വാമനപുരം നീന്തിക്കയറുന്നത് ആര് ?
text_fieldsചെമ്മഞ്ചിമൊട്ട കുന്നിൽനിന്ന് ഓളം തെന്നിയിറങ്ങുന്ന വാമനപുരം നദി ഇടതുചാഞ്ഞ് ഒഴുകിത്തുടങ്ങിയിട്ട് വർഷങ്ങളേറെയായി. പ്രളയവും ഓഖിയുമൊക്കെ കടന്നുപോയിട്ടും വഴിമാറി ഒഴുകിയിട്ടില്ല.
1965ലാണ് നിയമസഭ കേറാൻ ഇടതന്മാരും വലതന്മാരും ആദ്യമായി വാമനപുരത്ത് വള്ളം ഇറക്കുന്നത്. അന്ന് വലത് ചുണ്ടെൻറ അമരത്ത് കോൺഗ്രസ് നേതാവ് എം. കുഞ്ഞുകൃഷ്ണപ്പിള്ളയും ഇടത് ചുണ്ടനിൽ വാസുദേവൻ പിള്ളയുമായിരുന്നു.
ആദ്യ ആവേശത്തുഴച്ചിലിൽ 1,069 വോട്ടുകൾക്കാണ് കുഞ്ഞുകൃഷ്ണപിള്ള നിയമസഭയിലെത്തിയത്. എന്നാൽ 67ൽ കുഞ്ഞുകൃഷ്ണപിള്ളയെ ട്രാക്കിൽ മുക്കി വാസുദേവൻ പിള്ളയും കരുത്ത് തെളിയിച്ചു. പക്ഷേ, തുഴഞ്ഞ് തുഴഞ്ഞ് കോൺഗ്രസുകാരുടെ 'കൈ' തളർന്നതോടെ 77 മുതൽ തുടർന്നങ്ങോട്ടുള്ള പത്ത് നിയമസഭ തെരഞ്ഞെടുപ്പുകളിലും വാമനപുരത്തെ ഓളപ്പരപ്പ് താണ്ടാൻ യു.ഡി.എഫിനായിട്ടില്ല.
1980 മുതൽ 91 വരെ തുടർച്ചയായി നാലുതവണയും 2011ലും കോലിയക്കോട് കൃഷ്ണൻനായർ മണ്ഡലത്തെ പ്രതിനിധീകരിച്ചപ്പോൾ 1996, 2001 കാലഘട്ടങ്ങളിൽ പിരപ്പൻകോട് മുരളിയും 2006ൽ ജെ. അരുന്ധതിയും മണ്ഡലത്തിൽ സി.പി.എമ്മിെൻറ വിജയരഥം തെളിച്ചു.
1987ൽ കോലിയക്കോടിെൻറ ഹാട്രിക്ക് തടയാനായി അതികായനായ എൻ. പീതാംബരക്കുറുപ്പിനെ കോൺഗ്രസ് രംഗത്തിറക്കിയെങ്കിലും 10,116 വോട്ടിനായിരുന്നു കുറുപ്പിനെ കോലിയക്കോട് തകർത്തുവിട്ടത്. തുടർന്ന് 1991ൽ ആർ.എം. പരമേശ്വരനും കോലിയകോടിന് മുന്നിൽ പത്തിമടക്കിയതോടെ കോൺഗ്രസ് ഘടകകക്ഷിയായ ജെ.എസ്.എസിന് മണ്ഡലം വെച്ചുമാറുകയായിരുന്നു. എന്നാൽ, ജെ.എസ്.എസിനും കച്ചിയിൽ തൊടാനായില്ല.
2016ൽ കോലിയക്കോടിെന മാറ്റി ഡി.കെ. മുരളിയാണ് മണ്ഡലത്തിെൻറ പ്രതിനിധി. യു.ഡി.എഫിലെ ടി. ശരത്ചന്ദ്ര പ്രസാദായിരുന്നു എതിരാളി. 9652 വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് മുരളി സി.പി.എമ്മിെൻറ ചെങ്കൊടി വേരുറപ്പിച്ച് നിർത്തിയത്. ഡി.കെ. മുരളിക്ക് 65848 വോട്ടും ടി. ശരത്ചന്ദ്ര പ്രസാദിന് 56252 വോട്ടും എന്‍.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച ബി.ഡി.ജെ.എസിലെ നിഖിലിന് 13956 വോട്ടും ലഭിച്ചു.
