എ.ഐ കാമറ ഇടപാടിൽ പ്രതിപക്ഷം എന്തുകൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി
text_fieldsതിരുവനന്തപുരം: വിവാദമായ എ.ഐ കാമറ ഇടപാടിൽ പ്രതിപക്ഷം എന്തു കൊണ്ട് കോടതിയെ സമീപിക്കുന്നില്ലെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കാമറ ഇടപാടിൽ അഴിമതി നടന്നിട്ടില്ല. നടപടിക്രമങ്ങളിൽ വീഴ്ചയുണ്ടായോ എന്ന് സർക്കാർ പരിശോധിക്കുകയാണ്. മുഖ്യമന്ത്രിയെയും കുടുംബത്തെയും താറടിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി ആന്‍റണി രാജു ആരോപിച്ചു.
കാമറ വിവാദത്തിന് പിന്നിൽ വ്യവസായികളുടെ കുടിപ്പകയാണ്. അതിന് പ്രതിപക്ഷം കൂട്ടുനിൽക്കുകയാണ്. പ്രതിപക്ഷത്തിന്‍റെ ഫാക്ടറിയിലുണ്ടാക്കുന്ന നുണക്കഥകൾ തകർന്നു വീഴും. ആക്ഷേപം ഉന്നയിക്കുന്ന കമ്പനികൾ എന്തു കൊണ്ട് കോടതിയിൽ പോയില്ലെന്നും ആന്‍റണി രാജു ചോദിച്ചു.
പുതിയ ധാരണാപത്രം പിഴ ചുമത്തുന്നതിന് ബാധകമല്ല. കെൽട്രോണിന് പണം നൽകാൻ ഇനിയും സമയമുണ്ട്. അപ്പോഴേക്കും ധാരണാപത്രം ഒപ്പുവെക്കും. 2012ൽ യു.ഡി.എഫ് 100 കാമറകൾ സ്ഥാപിച്ചതിന് 40 കോടി രൂപക്ക് മുകളിലാണ് ചെലവ്. യു.ഡി.എഫ് കാലത്ത് കെൽട്രോൺ നടത്തിയ മാതൃകയിലാണ് ഇപ്പോഴും ടെൻഡർ വിളിച്ചതെന്നും മന്ത്രി ആന്‍റണി രാജു ചൂണ്ടിക്കാട്ടി.
കഴിഞ്ഞ സർക്കാറിന്‍റെ കാലത്ത് ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവിന്‍റെ സ്ഥാനം ഇപ്പോൾ എവിടെയാണ്. അതേസാഹചര്യം ഇപ്പോഴത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാകുമെന്നും ആന്‍റണി രാജു പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.