അട്ടപ്പാടിയിലേത് ശിശുമരണമല്ല, കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ്
text_fieldsപാലക്കാട്: അട്ടപ്പാടിയിലേത് ശിശുമരണമല്ല, കൊലപാതകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അട്ടപ്പാടിയിലെ ശിശുമരണങ്ങൾ കേരളത്തിന് അപമാനമാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ശിശുമരണം നടന്ന ഉൗരുകളും കോട്ടത്തറ ട്രൈബൽ സ്പെഷാലിറ്റി ആശുപത്രിയും സന്ദർശിച്ച ശേഷം വി.ഡി. സതീശൻ പറഞ്ഞു.
പുതിയ ഒരു പദ്ധതിയും സർക്കാർ കൊണ്ടുവന്നിട്ടില്ല. ആശുപത്രിയോ ഡോക്ടർമാരോ ഇല്ല, എല്ലാ രോഗികളെയും പെരിന്തൽമണ്ണയിലേക്ക് റഫർ ചെയ്യുകയാണ്. അവിടേക്ക് പോവാൻ സൗകര്യങ്ങളില്ലെന്നത് സർക്കാർ പരിഗണിക്കുന്നില്ല.
ആരോഗ്യമന്ത്രി അട്ടപ്പാടി സന്ദർശിച്ചതുകൊണ്ട് എന്ത് മാറ്റമാണ് വന്നത്. നോഡല്‍ ഓഫിസറെ ഇല്ലാത്ത യോഗത്തിനായി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ച ശേഷമാണ് മന്ത്രി അട്ടപ്പാടി സന്ദർശിച്ചത്. പദ്ധതികള്‍ ഏകോപിപ്പിക്കാന്‍ നോഡല്‍ ഓഫിസറോ മോണിറ്ററിങ് കമ്മിറ്റിയോ ഇല്ല. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് അട്ടപ്പാടിയിൽ നിരവധി പദ്ധതികൾ നടപ്പാക്കിയിരുന്നു.
ഉമ്മൻചാണ്ടി സർക്കാറിെൻറ നടപടികൾ ശിശുമരണം കുറക്കാൻ സഹായകമായി. ഈ സർക്കാറിെൻറ കാലത്ത് അതെല്ലാം നിന്നുപോയി. സഹകരണ വകുപ്പ് വഴി പെരിന്തൽമണ്ണയിലെ ആശുപത്രിക്ക് 12 കോടി നൽകിയത് മൂന്നുകൊല്ലം കൊണ്ട് തീർന്നതായാണ് വിവരം.
ആദിവാസികളെ മറയാക്കി ആശുപത്രി കൊള്ള നടത്തിെയന്നും പ്രതിപക്ഷനേതാവ് ആരോപിച്ചു. രാഷ്ട്രീയ വിഷയമെന്നതിലപ്പുറം പരിഹാരം കാണേണ്ട സാമൂഹിക പ്രതിസന്ധിയായാണ് ആദിവാസി ശിശുമരണങ്ങളെ കാണുന്നത്. പ്രതിപക്ഷം വിഷയത്തിൽ കൂടുതൽ ജാഗ്രത പുലർത്തുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.