പക്ഷേ, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ അടൂർ പ്രകാശ് എന്ന വൻമരത്തിന് മുന്നിൽ ഇടത് കോട്ടകൾ ഉലഞ്ഞു. 58,952 വോട്ടുകൾ അടൂർ പ്രകാശ് നേടിയപ്പോൾ എ. സമ്പത്തിന് ലഭിച്ചത് 50,403 വോട്ടുകളാണ്. ബി.ജെ.പി സ്ഥാനാർഥി ശോഭാ സുരേന്ദ്രന് ലഭിച്ചതാകട്ടെ 30,151 വോട്ടും.
അടൂർ പ്രകാശിന് മണ്ഡലത്തിൽ ലഭിച്ച മുൻതൂക്കം ഇടത് കേന്ദ്രങ്ങളെ ഭയപ്പെടുത്തിയെങ്കിലും മണ്ഡലത്തിെൻറ മനസ്സ് മാറിയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്.
നെല്ലനാട്, പുല്ലമ്പാറ, വാമനപുരം, കല്ലറ, പാങ്ങോട്, നന്ദിയോട്, പെരിങ്ങമ്മല, ആനാട്, പനവൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് വാമനപുരം മണ്ഡലം. ഇതില്‍ പുല്ലമ്പാറ, വാമനപുരം, കല്ലറ, ആനാട്, പനവൂര്‍, പഞ്ചായത്തുകളില്‍ ഭരണം ഉറപ്പിക്കാനും പാങ്ങോട് പഞ്ചായത്തില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനും ഇടതുമുന്നണിക്കായി. നെല്ലനാട്, പെരിങ്ങമല, നന്ദിയോട് പഞ്ചായത്തുകൾ മാത്രമാണ് യു.ഡി.എഫിനൊപ്പം നിന്നത്.
വാമനപുരം ബ്ലോക്കില്‍ 15 ഡിവിഷനുകളില്‍ 14 എണ്ണത്തിലും മണ്ഡല പരിധിയിലെ നെടുമങ്ങാട് ബ്ലോക്കിലെ മൂന്ന് ഡിവിഷനുകളിലും, മണ്ഡലത്തിലെ നാല് ജില്ല ഡിവിഷനുകളില്‍ മൂന്നിലും ഇടതു മുന്നണിയാണ് വിജയിച്ചത്. സിറ്റിങ് എം.എൽ.എ ഡി.കെ. മുരളി തന്നെയായിരിക്കും ഇത്തവണയും സി.പി.എമ്മിനായി ജനവിധി തേടുക.
എന്നാൽ യു.ഡി.എഫിൽ മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡൻറ് രമണി പി. നായര്‍, മുന്‍ ജില്ല പഞ്ചയത്തംഗം ആനാട് ജയന് തുടങ്ങി നിരവധി ആളുകളുടെ പേരുകളാണ് കെ.പി.സി.സി നേതൃത്വത്തിന് മുന്നിലുള്ളത്.
വോട്ടർമാർ
പുരുഷന്മാർ: 92265, സ്ത്രീകൾ: 104859, ട്രാൻസ്ജൻഡർ: 3
ആകെ -197127
വർഷം, വിജയി, പാർട്ടി, ഭൂരിപക്ഷം
1965 എം. കുഞ്ഞുകൃഷ്ണപിള്ള (കോൺഗ്രസ് ) 1,069
1967 വാസുദേവൻ പിള്ള (സി.പി.എം) 7,965
1970 എം. കുഞ്ഞുകൃഷ്ണപിള്ള (കോൺഗ്രസ്) 1,817
1977 വാസുദേവൻ പിള്ള (സി.പി.എം) 2,392
1980 കോലിയക്കോട് എൻ. കൃഷ്ണൻനായർ (സി.പി.എം) 12,060
1982 കോലിയക്കോട് എൻ. കൃഷ്ണൻനായർ (സി.പി.എം) 1,954
1987 കോലിയക്കോട് എൻ. കൃഷ്ണൻനായർ (സി.പി.എം) 10,116
1991 കോലിയക്കോട് എൻ. കൃഷ്ണൻനായർ (സി.പി.എം) 1,366
1996 പിരപ്പൻകോട് മുരളി (സി.പി.എം) 6,386
2001 പിരപ്പൻകോട് മുരളി (സി.പി.എം) 1,609
2006 ജെ. അരുന്ധതി (സി.പി.എം) 6,509
2011 കോലിയക്കോട് എൻ. കൃഷ്ണൻനായർ (സി.പി.എം) 2,236
2016 ഡി.കെ. മുരളി സി.പി.എം 9652
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.