കണ്ണൂരിൽ ആരാവും കരുത്തൻ
text_fieldsകണ്ണൂർ: എന്താണ് കണ്ണൂരിലെ സ്ഥിതിയെന്ന ചോദ്യത്തിന് മുന്നിൽ ആരും ഒരു നിമിഷം സ്തബ്ധനാവും. അതെന്താ അത്രയും കടുത്ത പോരാണോ എന്ന് വീണ്ടും ചോദിച്ചാൽ ഒരു സംശയവുമില്ലാതെ മറുപടി വരും; അതേ എന്ന്. ഇതാണിപ്പോൾ കണ്ണൂരിലെ കെ. സുധാകരൻ - എം.വി. ജയരാജൻ പോരിന്റെ പൊതുചിത്രം.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനിൽനിന്ന് മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ദൗത്യവുമായാണ് സി.പി.എം ജില്ല സെക്രട്ടറി എം.വി. ജയരാജനെ പാർട്ടി കളത്തിലിറക്കിയത്. മുഖ്യമന്ത്രിയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും മണ്ഡലം സ്വന്തമാക്കുകയെന്നത് പാർട്ടിയുടെ അഭിമാനപ്രശ്നം കൂടിയാണ്.
ജില്ല സെക്രട്ടറിതന്നെ മത്സരിക്കുന്നതിനാൽ പ്രചാരണത്തിൽ പാർട്ടി സംവിധാനം ശക്തമാണ്. എം.പിയെന്ന നിലയിൽ കെ. സുധാകരന്റെ ‘പ്രകടന’മാണ് സി.പി.എം തുറന്നുകാണിക്കുന്നത്. പൗരത്വ പ്രശ്നം, മതേതരത്വത്തിന്റെ ഭാവി തുടങ്ങി പാർലമെന്റിൽ കെ. സുധാകരന്റെ ഹാജർനില വരെ പ്രചാരണവിഷയമാണ്. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട് തുടങ്ങി ദേശീയ നേതാക്കളും പ്രചാരണത്തിനെത്തി. കണ്ണൂരിനായി പ്രകടനപത്രികയുമിറക്കി.
2019ൽ കിട്ടിയ 94,559 ഭൂരിപക്ഷത്തിന്റെ ആത്മവിശ്വാസത്തിലാണ് കെ. സുധാകരന്റെ പ്രചാരണം. തുടക്കം അൽപം മന്ദഗതിയിൽ. ഇപ്പോൾ ഒപ്പത്തിനൊപ്പം. രാഹുൽ ഗാന്ധി, ഡി.കെ. ശിവകുമാർ തുടങ്ങിയ നേതാക്കളും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവരും മണ്ഡലത്തിലെത്തി. മുസ്ലിം ലീഗ് പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും വരുന്നു.
2019ലെ യു.ഡി.എഫ് തരംഗമില്ലെന്നതും 2021ലെ നിയമസഭ വിജയക്കണക്കുമാണ് എൽ.ഡി.എഫിന്റെ ആത്മവിശ്വാസം. എൽ.ഡി.എഫിന്റെ കൈവശമുള്ള കണ്ണൂർ, അഴീക്കോട് മണ്ഡലങ്ങളിലെ ചെറിയ ഭൂരിപക്ഷം മാറ്റിനിർത്തിയാലും മട്ടന്നൂർ, ധർമടം, തളിപ്പറമ്പ് എന്നിവിടങ്ങളിലെ വലിയ കണക്കിലാണ് മുന്നണിയുടെ പ്രതീക്ഷ. പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങൾ യു.ഡി.എഫിനൊപ്പമുണ്ടെങ്കിലും മട്ടന്നൂരിലെ ഭൂരിപക്ഷത്തിന്റെ പകുതി വേണ്ട അത് മറികടക്കാൻ എന്നും വിലയിരുത്തുന്നു.
2014ൽ പി.കെ. ശ്രീമതി 6566 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചതിനാൽ കൈയെത്തും ദൂരത്തുതന്നെയാണ് മുന്നണിയെ സംബന്ധിച്ച് മണ്ഡലം. പൗരത്വ വിഷയം, കോൺഗ്രസ് നേതാക്കളുടെ ബി.ജെ.പി ചാഞ്ചാട്ടം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ന്യൂനപക്ഷങ്ങൾക്കിടയിലും എൽ.ഡി.എഫ് നേതാക്കൾ സജീവമായുണ്ട്.
എന്നാൽ, നിയമസഭ വോട്ട് കണക്കല്ല ലോക്സഭ തെരഞ്ഞെടുപ്പിലേതെന്നാണ് യു.ഡി.എഫ് പക്ഷം. പിണറായി വിജയന് അരലക്ഷം ഭൂരിപക്ഷം നൽകിയ ധർമടത്ത് ലോക്സഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നാലായിരമായതും എം.വി. ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിൽ യു.ഡി.എഫിന് ലീഡുള്ള കാര്യവുമാണ് ഇവർ ഉന്നയിക്കുന്നത്.
കെ. സുധാകരൻ എന്ന നേതാവിന് ലഭിക്കുന്ന സ്വീകാര്യതയിലാണ് യു.ഡി.എഫ് ശുഭാപ്തി. അത് മറികടക്കാൻ കഴിയുന്ന നേതാവല്ല അപ്പുറത്തുള്ളത്. 26 ശതമാനം വരുന്ന മുസ്ലിം, 12 ശതമാനം വരുന്ന ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിൽ ബഹുഭൂരിഭാഗത്തിന്റെ പിന്തുണ എന്നിങ്ങനെയാണ് യു.ഡി.എഫ് കണക്കുകൾ.
2019ൽ 8,142 വോട്ട് നേടിയ എസ്.ഡി.പി.ഐ ഇത്തവണ യു.ഡി.എഫിനെ പിന്തുണക്കുന്നു. 2014ൽ പി.കെ. ശ്രീമതി 6566 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചപ്പോൾ 19169 വോട്ട് എസ്.ഡി.പി.ഐ നേടി. വെൽഫെയർ പാർട്ടിയുടെ പിന്തുണയും യു.ഡി.എഫിനുണ്ട്.
അടുത്തിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിലെത്തിയ സി. രഘുനാഥാണ് എൻ.ഡി.എ സ്ഥാനാർഥി. കഴിഞ്ഞതവണ സി.കെ. പത്മനാഭന് കിട്ടിയ 68,509 വോട്ട് ഇദ്ദേഹത്തിന് കിട്ടുമോ എന്നതും നിർണായകം. ഇത്തരം കണക്കുകൾക്കിടയിലാണ് കണ്ണൂരിന്റെ കാര്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.