കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; മരം കടപുഴകി, വീടുകളിൽ വെള്ളം കയറി, കുടുംബങ്ങൾ ഒറ്റപ്പെട്ടു
text_fieldsതിരുവനന്തപുരം: കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് നാശനഷ്ടം റിപ്പോർട്ട് ചെയ്തത്.
തൃശൂർ പെരിങ്ങാവിൽ കനത്ത മഴയിലും കാറ്റിലും വലിയ മരം കടപുഴകി റോഡിൽ വീണു. പ്രദേശവാസി ഫ്രാൻസിസിന്‍റെ വീട്ടുമുറ്റത്ത് നിന്ന പഴക്കമുള്ള മാവാണ് കടപുഴകി വീണത്. പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം.
ഇതേതുടർന്ന് പെരിങ്ങാവ്- ഷൊർണൂർ കണക്ഷൻ റോഡിൽ ഗതാഗതം തടസപ്പെട്ടു. മരം മുറിച്ചുനീക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രദേശത്ത് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു.
ആലപ്പുഴ ചേർത്തലയിൽ മത്സ്യവിൽപനശാലക്ക് മുകളിൽ തെങ്ങ് കടപുഴകി വീണു. കട പൂർണമായി തകർന്നിട്ടുണ്ട്. കട തുറക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. തെങ്ങ് നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് നാട്ടുകാർ.
ആലപ്പുഴയിലെ ചേർത്തല, മാന്നാർ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിനടിയിലാണ്. ഹരിപ്പാട് കരുവാറ്റയിൽ ദേശീയപാതയോട് ചേർന്നുള്ള പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി. ദേശീയപാത നിർമാണത്തെ തുടർന്ന് രൂപംകൊണ്ട കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുകയാണ്. ഈ വെള്ളമാണ് വീടുകളിലേക്ക് ഒഴുകുന്നത്.
പത്തനംതിട്ടയിൽ കനത്ത മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിലെ കോസ് വേകളിൽ വെള്ളം കയറി. പമ്പാ നദിയുടെ തീരത്തുള്ള കുറുമ്പമൂഴി, മുക്കം കോസ് വേകളാണ് വെള്ളത്തിൽ മുങ്ങിയത്. കുറുമ്പൻമൂഴിയിൽ 250ഓളം കുടുംബങ്ങൾ ഒറ്റപ്പെട്ടതായും വിവരമുണ്ട്. റാന്നി ചുങ്കപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. 27 അംഗ എൻ.ഡി.ആർ.എഫ് സംഘം തിരുവല്ലയിൽ എത്തിയിട്ടുണ്ട്.
കോട്ടയത്ത് കനത്ത മഴയിൽ വീട് ഇടിഞ്ഞുവീണു. വെച്ചൂർ ഇടയാഴം സ്വദേശി സതീശന്‍റെ വീടാണ് നിലംപതിച്ചത്. വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു. വലിയ ശബ്ദം കേട്ടതോടെ വീട്ടുകാർ പുറത്തേക്ക് ഓടുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് സംഭവം.
അതിനിടെ, മണിമല, മീനച്ചിൽ ആറുകളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. തുടർച്ചയായി മഴ പെയ്താൽ ജില്ലയിലെ കിഴക്കൻ മേഖലയിൽ ഉരുൾപൊട്ടലിന് സാധ്യതയുണ്ട്.
പുനലൂർ കുന്നിക്കോട് വീടിന് മുകളിലേക്ക് മരം വീണു. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ വെള്ളം കയറി. കൊല്ലം ചെങ്കോട്ട പാതയിൽ മരം വീണ് ഗതാഗതം തടസപ്പെട്ടതായും റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.