മഴയിലും കാറ്റിലും ശ്രീകൃഷ്ണപുരം മേഖലയിൽ വ്യാപക നാശം
text_fieldsശ്രീകൃഷ്ണപുരം: കഴിഞ്ഞദിവസങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശം. ശക്തമായ ഇടിമിന്നലോട് കൂടിയാണ് മഴ പെയ്തത്. നിരവധി സ്ഥലങ്ങളിൽ മരം കടപുഴകി വാഹന ഗതാഗതം തടസ്സപ്പെട്ടു. മരം വീണ് 12 വൈദ്യുതി കാലുകൾ പൊട്ടിവീണു. വൈദ്യുതി വിതരണം തടസ്സപ്പെട്ടതോടെ പല പ്രദേശങ്ങളും കൂരിരുട്ടിലായി. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്തിലെ പുഞ്ചപ്പാടത്ത് വ്യാപകമായ കൃഷി നാശമുണ്ടായി. നൂറുകണക്കിന് വാഴകൾ കടപുഴകി.
പുഞ്ചപ്പാടത്ത് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. മണ്ണമ്പറ്റ ആലംപാടത്ത് രാമെൻറ മകൾ രുക്മിണിയുടെ വീടിന് മുകളിൽ മരക്കൊമ്പ് വീണ് കേടുപറ്റി. പാതയോരത്തെ മാവിെൻറ കൊമ്പാണ് വീടിന് മുകളിലേക്ക് പൊട്ടിവീണത്. കാഞ്ഞിരംപാറ കൂരിയാട്ടുതൊടി നാരായണൻകുട്ടിയുടെ തൊഴുത്തിന് മുകളിൽ മരം വീണ് മേൽക്കൂര തകർന്നു. മണ്ണമ്പറ്റ ഇരടികുന്ന് നാരായണൻ, കൃഷ്ണൻകുട്ടി, ഗോപാലൻ എന്നിവരുടെ 800ഓളം വാഴകൾ നിലംപൊത്തി.
തിരുവാഴിയോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തെ ആൽമരക്കൊമ്പ് നിർത്തിയിട്ട കാറിന് മുകളിൽ വീണ് കാർ പൂർണമായി തകർന്നു. ജി.കെ. പ്രിേൻറഴ്സ് ഉടമ കിണാശ്ശേരി പട്ടുതൊടി ഗോപിയുടെ കാറിന് മുകളിലാണ് മരക്കൊമ്പ് വീണത്. ആ സമയത്ത് അതുവഴി വന്ന ബൈക്ക് യാത്രക്കാരൻ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കോങ്ങാട്ടുനിന്നുള്ള അഗ്നിശമനസേനയും ശ്രീകൃഷ്ണപുരം പൊലീസും കെ.എസ്.ഇ.ബി ജീവനക്കാരും വ്യാപാരികളും നാട്ടുകാരും ചേർന്ന് ഗതാഗത തടസ്സം നീക്കിയാണ് കാർ പുറത്തെടുത്തത്.
ശ്രീകൃഷ്ണപുരം ആറ്റുപുറത്ത് പുത്തൻവീട്ടിൽ സുകുമാരൻ നായരുടെ അമ്പതോളം റബർ മരങ്ങൾ കടപുഴകി. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് അംഗം ജയശ്രീയുടെ വീടിന് മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.