വെച്ചപ്പതി, മൂലഗംഗൽ ഊരുകളിലെ നിസഹായരുടെ നിലവിളി ആരു കേൾക്കും...?
text_fieldsകോഴിക്കോട് : വനാവകാശ നിയമം പ്രകാരം അട്ടപ്പാടി ഷോളയൂരിൽ വില്ലേജിൽ ആദിവാസികൾക്ക് 8,134 ഏക്കർ ഭൂമി നൽകിയെന്ന് അട്ടപ്പാടിയിലെ ഐ.ടി.ഡി.പി ഓഫിസ്. വില്ലേജിൽ വ്യക്തിഗത വനാവകാശ പ്രകാരം ആദിവാസികൾക്ക് 451 ഏക്കർ നൽകി. സാമൂഹിക വനാവകാശ പ്രകാരം 7682.98 ഏക്കർ ഭൂമി അനുവദിച്ചുവെന്നാണ് ഐ.ടി.ഡി.പി ഓഫിസിലെ കണക്ക്. ഇതിൽ 134 ആദിവാസി കുടുംബങ്ങൾക്ക് വ്യക്തിഗത ഭൂമി അനുവദിച്ചതായി ഐ.ടി.ഡി.പി ലിസ്റ്റ് തയാറാക്കിയിട്ടുണ്ട്.
ഗോഞ്ചിയൂർ, മൂലഗംഗൽ, വെള്ളകുളം, തെക്കേ പുതൂർ ചാവടിയൂർ, വെങ്കക്കടവ്, കോഴിക്കൂടം, തെക്കേ ചാവടിയൂർ, വയലൂർ, വെച്ചപ്പതി, മുത്തിക്കുളം, നഞ്ചൻ കോളനി എന്നീ ഊരുകളിലാണ് വ്യക്തിഗത വനാവകാശ പ്രകാരം ഭൂമി അനുവദിച്ചിരിക്കുന്നത്. വില്ലേജിൽ ആകെ 134 പേർക്ക് വ്യക്തിഗത വനാവകാശ പ്രകാരം ഭൂമി അനുവദിച്ചതിൽ മൂലഗംഗൽ ഊരിൽ മാത്രം 22 പേർക്ക് ഭൂമി അനുവദിച്ചു. ഗോഞ്ചിയൂരിൽ 13, വെച്ചപ്പതി -10, വെള്ളക്കുളം- 11 എന്നിങ്ങനെയാണ് ഭൂമി ലഭിച്ച കുടുംബങ്ങൾ.
സാമൂഹിക വനാവകാശ പ്രകാരം ഷോളയൂർ വില്ലേജിൽ 7682.98 ഏക്കർ ഭൂമി അനുവദിച്ചുവെന്ന് പറയുമ്പോഴും അതിന്റെ ലിസ്റ്റ് ആവശ്യപ്പെട്ടപ്പോൾ 3,110 ഏക്കർ ഭൂമിയേ അതിലുള്ളു. ഇത് കണക്കിലെ കള്ളക്കളിയാണോയെന്ന് അറിയില്ല. ലിസറ്റ് പ്രകാരം വെച്ചപ്പതി- 982.43 ഏക്കർ, കോഴിക്കൂടം-982.43 ഏക്കർ, വയലൂർ 3.5 ഏക്കർ, വെങ്കകടവ് 27.75 ഏക്കർ, വെള്ളകുളം 982.43 ഏക്കർ, തെക്കേ പൂതൂർ ചാവടിയൂർ-58.24 ഏക്കർ, തെക്കേ പുതൂർ ചാവടിയൂർ- 58.24 ഏക്കർ, ഊത്തുക്കുഴി- 15.5 ഏക്കർ എന്നിങ്ങനെയാണ് സാമൂഹിക മനോവകാശം അംഗീകരിച്ച ഭൂമി.
