തപാൽകൂലി ആര് വഹിക്കും? മോട്ടോർ വാഹനവകുപ്പും കെൽട്രോണും തമ്മിൽ തർക്കം
text_fieldsതിരുവനന്തപുരം: എ.ഐ കാമറകൾ വഴി പിടികൂടുന്ന കുറ്റകൃത്യങ്ങളുടെ മുന്നറിയിപ്പ് നോട്ടീസിലെ ചെലവിന്‍റെ കാര്യത്തിൽ മോട്ടോർ വാഹനവകുപ്പും കെൽട്രോണും തമ്മിൽ തർക്കം. വാഹന ഉടമകൾക്ക് അയക്കുന്ന നോട്ടീസിന്‍റെ തപാൽ ചെലവ് ആര് വഹിക്കുമെന്നതാണ് നിരീക്ഷണ കാമറകളുടെ പ്രവർത്തനത്തെ അനിശ്ചിതത്വത്തിലാക്കിയത്.
എ.ഐ കാമറയിൽ ആദ്യ ഒരുമാസം കുടുങ്ങുന്ന നിയമലംഘകർക്ക് പിഴയില്ലാതെ മുന്നറിയിപ്പ് സന്ദേശം അയക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെയും തുടങ്ങാനായില്ല. ഏപ്രിൽ 20ന് എ.ഐ കാമറകൾ ഉദ്ഘാടനം ചെയ്തെങ്കിലും മേയ് 19 വരെ ഒരു മാസത്തേക്ക് പിഴ ചുമത്താതെ പകരം ബോധവത്കരണ സ്വഭാവത്തിൽ മുന്നറിയിപ്പ് നോട്ടീസ് അയക്കാനാണ് തീരുമാനം. പ്രതിദിനം 50000 ന് മുകളിൽ നിയമലംഘനങ്ങൾ ഇപ്പോഴുമുണ്ട്. ഇവക്കെല്ലാം തപാൽ മാർഗം പിഴ സന്ദേശമയക്കുന്നതിന് 2.5 ലക്ഷം രൂപയെങ്കിലും പ്രതിദിനം ചെലവ് വരും.
പിഴയീടാക്കാത്തതിനാൽ ഈ തുക നഷ്ടക്കണ്ണിയിലാണ് എണ്ണുക. ഈ സാമ്പത്തികഭാരം ആര് വഹിക്കുമെന്നതാണ് ഇപ്പോഴത്തെ തർക്കത്തിന് ആധാരം. പിഴ ഈടാക്കാത്ത സമയത്ത് സന്ദേശം തപാൽമാർഗം അയക്കുന്നതിന്‍റെ ചെലവ് വഹിക്കാനാകില്ലെന്നാണ് കെൽട്രോണിന്‍റെ നിലപാട്. നോട്ടീസിന് പകരം വാഹനവിവരങ്ങൾക്കുള്ള ഓൺലൈൻ പ്ലാറ്റ്ഫോമായ പരിവാഹൻ സോഫ്റ്റ്വെയർ വഴി ഉടമയുടെ ഫോണിലേക്ക് സന്ദേശം അയക്കാമെന്നതാണ് ഉയർന്നുവന്ന മറ്റൊരു ശിപാർശ.
എന്നാൽ, ഇത്തരത്തിൽ വാഹനിൽ പിഴ വിവരങ്ങൾ നൽകുന്നതോടെ നിലവിലെ സോഫ്റ്റ്വെയർ ക്രമീകരണം അനുസരിച്ച് ഉടമ പിഴ അടയ്ക്കേണ്ടിവരും. അല്ലാത്തപക്ഷം വാഹനം കരിമ്പട്ടികയിൽ ഉൾപ്പെടുന്നതടക്കം സാങ്കേതിക തടസ്സങ്ങൾക്കും സങ്കീർണതകൾക്കും ഇടവരുത്തും. ഇതോടെ ബദൽ സാധ്യതയും ഉപേക്ഷിച്ചു. പിഴയീടാക്കാതെ മുന്നറിയിപ്പ് നോട്ടീസ് അയക്കണമെങ്കില്‍ അതിന് രേഖാമൂലം പ്രത്യേക ഉത്തരവ് നല്‍കണമെന്നാണ് കെല്‍ട്രോണിന്റെ ആവശ്യം. ഇക്കാര്യത്തിൽ ഗതാഗത കമീഷണറേറ്റ് പ്രതികരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.