‘ജാതി സർവേ നടത്താത്തതെന്തേ?’’ -കേരളത്തോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: കേരളത്തിൽ പിന്നാക്ക സംവരണം ലഭിക്കുന്നത് അർഹതപ്പെട്ട സമുദായങ്ങൾക്കാണെന്ന് ഉറപ്പുവരുത്താൻ വിവിധ സമുദായങ്ങൾക്ക് സർക്കാർ സർവിസിലുള്ള പ്രാതിനിധ്യമറിയാൻ സംസ്ഥാന സർക്കാർ ജാതി സർവേ നടത്താത്തത് എന്തുകൊണ്ടാണെന്ന് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച്.
സമുദായങ്ങളുടെ പ്രാതിനിധ്യ കണക്ക് കിട്ടാൻ ജാതി സെൻസസ് നടത്തേണ്ടത് തങ്ങളല്ലെന്നും കേന്ദ്ര സർക്കാറാണെന്നും മറുപടി നൽകി സംസ്ഥാന സർക്കാർ ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറി. ‘മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ്’ ചെയർമാൻ വി.കെ. ബീരാൻ സമർപ്പിച്ച ഹരജി പരിഗണിച്ചപ്പോഴാണ് ബെഞ്ചിന്റെ ചോദ്യവും കേരളത്തിന്റെ ഒഴിഞ്ഞുമാറ്റവും.
ഹരജിക്കാരനായ വി.കെ. ബീരാനുവേണ്ടി മകനും അഭിഭാഷകനുമായ ഹാരിസ് ബീരാൻ ഹാജരായി. കഴിഞ്ഞ 75 വർഷമായി കേരളത്തിലെ പിന്നാക്ക സംവരണ പട്ടിക പുതുക്കാത്തതുമൂലം സംവരണത്തിന്റെ ആനുകൂല്യം കിട്ടുന്നത് ഒരു വിഭാഗത്തിന് മാത്രമാണെന്നും അർഹരായ മറ്റു സമുദായങ്ങൾക്ക് നിഷേധിക്കപ്പെടുകയാണെന്നും ഹാരിസ് ബീരാൻ ബോധിപ്പിച്ചു. അതിന് കൃത്യമായ കണക്ക് വേണമെന്ന് ജസ്റ്റിസ് ഗവായ് ചൂണ്ടിക്കാട്ടി.
ആ കണക്ക് കിട്ടാൻ ജാതി സർവേ നടത്തണമെന്നും എന്നാൽ കേരളം അത് നടത്തുന്നില്ലെന്നും ഹാരിസ് ബീരാൻ മറുപടി നൽകി. അപ്പോഴാണ് പുതിയ സ്ഥിതി വിവരക്കണക്കിനായി കേരളം എന്തുകൊണ്ടാണ് സർവേ നടത്താത്തതെന്ന് ജസ്റ്റിസ് ഗവായ് ചോദിച്ചത്.
കേന്ദ്ര സംസ്ഥാന സർക്കാറുകൾ പരസ്പരം പഴി ചാരുകയാണെന്നും കേരളത്തിന്റെ ചീഫ് സെക്രട്ടറിയോട് ഓൺലൈൻ ആയെങ്കിലും ഹാജരാകാൻ ആവശ്യപ്പെടണമെന്നും ഹാരിസ് ബീരാൻ പറഞ്ഞപ്പോൾ ചീഫ് സെക്രട്ടറിക്കായി മുതിർന്ന അഭിഭാഷകൻ ജയ്ദീപ് ഗുപ്ത ഹാജരാകുന്നുണ്ടെന്നും അത് മതിയെന്നും ബെഞ്ച് പ്രതികരിച്ചു. അഡീഷണൽ സോളിസിസ്റ്റർ ജനറൽ കെ.എം. നടരാജൻ വരാതിരുന്നതുമൂലം ഹരജി വീണ്ടും പരിഗണിക്കാനായി ജനുവരി രണ്ടാം വാരത്തിലേക്ക് മാറ്റി.
ഇന്ദിര സാഹ്നി കേസിലെ സുപ്രീംകോടതി വിധി നിർദേശിക്കുന്നത് സംവരണ പട്ടിക കൃത്യമായ ഇടവേളകളിൽ അവലോകനം ചെയ്യണമെന്നും പിന്നാക്ക അവസ്ഥയിൽനിന്ന് മറികടന്ന വിഭാഗങ്ങളെ ഒഴിവാക്കി പുതിയ വിഭാഗങ്ങളെ ഉൾപ്പെടുത്തണമെന്നുമാണ്. എന്നാൽ, ഈ നിർദേശം കേരളം നടപ്പിലാക്കുന്നില്ലെന്നാണ് വി.കെ. ബീരാൻ ഹരജിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.