സംസ്ഥാനത്ത് വ്യാപക സംഘർഷം
text_fieldsതിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധമുണ്ടായതിനു പിന്നാലെ, സംസ്ഥാനത്ത് വ്യാപക സംഘർഷം. കണ്ണൂർ,കോഴിക്കോട്, എറണാകുളം, കോട്ടയം തുടങ്ങിയ ജില്ലകളിലാണ് സംഘർഷം നടന്നത്. തിരുവനന്തപുരത്ത് കോ ൺഗ്രസ് ആസ്ഥാനമായ ഇന്ദിര ഭവനു നേരെ ആക്രമണം.
രാത്രി ഏഴരയോടെ മുതിർന്ന നേതാവ് എ.കെ. ആന്‍റണി ഓഫിസിൽ ഉണ്ടായിരുന്നപ്പോഴാണ് ഒരു സംഘം സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചെത്തി അക്രമം അഴിച്ചുവിട്ടത്. കാർ ഉൾപ്പെടെ മൂന്ന് വാഹനങ്ങളുടെ ചില്ലുകൾ തകർത്തു. സംഭവത്തിന് പിന്നാലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സ്ഥലത്തെത്തി ഓഫിസിന് സുരക്ഷ ഏർപ്പെടുത്തി. ഓഫിസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ഫ്ലക്സുകൾ തകർത്ത അവർ കല്ലും കമ്പും വലിച്ചെറിഞ്ഞു. ചിലർ ഓഫിസ് കോമ്പൗണ്ടിലേക്കും കടന്നുകയറി.
നേരത്തേ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ എം.ജി റോഡിന് ഇരുവശത്തുമുണ്ടായിരുന്ന കോൺഗ്രസിന്‍റെ ബോര്‍ഡുകളും മറ്റും നശിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇന്ദിരഭവന് മുന്നിൽ അക്രമം അരങ്ങേറിയത്. സംഭവത്തിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഉൾപ്പെടെ നേതാക്കളും പ്രവർത്തകരും സ്ഥലത്തെത്തി. അക്രമവുമായി സി.പി.എം മുന്നോട്ടുപോയാൽ പ്രതിരോധിക്കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകിയ അദ്ദേഹം, പാർട്ടി ആസ്ഥാനത്തിന് നേരെയുണ്ടായ അക്രമത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുമെന്ന് അറിയിച്ചു.
സുധാകരന്‍റെ പ്രഖ്യാപനത്തിന് പിന്നാലെ കോൺഗ്രസ്-യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി സമീപത്തുള്ള വി.കെ. പ്രശാന്തിന്‍റെ ഓഫിസിലേക്ക് നീങ്ങിയതോടെ സംഘർഷം ഉടലെടുത്തു. തടഞ്ഞ പൊലീസുമായി പ്രവർത്തകർ ഏറ്റുമുട്ടി. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഘർഷത്തെതുടർന്ന് വെള്ളയമ്പലം-ശാസ്തമംഗലം റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. രാത്രി ഒമ്പതരയോടെ സി.പി.എം പ്രവർത്തകർ വീണ്ടും കെ.പി.സി.സി ആസ്ഥാനത്തേക്ക് പ്രകടനമായെത്തി. ഇവരെ നേരിടാൻ കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചതോടെ സംഘർഷം ഉടലെടുത്തു. വൻ പൊലീസ് സന്നാഹമെത്തി നിലയുറപ്പിച്ചതോടെയാണ് സംഘർഷത്തിന് അയവുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.