ബി.ജെ.പിക്കെതിരായ നിലപാട് സി.പി.എമ്മിനെ അസ്വസ്ഥമാക്കുന്നത് എന്തിന്? -പി. മുജീബുറഹ്മാൻ
text_fieldsതിരുവനന്തപുരം: ജമാഅത്തെ ഇസ്ലാമി സി.പി.എമ്മിന് എന്നുമുതലാണ് ഭീകരവാദ പ്രസ്ഥാനമായതെന്നും മൂന്ന് പതിറ്റാണ്ടുകാലം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണവാങ്ങി ജയിച്ചശേഷമാണ് ഈ പ്രസ്ഥാനത്തെ ആർ.എസ്.എസിനോട് സമീകരിക്കുന്നതെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. ജി.ഐ.ഒ ദക്ഷിണ മേഖല സമ്മേളനം പുത്തരിക്കണ്ടം മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ രണ്ട് മണ്ഡലങ്ങളിലും രാജസ്ഥാനിലെ ഒരു മണ്ഡലത്തിലും സി.പി.എം സ്ഥാനാർഥികൾ വിജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയാണ്. കേരളത്തിലെ സി.പി.എമ്മിന് ആർ.എസ്.എസിനേക്കാളും ജമാഅത്തെ ഇസ്ലാമിയെ പ്രശ്നവത്കരിക്കേണ്ടിവന്ന സാഹചര്യമെന്താണെന്ന് വിശദീകരിക്കണം.
യു.ഡി.എഫിന്‍റെ കൂടെ നിന്ന് ബി.ജെ.പിക്കെതിരെ ജമാഅത്തെ ഇസ്ലാമി പ്രവർത്തിച്ചുവെന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. യു.ഡി.എഫിനൊപ്പം നിന്ന് ബി.ജെ.പിക്കെതിരെ പ്രവർത്തിക്കുന്നതിൽ എന്തിനാണ് എം.വി. ഗോവിന്ദനും സി.പി.എമ്മും അസ്വസ്ഥമാകുന്നത്. ഇസ്ലാമോഫോബിയ ഉപയോഗിച്ച് കേരളത്തിന്‍റെ സാമൂഹിക സൗഹാർദത്തെ തകർക്കുന്ന ധ്രുവീകരണ രാഷ്ട്രീയമാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്.
മുനമ്പം വിഷയം മുൻനിർത്തി കേരളത്തിൽ ഇതര ന്യൂനപക്ഷങ്ങൾക്കിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ഹിന്ദുത്വ ഫാഷിസത്തിനേറ്റ പ്രഹരമാണ് പാലക്കാട്ടെ ജനവിധി. ജമാഅത്തെ ഇസ്ലാമിയെ നാട്ടക്കുറിയാക്കി മുസ്ലിം സമുദായത്തെ ഭീകരവത്കരിച്ചും അപരവത്കരിച്ചും വർഗീയധ്രുവീകരണത്തിന് ശ്രമിച്ച ഇടത്പക്ഷത്തിന് കൂടി ലഭിച്ച പ്രഹരമാണ് പാലക്കാട്ടേത്.
സംഘ്പരിവാറിന് അക്കൗണ്ട് തുറക്കാനുള്ള അന്തരീക്ഷമുണ്ടാകാൻ പാടില്ലെന്നായിരുന്നു പൊതു മതേതരസമൂഹം കൈക്കൊണ്ട തീരുമാനം. സംഘ്പരിവാറിനെ മാറ്റിനിർത്താനുള്ള പ്രവർത്തനത്തിൽ ജമാഅത്തെ ഇസ്ലാമിയും അതിന്‍റേതായ നിലപാടും സമീപനവും സ്വീകരിച്ചു. എന്നാൽ തെരഞ്ഞെടുപ്പ് തുടങ്ങിയ അന്ന് മുതൽ ജമാഅത്തെ ഇസ്ലാമിയെ ഉന്നമിട്ടുള്ള നറേറ്റീവുകളാണ് ഇടത് പക്ഷത്തുനിന്നുണ്ടായത്. യു.ഡി.എഫുമായി ചേർന്നുനിന്ന് പ്രവർത്തിക്കുന്നുവെന്നായിരുന്നു ആദ്യ പ്രചാരണം. സന്ദീപ് വാര്യർ പാർട്ടി മാറിയതിന് പിന്നാലെ പാണക്കാടെത്തിയപ്പോൾ അതിന് പിന്നിലും ജമാഅത്തെ ഇസ്ലാമിയെന്നായി. വോട്ട് കഴിഞ്ഞപ്പോഴും ഫലം വന്നപ്പോഴുമെല്ലാം ഇതേ പല്ലവി തന്നെ.
സന്ദീപ് വാര്യർ പാർട്ടി മാറുന്നത് ജമാഅത്തെ ഇസ്ലാമിയുടെ കാര്യമേയല്ല. ഇടത് പക്ഷത്തിന് മതേതരത്വത്തിന്‍റേതായ പാരമ്പര്യമാണുള്ളത്. എന്നാൽ കുറച്ചുകാലമായി ഇടത് പക്ഷം കളിക്കുന്നത് വർഗീയ ധ്രുവീകരണത്തിന്‍റെ അപകടകരമായ രാഷ്ട്രീയത്തിനും അപകടകരമായ സോഷ്യൽ എൻജിനീയറിങ്ങിനുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.