സോളാറിൽ ഉമ്മൻ ചാണ്ടിയെ കുടുക്കിയതാര്?
text_fieldsതിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ ഓർമകൾ ആയുധമാക്കി സോളാർ കേസ് സി.പി.എമ്മിനുനേരെ തിരിച്ചുവിട്ട് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സി.പി.എം ഉമ്മൻ ചാണ്ടിയെ വ്യക്തിഹത്യ നടത്താൻ സോളാർ കേസ് ആയുധമാക്കിയത് ചർച്ചയിലേക്ക് കൊണ്ടുവരുന്നത് ഈ നീക്കത്തിന്റെ ഭാഗമായാണ്.
ഇതുവരെ കണ്ടിട്ടില്ലാത്ത വികാരനിർഭരമായ യാത്രയയപ്പാണ് ഉമ്മൻ ചാണ്ടിക്ക് കേരളം നൽകിയത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സി.പി.എം നേതാക്കൾ അതേവികാരം പങ്കുവെച്ചത് അനുകൂല സാഹചര്യമായാണ് കോൺഗ്രസ് വിലയിരുത്തുന്നത്. ഉമ്മൻ ചാണ്ടിക്കെതിരെ നടത്തിയ നീക്കങ്ങൾ ഈ ഘട്ടത്തിൽ ചർച്ചയാക്കിയാൽ മറുപടി പറയാൻ സി.പി.എം വിഷമിക്കുമെന്ന് കെ.പി.സി.സി നേതൃത്വം കണക്കുകൂട്ടുന്നു.
കെ.പി.സി.സിയുടെ അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻ ചാണ്ടി മികച്ച ഭരണാധികാരിയായിരുന്നെന്ന് പറഞ്ഞതിന്റെ അടുത്ത ദിവസംതന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിഷയം ചർച്ചയാക്കി.സോളാർ നായിക സരിതയെ വിളിച്ചുവരുത്തി പരാതി എഴുതിവാങ്ങിയാണ് കേസ് സി.ബി.ഐക്ക് വിട്ടതെന്നും അന്വേഷണത്തിന് പിന്നാലെ അലഞ്ഞ് ഉമ്മന് ചാണ്ടി മാനംകെടട്ടെ എന്നാണ് അവർ കരുതിയതെന്നും സതീശൻ പറയുന്നു. ഇക്കാര്യങ്ങൾ പറയാൻ അവസരം കാത്തിരുന്ന പ്രതിപക്ഷത്തിന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജന്റെ പരാമർശങ്ങൾ സഹായകരമായി.
ഉമ്മൻ ചാണ്ടിയെ സി.പി.എം വേട്ടയാടിയിട്ടില്ലെന്നും എവിടെയും പരാതി കൊടുത്തിട്ടില്ലെന്നുമായിരുന്നു ഇ.പിയുടെ പരാമർശം. പിണറായി ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ കാര്യങ്ങൾ ഒരിക്കൽക്കൂടി പറയാൻ ഇ.പി തങ്ങൾക്ക് അവസരമൊരുക്കിയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേത്തു. സി.പി.എമ്മിലെ ശീതസമരം മൂപ്പിക്കാനുള്ള നീക്കമാണത്.
സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ എതിർപക്ഷം ഉന്നയിച്ചത് വലിയ വേദന നൽകുന്ന ആക്ഷേപങ്ങളാണ്. കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിയമസഭയിലടക്കം ഗൗരവമായ ആക്ഷേപം കേൾക്കേണ്ടിവന്നു. ജനകീയ നേതാവിന്റെ വൈകാരിക ഓർമകൾ തളംകെട്ടി നിൽക്കുന്ന അന്തരീക്ഷത്തിൽ അതെല്ലാം ചർച്ചയാകുന്നത് രാഷ്ട്രീയമായി നേട്ടമാകുമെന്നാണ് കോൺഗ്രസ് കണക്കൂകൂട്ടൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.