എറണാകുളം കലക്ടർക്ക് ഫേസ്ബുക്കിലും പൊങ്കാല 'പ്രളയം'
text_fieldsകൊച്ചി: എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകാൻ വൈകിയ കലക്ടർ രേണുരാജിന് സോഷ്യൽ മീഡിയയിൽ പൊങ്കാല പ്രളയം. കനത്തമഴയിൽ ജില്ലയിൽ മഴക്കെടുതി വ്യാപകമായതിനെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനിടയിലാണ് സോഷ്യൽ മീഡിയയിൽ പ്രതിഷേധ പ്രളയം നിറഞ്ഞത്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വന്നത്.
'കലക്ടർക്ക് ഉത്തരവാദിത്തമില്ല, മഴ കാരണം കലക്ടർ ഉറങ്ങിപ്പോയതാണ്' തുടങ്ങിയവയായിരുന്നു പ്രതികരണങ്ങൾ. 'കുട്ടികളെ സ്കൂളുകളിലേക്ക് വിടുന്നതിന് മുമ്പെങ്കിലും കലക്ടർ അവധി പ്രഖ്യാപിക്കാൻ ശ്രമിക്കണം' രക്ഷിതാക്കൾ പോസ്റ്റിന് താഴെ കുറിച്ചു.
എന്നാൽ, വിമർശനം കനത്തതോടെ വിശദീകരണവുമായി കലക്ടറെത്തി. രാത്രിയിൽ ആരംഭിച്ച മഴ ഇപ്പോഴും നിലക്കാതെ തുടരുന്നതിനാലും അപകടങ്ങൾ ഒഴിവാക്കുന്നതിനുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിനകം പ്രവർത്തനം ആരംഭിച്ച സ്കൂളുകൾ അടക്കേണ്ടതില്ല. സ്കൂളുകളിലെത്തിയ വിദ്യാർഥികളെ തിരിച്ചയക്കേണ്ടതില്ലെന്നും പുതിയ കുറിപ്പിൽ കലക്ടർ പറഞ്ഞു.
മഴക്ക് പിന്നാലെ കലക്ടറുടെ നടപടി കൂടിയായതോടെ വലഞ്ഞത് വിദ്യാർഥികളും രക്ഷിതാക്കളുമാണ്. ചില സർക്കാർ സ്കൂളുകളിൽ കുട്ടികൾക്കുള്ള ഉച്ചഭക്ഷണമൊരുക്കാനുള്ള പ്രവർത്തനങ്ങളും ആരംഭിച്ചിരുന്നു. 100ഉം 150ഉം വിദ്യാർഥികൾക്ക് ഉച്ചഭക്ഷണമൊരുക്കിയ സ്കൂളുകൾ ഭക്ഷണം പുറത്തുള്ളവർക്ക് സൗജന്യമായി വിതരണം ചെയ്യേണ്ടി വന്നു.
തൃപ്പൂണിത്തുറയിൽ ഗവ. ഗേൾസ് സ്കൂളുകളിൽ 100 മുതൽ 150 വരെ പേർക്കുള്ള പ്രാതലാണ് ബാക്കിയായത്. ഇവ പിന്നീട് പ്രദേശത്തെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവക്ക് നൽകി. വടവുകോട് സ്കൂളിൽ 800 കുട്ടികൾക്കായി തയാറാക്കിയ ഭക്ഷണവും ബാക്കി വന്നു.അതേസമയം, വെള്ളിയാഴ്ച അവധിയാണെന്ന് കലക്ടർ നേരത്തേതന്നെ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.