മദ്യനയത്തിന് വ്യാപക വിമർശനം: എതിർപ്പ് ഭരണപക്ഷത്തും
text_fieldsതിരുവനന്തപുരം: സർക്കാറിന്‍റെ പുതിയ മദ്യനയത്തിനെതിരെ ഇടതുമുന്നണിയിൽ നിന്നുൾപ്പെടെ എതിർപ്പ് ശക്തം. പ്രതിപക്ഷ പാർട്ടികൾക്ക് പുറമെ സി.പി.ഐയുടെ ട്രേഡ് യൂനിയൻ സംഘടനയായ എ.ഐ.ടി.യു.സിയും മദ്യനയത്തിനെതിരെ പരസ്യമായി രംഗത്തെത്തി. അതിനെ സി.പി.ഐയിലെ പല പ്രമുഖരും പരോക്ഷമായി പിന്തുണച്ചു. കോൺഗ്രസും ബി.ജെ.പിയും മദ്യനയത്തെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട്. യാതൊരു കൂടിയാലോചനയും കൂടാതെയുള്ള ഈ മദ്യനയം അഴിമതി നടത്താനാണെന്ന ആരോപണമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉന്നയിച്ചത്. മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകി.
ഇടത് സർക്കാർ നയത്തിന് വിരുദ്ധമായ മദ്യനയം പുനഃപരിശോധിക്കണമെന്ന് എ.ഐ.ടി.യു.സി ജന.സെക്രട്ടറി കെ.പി. രാജേന്ദ്രൻ ആവശ്യപ്പെട്ടു. വിദേശ മദ്യഷാപ്പുകളെ പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല. ഐ.ടി മേഖലയിൽ മദ്യം വിൽക്കാനുള്ള നീക്കം പ്രശ്നം സൃഷ്ടിക്കും. മദ്യാസക്തിയിൽ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കണം. വിദേശ മദ്യഷാപ്പുകൾ കൂട്ടുന്നത് ഇതിന് തിരിച്ചടിയാകും. കള്ള് ചെത്ത് തൊഴിലാളി മേഖലയെ സംരക്ഷിക്കണമെന്നും പൂട്ടിയ കള്ള് ഷാപ്പുകൾ തുറക്കണമെന്നും ഷാപ്പുകളുടെ ദൂരപരിധി എടുത്ത് കളയണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു. കെ.പി. രാജേന്ദ്രന്‍റെ നിലപാടിനെ മുതിർന്ന സി.പി.ഐ നേതാവ് ബിനോയ് വിശ്വവും പിന്തുണച്ചു.
സർക്കാർ തീരുമാനം അഴിമതിക്ക് വേണ്ടിയാണെന്ന വിമർശനമാണ് വി.ഡി. സതീശൻ ഉന്നയിച്ചത്. സംസ്ഥാനത്ത് ബ്രൂവറി കൊണ്ടുവരാനാണ് ശ്രമം. തുടർഭരണം കിട്ടിയതിന്‍റെ അഹങ്കാരമാണിതെന്നും അദ്ദേഹം ആരോപിച്ചു. സർക്കാറിന്‍റെ മദ്യനയം പിൻവലിക്കണമെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസും ആവശ്യപ്പെട്ടു. എന്നാൽ മദ്യനയത്തെ ന്യായീകരിക്കുകയാണ് മന്ത്രി എം.വി. ഗോവിന്ദൻ. പുതിയ മദ്യനയം വരുന്നതോടെ കേരളത്തിലെ കാർഷിക മേഖലയിൽ വലിയ മുന്നേറ്റത്തിന് കാരണമാകുമെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. സിൽവർ ലൈനിനെ എതിർക്കുന്നത് പോലെയാണ് പ്രതിപക്ഷത്തിന്‍റെ മദ്യ നയത്തോടുമുള്ള വിമർശനം. ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ഒഴിവാക്കാനുള്ള നടപടിയാണ് കൂടുതൽ ഔട്ട്ലെറ്റുകൾ. ഇത് മദ്യപരുടെ നാടെന്ന വിമർശനം മാറ്റുമെന്നും മന്ത്രി പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.