വാടകക്ക് വീട് എടുത്ത് കഞ്ചാവ് മൊത്തക്കച്ചവടം: മുഖ്യകണ്ണി പിടിയിൽ
text_fieldsതൃശൂർ: നഗരം കേന്ദ്രീകരിച്ച് വാടകക്ക് വീട് എടുത്ത് കഞ്ചാവ് മൊത്തവിതരണം നടത്തിവന്ന യുവാവിനെ തൃശൂർ എക്സൈസ് റേഞ്ച് പാർട്ടി പിടികൂടി.
ആന്ധ്രപ്രദേശിൽനിന്ന് മൊത്തമായി കഞ്ചാവ് സംഭരിച്ച് വിൽപന നടത്തിവന്ന സംഘത്തിലെ പ്രധാന കണ്ണിയായ പൊങ്ങണംകാട് സ്വദേശി അനീഷിനെയാണ് (33) പിടികൂടിയത്. ഇയാളിൽനിന്ന് രണ്ടര കിലോ കഞ്ചാവും ബൈക്കും പിടികൂടി.
ഡെപ്യൂട്ടി എക്സൈസ് കമീഷണർ കെ.എസ്. ഷാജിക്ക് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്പെക്ടർ ഹരിനന്ദനെൻറ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എളനാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വൻ കഞ്ചാവ് സംഘത്തിലെ പ്രധാന കണ്ണിയാണ് അനീഷ്.
കൂട്ടാളികളായ മറ്റു രണ്ടുപേർ ആന്ധ്രയിൽനിന്ന് കഞ്ചാവും ഹാഷിഷ് ഓയിലും ശേഖരിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സംഭരിച്ച് തൃശൂർ, എറണാകുളം ഭാഗങ്ങളിൽ ആവശ്യക്കാരെ കണ്ടെത്തി മൊത്തമായി വിതരണം ചെയ്യുന്നതാണ് രീതി. ഓൺലൈനിലായിരുന്നു പണമിടപാട്.
സംശയം തോന്നാതിരിക്കാൻ തിരക്കുള്ള സ്ഥലങ്ങളും യുവാക്കൾ കൂടുതലായി വന്നുപോകുന്ന കൂൾബാറുകൾ, ഭക്ഷണശാലകൾ എന്നിവിടങ്ങൾ ആണ് കൈമാറ്റത്തിനായി തിരഞ്ഞെടുത്തിരുന്നത്. ഇവരുടെ വിൽപനകേന്ദ്രങ്ങൾ ഒരേസമയം പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്.
ആന്ധ്രയിൽ നക്സൽ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിളവെടുപ്പ് കഴിഞ്ഞതിനാൽ മലയാളികളായ ഇടനിലക്കാർ വൻതോതിൽ കേരളത്തിലേക്ക് കടത്താൻ പദ്ധതി ആസൂത്രണം ചെയ്യുന്നതായി പ്രതിയിൽനിന്ന് വിവരം ലഭിച്ചു. സംഘത്തിലുള്ളവരെ കുറിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ച് വരുന്നതായി അസി. എക്സൈസ് കമീഷണർ വി. സലിം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.