ഒരു ഡോക്യുമെന്ററിയെ എന്തിനാണ് ഭയക്കുന്നത് ?
text_fieldsബഹുസ്വരതയും മതേതരത്വവും തകര്‍ത്ത് രാജ്യത്ത് അശാന്തി പടര്ത്തൽ ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും പ്രഖ്യാപിത നയമാണ്. അതിന്റെ ഭാഗമായി അവര്‍ ആസൂത്രണംചെയ്തതാണ് ഗുജറാത്തിലെ ന്യൂനപക്ഷ വംശഹത്യ.
നിയമത്തെയും നീതിയെയും നോക്കുകുത്തിയാക്കി നിസ്സഹായരും നിഷ്കളങ്കരുമായ മുസ്ലിം സഹോദരങ്ങളെ വര്‍ഗീയ വെറിപൂണ്ട സംഘ്പരിവാര്‍ ആക്രമികള്‍ ചുട്ടെരിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതിന്റെ പാപക്കറ കഴുകിക്കളയാന്‍ ഗംഗാജലം മുഴുവന്‍ ഉപയോഗിച്ചാലും കഴിയില്ല. മോദിയും അമിത്ഷായും ഇപ്പോള്‍ കോടികള്‍ പൊടിച്ച് കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന പ്രതിച്ഛായയെ അത് കാലമെത്ര കഴിഞ്ഞാലും വേട്ടയാടിക്കൊണ്ടിരിക്കും.
കുടുംബത്തിലെ പുരുഷന്മാരെ അതിക്രൂരമായി കൊന്നുതള്ളിയും, സ്ത്രീകളെ ബലാത്സംഗംചെയ്തും ഗുജറാത്തില്‍ നടത്തിയ അതിക്രമങ്ങള്‍ക്ക് സമാനതകളുള്ളത് ഹിറ്റ്ലറുടെ ജര്‍മനിയിലാണ്. മാറില്‍ ഭയന്ന് വിറച്ചു മുഖംപൊത്തി കരഞ്ഞ മൂന്ന് വയസ്സുകാരിയായ കുഞ്ഞിനെ പാറക്കല്ലിലെറിഞ്ഞു കൊന്നശേഷമാണ് ബില്‍ക്കീസ് ബാനു എന്ന യുവതിയെ സംഘ്പരിവാറുകാര്‍ ബലാത്സംഗത്തിനിരയാക്കിയത്.
ആ കുറ്റത്തിന് കോടതി ശിക്ഷിച്ച 11 പ്രതികൾക്ക് ശിക്ഷ ഇളവ് ചെയ്തുകൊടുത്ത് ആര്‍പ്പു വിളിച്ചു സ്വീകരിച്ച ചരിത്രവും ഇവര്‍ക്കു സ്വന്തം. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂരതകള്‍ക്ക് നേതൃത്വം നല്കിയ, വെറുപ്പിന്റെ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന സംഘ്പരിവാറാണ് ഇന്ന് രാജ്യം ഭരിക്കുന്നത്.
ചരിത്രം വളച്ചൊടിച്ചും അപനിർമിച്ചും തലമുറകളെ തെറ്റിദ്ധരിപ്പിച്ചും രാജ്യം ഭരിക്കുന്നവർക്ക് തങ്ങള്‍ നേതൃത്വം നല്കിയ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ നടന്ന ഗുജറാത്ത് വംശഹത്യയുടെ ചരിത്രം ലോകമറിയുന്നതില്‍ ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്.
2002ലെ ഗുജറാത്ത് വംശഹത്യക്ക് വഴിയൊരുക്കിയ അക്രമങ്ങള്‍ സംഘ്പരിവാര്‍ ശക്തികള്‍ മുന്‍കൂട്ടി ആസൂത്രണംചെയ്തതായിരുന്നു. ഗോധ്രയിലെ ട്രെയിന്‍ തീവെപ്പും അതിന്റെ ഭാഗമായിരുന്നു. ഇതെല്ലാം ചരിത്രവസ്തുതകളാണ്. ആ ഭൂതകാലം ഓർമിക്കാനുള്ള ഭയം മൂലമാണ് ഡോക്യുമെന്ററിക്കെതിരെ സംഘപരിവാരങ്ങള്‍ ഇറങ്ങിത്തിരിച്ചത്.
നരേന്ദ്ര മോദിയും ബി.ജെ.പി ഭരണകൂടവും സംഘ്പരിവാറും വിലക്ക് കൽപിച്ച ഗുജറാത്ത് വംശഹത്യയുടെ നേര്‍ചിത്രം വരച്ചുകാട്ടുന്ന ബി.ബി.സിയുടെ ഡോക്യുമെന്ററി സംസ്ഥാനത്ത് ഉടനീളം കോണ്‍ഗ്രസ് പ്രദര്‍ശിപ്പിക്കും. അത് കോണ്‍ഗ്രസ് തുടങ്ങിക്കഴിഞ്ഞു. സംഘ്പരിവാര്‍ ഉയര്‍ത്തുന്ന വെല്ലുവിളിയെ സധൈര്യം നേരിടാനും ചെറുത്തു തോൽപിക്കാനും കോണ്‍ഗ്രസ് ആശയങ്ങള്‍ക്ക് മാത്രമേ സാധിക്കൂ.
ഒരു വിദേശമാധ്യമം പുറത്തുവിടുന്നു എന്നതുകൊണ്ട് മാത്രം ഒരു ഡോക്യുമെന്ററിയെ രാജ്യവിരുദ്ധമായി കണക്കാക്കേണ്ടതില്ല. മാധ്യമധര്‍മത്തിന്റെ അടിസ്ഥാന മൂല്യം മാനവികതയാണ്. അതിനു രാജ്യാതിര്‍ത്തികള്‍ ബാധകമല്ല.
മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ നരേന്ദ്ര മോദി മറന്നുപോകാന്‍ പാടില്ലാത്ത ഒരു ഭരണഘടനാ തത്ത്വമുണ്ട്, പത്രപ്രവര്‍ത്തനം നടത്താനുള്ള മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തില്‍ മാത്രമല്ല സത്യമറിയാനുള്ള ജനങ്ങളുടെ അവകാശത്തിലുമാണ് ഇന്ത്യ മുന്നോട്ടുവെക്കുന്ന മാധ്യമസ്വാതന്ത്ര്യം വേരൂന്നിയിരിക്കുന്നത്. അത് ലംഘിക്കുമ്പോള്‍ വെല്ലുവിളിക്കപ്പെടുന്നത് ജനങ്ങളുടെ പരമാധികാരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.