ഷോളയൂർ വില്ലേജിൽ 12 വനാവകാശ കമ്മറ്റികൾ (എഫ്. ആർ. സി) രൂപീകരിച്ചുവെന്നും ഐ.ടി.ഡി.പി രേഖകൾ പറയുന്നു. വില്ലേജിൽ ഏഴ് ഗ്രാമസഭകൾ നിലവിലുണ്ട്. ഈ ഗ്രാമസഭകൾക്ക് എന്തെല്ലാം അധികാരങ്ങളുണ്ടെന്ന് ഊരുകളിലെ ആദിവാസികൾക്ക് അറിയില്ല. ഈ അറിവില്ലായ്മയാണ് വനംവകുപ്പും പട്ടികവർഗവകുപ്പും ഭൂമാഫിയ സംഘവും സംയുക്തമായി പ്രയോജനപ്പെടുത്തുന്നത്. വനാവകാശം നിയമം എന്തെന്ന് അറിവില്ലാത്ത ആദിവാസികൾക്ക് ഗ്രാമസഭകൾ വഴി ഭൂമി കൈയേറ്റത്തെ എതിർക്കാനാവുന്നില്ല.
ആദിവാസികൾ മാത്രം താമസിക്കുന്ന അട്ടപ്പാടിയിലെ വെച്ചപ്പതി മുതൽ മൂലഗംഗൽ വരെയുള്ള മേഖലയിൽ വൻതോതിലാണ് വ്യാജരേഖയുണ്ടാക്കി പുറത്തുനിന്നുള്ളവർ ഭൂമി കൈയേറ്റം നടത്തുന്നത്. ഈ ഭൂമികൾ ആദിവാസികൾക്ക് വ്യക്തിഗത വനാവകാശമോ സാമൂഹ്യപനാവകാശമോ ലഭിച്ച ഭൂമിയാണോയെന്ന് റവന്യൂ ഉദ്യോഗസ്ഥർ പരിശോധിക്കുന്നില്ല. ആദിവാസി ഭൂമിക്ക് വ്യജരേഖയുണ്ടാക്കിയ പലരും ഇതുവരെ ഭൂമി കണ്ടിട്ടില്ല. പട്ടണങ്ങളിൽ ഫ്ലാറ്റുകളിൽ താമസിക്കുന്ന ധനികന്മാരായ ആളുകൾ 15-20 വർഷം മുമ്പ് വാങ്ങിയ ഭൂമി തേടി ഇപ്പോൾ കടലാസുമായി ഈ മേഖലയിൽ എത്തുന്നുണ്ട്. ഹൈകോടതിയിൽനിന്ന് പൊലീസ് സംരക്ഷണത്തിനുള്ള ഉത്തരവുമായിട്ടാണ് ഇവരുടെ വരവ്.
സമൂഹത്തിലെ സിനിമ-സാംസ്കാരിക മേഖലയിലെ ഉന്നതന്മാരും ചാരിറ്റബിൾ സൊസൈറ്റി അധികൃതരും അഗളി തഹസിൽദാരെ കണേണ്ടപോലെ കണ്ടാൽ പൊലീസ് സംരക്ഷണയിൽ ഭൂമി അളന്ന് നൽകാൻ വഴിയൊരുക്കും. അട്ടപ്പാടിയിലെ രാഷ്ട്രീയ നേതൃത്വം ഭൂമാഫിയ സംഘത്തിന് എല്ലവിധ ഒത്താശയും ചെയ്യുന്നതിനാൽ എതിർപ്പ് ഉണ്ടാകില്ല. ആദിവാസികളോട് ഭൂമി വിട്ടു നൽകിയാൽ ചെറിയ തുക നൽകാമെന്ന് ഉറപ്പ് നൽകുന്നു. ഇത്തരത്തിൽ വെച്ചപ്പതി, മൂലഗംഗൽ അടക്കമുള്ള ആദിവാസി ഊരുകളിലെ ആദിവാസികൾ കുടിയൊഴിക്കൽ ഭീഷണി നേരിടുന്നുവെന്നാണ് പരാതി. റവന്യൂ മന്ത്രി കെ. രാജൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി, ലാൻഡ് റവന്യൂ കമീഷണർ, ഡി.ജി.പി, പാലക്കാട് കലക്ടർ തുടങ്ങിയവർക്ക് നൽകിയ പരാതികളിലൊന്നും അന്വേഷണം ഉണ്ടായില്ല. ഈ ഭരണ സംവിധാനത്തിന് മുന്നിൽ നിസഹായരായി നീതിക്കായി നിലവിളിക്കുകയാണ് ആദിവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.