ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിെൻറ പ്രഭവകേന്ദ്രം; വടക്കാഞ്ചേരിയിൽ ആർക്ക് കിട്ടും, ലൈഫ്?
text_fieldsവടക്കാഞ്ചേരി: ഈ മണ്ഡലത്തിലെ പോരിന് ഇത്തവണ പ്രാദേശിക മാനത്തിലുപരിയായ പ്രാധാന്യമുണ്ട്. ഇടതുമുന്നണി സർക്കാറിനെ പിടിച്ചുകുലുക്കിയ ലൈഫ് മിഷൻ ഫ്ലാറ്റ് വിവാദത്തിെൻറ പ്രഭവകേന്ദ്രം. ആ വിവാദത്തിന് തിരികൊളുത്തിയ സിറ്റിങ് എം.എൽ.എ അനിൽ അക്കര യു.ഡി.എഫിനുവേണ്ടി വീണ്ടും മത്സരിക്കുേമ്പാൾ എൽ.ഡി.എഫിന് അഭിമാനത്തിെൻറ പ്രശ്നം കൂടിയാണ്. അനിലിനെയും യു.ഡി.എഫിെൻറ ആരോപണ കുത്തൊഴുക്കിനെയും പിടിച്ചുകെട്ടാൻ യുവ നേതാവ് സേവ്യർ ചിറ്റിലപ്പിള്ളിയെയാണ് സി.പി.എം നിയോഗിച്ചിരിക്കുന്നത്.
2016ൽ സ്ഥാനാർഥി നിർണയ പ്രശ്നത്തിെൻറ പേരിൽ സി.പി.എം കുറച്ച് വെള്ളംകുടിച്ച മണ്ഡലമാണിത്. കെ.പി.എ.സി. ലളിതയെ സ്ഥാനാർഥിയാക്കുകയും എതിർപ്പിനെത്തുടർന്ന് അവർ പിന്മാറിയപ്പോൾ മേരി തോമസിനെ മത്സരിപ്പിക്കുകയും അതേച്ചൊല്ലി വിഭാഗീയ പ്രവർത്തനം നടക്കുകയും ചെയ്തതാണ്. ചിലയിടങ്ങളിൽ വോട്ടുചോർച്ച പ്രകടമായ അന്നത്തെ മത്സരത്തിൽ 43 വോട്ടിെൻറ ഭൂരിപക്ഷത്തിനാണ് എൽ.ഡി.എഫിന് സീറ്റ് നഷ്ടമായത്. കാറും കോളും അടങ്ങിയ അന്തരീക്ഷത്തിലാണ് ഇത്തവണ എൽ.ഡി.എഫിെൻറ ഇറക്കം. സേവ്യറിെൻറ സ്ഥാനാർഥിത്വം പാർട്ടിയിലും മുന്നണിയിലും ആവേശമുണർത്തിയിട്ടുണ്ട്. ഇത്തവണ വോട്ടുചോർച്ചക്കും വിഭാഗീയതക്കുമുള്ള പഴുതുകളെല്ലാം അടച്ച് നീങ്ങുന്നുവെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്.
കഴിഞ്ഞതവണ തൃശൂർ ജില്ലയിൽ യു.ഡി.എഫിന് ലഭിച്ച ഏക സീറ്റ് നിലനിർത്തുക മാത്രമല്ല, ലൈഫിലും മറ്റും താൻ ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ ജനം ഏറ്റെടുത്തുവെന്ന് സ്ഥാപിക്കാൻ അനിൽ അക്കരക്ക് ജയം അനിവാര്യമാണ്. അനിലിെൻറ പരാതിയിൽ സി.ബി.ഐ കേസെടുത്തതോടെ പണിനിലച്ച 140 ഫ്ലാറ്റുകളുള്ള ലൈഫ് മിഷൻ അപ്പാർട്മെൻറ് സമുച്ചയം ഒരേസമയം അനിലിനും എൽ.ഡി.എഫിനും ചോദ്യചിഹ്നമായി നിൽക്കുന്നുണ്ട്. 'പാവങ്ങളുടെ വീട് മുടക്കിയവൻ' എന്ന ആക്ഷേപം നേരിടുേമ്പാൾ, താൻ 'വീട് മുടക്കുകയല്ല, അഴിമതി ചോദ്യം ചെയ്യുകയാണ് ചെയ്തത്' എന്നാണ് അനിലിെൻറ വാദം. സി.പി.എമ്മിലെ വിഭാഗീയത സഹായമായ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അനിലിന് പരീക്ഷണമായത് കോൺഗ്രസിലെ ചേരിതിരിവായിരുന്നു. ഇത്തവണ ആ ഘടകമില്ല. എല്ലാ ഗ്രൂപ്പും ഒരുമിച്ചാണ് നീങ്ങുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ മുന്നേറ്റമുണ്ടാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ വടക്കാഞ്ചേരി നഗരസഭയും അഞ്ച് പഞ്ചായത്തുകളും എൽ.ഡി.എഫിന് ലഭിച്ചപ്പോൾ ഒരു പഞ്ചായത്താണ് യു.ഡി.എഫിന് കിട്ടിയത്. അനിൽ അക്കരയുടെ സ്വന്തം പഞ്ചായത്തായ അടാട്ട് എൽ.ഡി.എഫ് പിടിച്ചെടുത്തു. അതേസമയം, മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ സി.പി.എം വിമതനെ മുൻനിർത്തി കോൺഗ്രസ് ഭരണം പിടിച്ചു. സിറ്റിങ് എം.എൽ.എ എന്നതാണ് അനിൽ അക്കരയുടെ പോസിറ്റിവ്. മറുഭാഗത്ത് അനിലിനെ നേരിടാൻ പോന്ന യുവപോരാളിയെന്ന മതിപ്പ് സേവ്യറിനുണ്ട്. എൻ.ഡി.എ ഇത്തവണയും ഉല്ലാസ് ബാബുവിനെയാണ് മത്സരിപ്പിക്കുന്നത്.
2016 നിയമസഭ
അനിൽ അക്കര
(കോൺഗ്രസ്) 65,535
മേരി തോമസ് (സി.പി.എം) 65,492
ഉല്ലാസ് ബാബു (ബി.ജെ.പി) 26,652
ഭൂരിപക്ഷം: (അനിൽ അക്കര): 43
2019 ലോക്സഭ
യു.ഡി.എഫ് 79,490
എൽ.ഡി.എഫ് 59,709
എൻ.ഡി.എ 17,633
ഭൂരിപക്ഷം (യു.ഡി.എഫ്): 19,781
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.