്ടപ്രകാരം വ്യാഴാഴ്ച സത്യൻ എസ്.പി മുമ്പാകെ ഹാജരാകുകയും രേഖകൾ കൈമാറുകയും ചെയ്തിരുന്നു. കൊച്ചിയിൽ പ്രവർത്തിച്ചിരുന്ന ഇസ്ര -ടെക്നോ എന്ന സ്ഥാപനത്തിെൻറ ഡയറക്ടർ എന്ന നിലയിൽ തമിഴ്നാട്ടിലെ രാജപാളയത്ത് 2001ൽ ജേക്കബ് തോമസും ഭാര്യയും ചേർന്ന് 100 ഏക്കർ ഭൂമി അനധികൃതമായി വാങ്ങിയെന്നാണ് പരാതി. ഈ സ്വത്തുവിവരം ജേക്കബ് തോമസ് സർക്കാറിൽനിന്ന് മറച്ചുെവച്ചുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.